ആഫ്രിക്കൻ മരുഭൂമിയിലെ കണ്ണ് ഘടന; ഇത് മൺമറഞ്ഞ അറ്റ്ലാന്റിസിന്റെ ശേഷിപ്പോ?
Mail This Article
നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതും 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. മറ്റുള്ള നഗരങ്ങളിൽ പലതിനും അവശേഷിപ്പുകൾ ഉള്ളപ്പോൾ ഇതിന് മാത്രം തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഗരം മാത്രമാണ് അറ്റ്ലാന്റിസെന്ന് ലോകത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇന്നു വിധിക്കുമ്പോഴും ഇതിനെപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.
അറ്റ്ലാന്റിസിന്റെ ശേഷിപ്പുകളെന്ന നിലയിൽ പല ഭൗമഘടനകളും ദുരൂഹതാവാദികൾ മുന്നോട്ടുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖമാണ് ആഫ്രിക്കയിലെ ഐ ഓഫ് സഹാറ അഥവാ സഹാറയുടെ കണ്ണ് എന്ന ഘടന. പൊതുവായി ഒരു കേന്ദ്രമുള്ള അനേകം വൃത്തങ്ങളുള്ള ഘടനയാണ് ഈ സഹാറൻ അദ്ഭുതത്തിനുള്ളത്. ഈ ഘടനയ്ക്ക് അറ്റ്ലാന്റിസിന്റെ വിവരണവുമായുള്ള സാമ്യമാണ് ഈ ദുരൂഹതാ വാദത്തിനു വഴിയൊരുക്കിയത്.
പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ബിസി 424 മുതൽ 328 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലേറ്റോ അറ്റ്ലാന്റിസിനെ ഒരു ശക്തമായ ദ്വീപനഗരവും സാമ്രാജ്യവുമായാണ് വർണിച്ചത്. 9600 ബിസിയിൽ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
പ്ലേറ്റോയുടെ വിവരണപ്രകാരം ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ ലിബിയയും ഏഷ്യാമൈനറും ചേർന്നുള്ള വിസ്തീർണം. സമുദ്രദേവനായ പൊസൈഡോൺ ആണത്രേ ഈ നഗരം നിർമിച്ചത്. തുടർന്ന് തന്റെ മകനായ അറ്റ്ലസിനെ നഗരത്തിന്റെ അധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻസിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്.
പിന്നീട് അറ്റ്ലാന്റിസ് കരുത്തുറ്റ ഒരു സാമ്രാജ്യമായി വളർന്നു. അതുവരെ പുലർത്തി വന്ന ധാർമികതയും മൂല്യങ്ങളും അവർ കൈവിട്ടു. ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചു നിരവധി പേരെ കൊന്നൊടുക്കി. ഈ മൂല്യശോഷണങ്ങളുടെ ശിക്ഷയായി ദൈവകോപം അറ്റ്ലാന്റിസിനു പിടിപെടുകയും തുടർന്ന് ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.
അറ്റ്ലാന്റിസിന്റെ കഥ തന്റെ മുത്തശ്ശൻ പറഞ്ഞുതന്നതാണ് എന്നായിരുന്നു പ്ലേറ്റോ ഇതിന്റെ ഉദ്ഭവത്തിനെക്കുറിച്ച് വിവരിച്ചത്.
അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത് 1627–ലാണ്. ശാസ്ത്രചിന്തയുടെ തലതൊട്ടപ്പനായ ഇംഗ്ലിഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ, ദി ന്യൂ അറ്റ്ലാന്റിസ് എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും ലോകശ്രദ്ധ നേടി. 1882 ൽ യുഎസ് രാഷ്ട്രീയക്കാരനായ എൽ.ഡോണലി, അറ്റ്ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതി. അറ്റ്ലാന്റിസ് നഗരം യഥാർഥ്യത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തിൽ നിന്നു രക്ഷപ്പെട്ട ഇതിലെ നഗരവാസികൾ പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു. ഇതൊരു വലിയ തരംഗം സൃഷ്ടിച്ചു. യൂറോപ്യൻ മേഖലയല്ലാതെ ലോകത്തിലെ മറ്റു സ്ഥലങ്ങളും അറ്റ്ലാന്റിസ് നിലനിന്നിരുന്ന മേഖലയായി അവതരിപ്പിക്കപ്പെട്ടു.
1970 ൽ ചാൾസ് ബെർലിസ് എന്ന എഴുത്തുകാരൻ അറ്റ്ലാന്റിസ് കരീബിയൻ മേഖലയിൽ ഇപ്പോഴത്തെ ബെർമുഡ ട്രയാംഗിളിനുള്ളിൽ നിലനിന്നിരുന്നെന്നു എഴുതി. ഇതിനു വായനക്കാർക്കിടയിൽ വലിയ ആകർഷണമാണു ലഭിച്ചത്. ചാൾസ് ഹാപ്ഗുഡ് 1958ൽ എഴുതിയ കൃതിയിൽ അറ്റ്ലാന്റിസ് ഇപ്പോഴത്തെ അന്റാർട്ടിക്കയാണെന്ന് പറഞ്ഞു.