121 അടി ഉയരം, 70,000 കിലോ ഭാരം; ഭൂമിയിൽ ജീവിച്ചിരുന്ന വമ്പൻ ജീവി
Mail This Article
ഇന്ന് നമ്മുടെ ഭൂമിയിലെ ഏറ്റവും വലിയ ജീവിയെക്കുറിച്ച് ചോദിച്ചാൽ സംശയമേതുമില്ലാതെ പറയാം, അത് നീലത്തിമിംഗലമാണ്. 34 മീറ്ററോളം നീളവും ഒന്നരലക്ഷം കിലോഗ്രാമിലധികം ഭാരവും ഈ വമ്പനുണ്ട്. ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ കരജീവി ആഫ്രിക്കൻ ആനയാണെന്നതും നമുക്കറിയാവുന്ന വസ്തുത. കരജീവികളുടെ ചരിത്രം പരിശോധിച്ചാൽ പല വമ്പൻ ജീവികളും ചരിത്രാതീത കാലയളവിൽ ഇവിടെ ജീവിച്ചിരുന്നു. ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളവയിൽ നമുക്കറിയാവുന്ന ഏറ്റവും വമ്പൻ ജീവിയായി പരിഗണിക്കപ്പെടുന്നത് പാറ്റഗോറ്റിറ്റൻ മേയോറം എന്ന ദിനോസറാണ്. 121 അടി നീളമുണ്ടായിരുന്ന ഈ ജീവിക്ക് എഴുപതിനായിരം കിലോഗ്രാമായിരുന്നു ഭാരം. ഏകദേശം 10 ആഫ്രിക്കൻ ആനകളുടെ ഭാരത്തിനു തത്തുല്യമാണിത്.
സെറോപോഡ് എന്ന ദിനോസർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് മേയോറം. വളരെ നീളമുള്ള കഴുത്തും നീളമുള്ള വാലുകളും തടിച്ചകാലുകളുമായിരുന്നു ഇവയുടെ പ്രത്യേകത. ഡിപ്ലോഡോക്കസ്, ബ്രോന്‌റോസോറസ്, പാറ്റോസോറസ് തുടങ്ങി പല ദിനോസർ വിഭാഗങ്ങളും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നതാണ്.
ഇന്നത്തെ കാലത്തെ അർജന്റീനയിലെ പ്രശ്‌സതമായ പാറ്റഗോണിയ മേഖലയിലായിരുന്നു മേയോറം ദിനോസറുകൾ ജീവിച്ചിരുന്നത്. അർജന്റീനോസോറസ് എന്ന മറ്റൊരു വമ്പൻ ദിനോസറും ഇവിടെത്തന്നെയായിരുന്നു താമസം. മേയോറത്തിനെ കണ്ടെത്തുന്നതിനു മുൻപ് അർജന്റീനോസോറസിനെയാണ് ലോകത്തെ ഏറ്റവും വലിയ ദിനോസറായി പരിഗണിച്ചിരുന്നത്.
2017ലാണ് മേയോറത്തിന്റെ ഫോസിലുകൾ പാറ്റഗോണിയയിൽ നിന്നു കണ്ടെത്തിയത്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലായിരുന്നു ഇവ ജീവിച്ചത്.
ദിനോസറുകളിൽ അതീവ വലുപ്പമുള്ള ജീവികളിൽ പലതും സസ്യാഹാരികളായിരുന്നു. മേയോറവും ഇങ്ങനെ തന്നെ. ഇന്നത്തെ കാലത്തെ ജിറാഫുകൾ അവലംബിക്കുന്നത് പോലെ വലിയ മരങ്ങളിൽ നിന്ന് ഇലകൾ പറിക്കാനായി തങ്ങളുടെ നീളമുള്ള കഴുത്ത് ഇവ ഉപയോഗിച്ചു. വളരെ പതിയെയായിരുന്നു ഇവയുടെ നടപ്പ്. ഇവയെ വേട്ടയാടാൻ തക്ക ശക്തിയുള്ള ജീവികൾ അന്നു മേഖലയിലില്ലാത്തതിനാൽ ഒന്നിനെയും പേടിക്കേണ്ട കാര്യം ഇവയ്ക്കുണ്ടായിരുന്നില്ല.