ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചു!

Mail This Article
വടക്കു കിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതിനാൽ തമിഴ്നാട്ടിൽ പരക്കെ ശക്തമായ മഴ ലഭിക്കുമെന്നു മേഖലാ കാലാവസ്ഥാ കേന്ദ്രം. ഇന്നും നാളെയും ശക്തമായ മഴ തുടരും. 20നു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 23 വരെ ചെന്നൈ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ കനത്ത മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ പറഞ്ഞു.
കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, തൂത്തുക്കുടി ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും ഇന്ന് ഇടിയോടു കൂടിയ അതിശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, അരിയലൂർ, പെരമ്പലൂർ, തിരുവണ്ണാമലൈ, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, മധുര, ശിവഗംഗ, വിരുദുനഗർ, രാമനാഥപുരം, തിരുനെൽവേലി ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ ശക്തമായ മഴ ലഭിക്കും.
ചെന്നൈയിൽ ഗിണ്ടി, മീനമ്പാക്കം, നുങ്കംപാക്കം, അഡയാർ, മൈലാപ്പൂർ, റോയപ്പേട്ട, കേളമ്പാക്കം, താംബരം, ക്രോംപെട്ട്, ട്രിപ്ലിക്കേൻ, സെൻട്രൽ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. മഴയെ തുടർന്നു ചെന്നൈയിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി. നഗരത്തിൽ വെള്ളക്കെട്ടു തടയാൻ എല്ലാ നടപടികളും സ്വീകരിച്ചതായി കോർപറേഷൻ വ്യക്തമാക്കി.
ചെന്നൈയിലും സമീപ ജില്ലകളിലും മഴ ലഭിച്ചതോടെ സംഭരണികളിൽ ജലനിരപ്പ് ഉയർന്നു. നഗരത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ചെമ്പരമ്പാക്കത്ത് ആകെ ശേഷിയുടെ 70% ജലം നിറഞ്ഞതായി മെട്രോ വാട്ടർ അതോറിറ്റി അറിയിച്ചു. പൂണ്ടി, ഷോളവാരം, റെഡ്ഹിൽസ്, ചെമ്പരമ്പാക്കം സംഭരണികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ജലമുണ്ട്. അടുത്ത ഓഗസ്റ്റ് വരെ വിതരണം ചെയ്യാനുള്ള ജലം സംഭരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നു മേഖലാ കാലാവസ്ഥാ കേന്ദ്രം.
പുതുക്കോട്ട, നാഗപട്ടണം, രാമനാഥപുരം, ശിവഗംഗ, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴ ലഭിക്കും. കടലോര ജില്ലകളിലും, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ഇടിയോടു കൂടിയ മിതമായ മഴ ലഭിക്കും.
ചെന്നൈയിൽ ആകാശം മേഘാവൃതമായിരിക്കും ചിലയിടങ്ങളിൽ മിതമായ മഴയ്ക്കു സാധ്യത. കടൽക്കാറ്റിനു വേഗം കൂടാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
English Summary: Heavy rain bands move to southern parts of Tamil Nadu