വിദേശ കോഴ്സിന് തുല്യത: ചുമതല യുജിസിയിലേക്ക്

Mail This Article
ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കു തുല്യതാ സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതല യുജിസിയെ ഏൽപിക്കുന്നു. യുജിസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള നിർദേശം കേന്ദ്രസർക്കാർ നൽകിയതായാണു വിവരം.
1925 ൽ രൂപീകൃതമായതു മുതൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസാണ് (എഐയു) തുല്യത നിർണയിക്കുന്നത്. എന്നാൽ, ഈ ചുമതല യുജിസി ഏറ്റെടുക്കുന്നതാകും ഉചിതമെന്നു ചെയർമാൻ എം.ജഗദേഷ് കുമാർ നിർദേശം വച്ചിരുന്നു. ഇക്കാര്യത്തിൽ കരട് മാർഗരേഖയും പ്രസിദ്ധീകരിച്ചു. യുജിസി, എഐയു അധികൃതരുമായി വിദ്യാഭ്യാസ മന്ത്രാലയം ചർച്ചയും നടത്തിയിരുന്നു. എഐയു സ്വകാര്യ സംഘടനയാണെന്നും ഇത്തരം ചുമതലകൾ ഇവരെ ഏൽപിക്കാൻ സാധിക്കില്ലെന്നുമാണു കേന്ദ്രത്തിന്റെ നിലപാട്.
വിദേശത്തു പൂർത്തിയാക്കുന്ന ഫുൾടൈം റഗുലർ കോഴ്സുകൾക്കാണ് എഐയു അംഗീകാരം നൽകുന്നത്. രാജ്യത്തെ 1004 സർവകലാശാലകൾ എഐയുവിനു കീഴിലുണ്ട്.