മാനിനെ ഒന്നോടെ വിഴുങ്ങുന്ന കൊമാഡോ ഡ്രാഗണ്‍; ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗം - വിഡിയോ
Mail This Article
ഇരയെ ആക്രമിച്ച് അതു ചാകാൻ ഒരു ദിവസത്തിലേറെ കാത്തിരുന്നു ക്ഷമയോടെ ഭക്ഷണമാക്കുന്ന ജീവിയുണ്ട്. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു. ഇതാണ് കൊമാഡോ ഡ്രാഗണ്‍. ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്. കൊമോഡോ ഡ്രാഗണ്‍ മാനിനെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമോഡോ ഡ്രാഗണ്‍ കാത്തിരിക്കുന്നത് 36 മണിക്കൂറോളമാണ്. മാനും ആടും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത് കൊമോഡോ ഡ്രാഗണുകളുടെ ക്ഷമയുടെ കാര്യത്തിലാണ്. ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നു കണ്ടെത്തി ഭക്ഷണമാക്കുന്നവയാണ് ഈ കൊമോഡോ ഡ്രാഗണുകള്‍.
ഒരിക്കല്‍ ഓസ്ട്രേലിയിലും ഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ ഈ പല്ലിവര്‍ഗം ഇന്ന് ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്. ഇവയില്‍ ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും ഈ കൂറ്റന്‍ കൊമോഡോ ഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്. ഇവ വിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചില ദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തിയ കൊമോഡോ ഡ്രാഗൺ ഒരു മനുഷ്യന്‍റെ നീളമുണ്ടാകും. വന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കു കുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമോഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തി വയ്ക്കുന്നത് വിഷമാണോ ബാക്ടീരിയ ആണോ എന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്കും ഇരയുടെ മരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തലും ഉയര്‍ന്നു വന്നിരുന്നു
English Summary: Heart-stopping Video Shows Komodo Dragon Swallowing A Deer Whole