ചൂട് കൂടും; പക്ഷേ, മൂന്നു ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

Mail This Article
വേനൽ അതിന്റെ തീഷ്ണത കാട്ടി മുന്നേറുന്നതിനിടെ ആശ്വാസമായി വേനൽ മഴയെത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ മൂന്നുജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴയെത്താൻ സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനൽ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളിൽ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പലജില്ലകളിലായി ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 2 ന് തൃശൂർ ജില്ലയിലായിരുന്നു ഉഷ്ണ തരംഗ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത്. പ്രദേശത്തെ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വർധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഉഷ്‌ണതരംഗം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ഏപ്രിൽ 2 മുതൽ ഏപ്രിൽ 4 വരെ കോഴിക്കോട് ജില്ലയിൽ സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഏപ്രിൽ 3, 4 തീയതികളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.