ADVERTISEMENT

തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ നിന്ന് തലയെടുപ്പോടെ സന്ദർശകരെ വരവേറ്റിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു ആയുഷ് എന്ന ആൺ സിംഹത്തിന്. ശൗര്യവും ഘനഗംഭീരമായ ഗർജനവും കൊണ്ട് പരിചാരകർ പോലും സുരക്ഷിത അകലത്തിൽ നിന്നു. ശരാശരി പ്രായം  പിന്നിട്ടതോടെ ആയുഷിന് അവശതകൾ വന്നു തുടങ്ങി. ഇടയ്ക്കിടയ്ക്ക് അസുഖം ബാധിച്ചു തുടങ്ങി. കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും മടിയായി.

സടകുടഞ്ഞ സിംഹത്തിന് മനുഷ്യസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാതെയായി. ഇഷ്ടപ്പെട്ട ഭക്ഷണവും വെള്ളവും മരുന്നും നൽകി പരിചാരകർ അവനെ സംരക്ഷിച്ചു. പക്ഷാഘാതം പിടിപെട്ട് 3 വർഷമായി മൃഗശാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയുഷ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. 

2008 ലാണ് തമിഴ്നാട് വണ്ടല്ലൂർ അഗ്രിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്നു മൂന്നു വയസുള്ള ആയുഷ് എന്ന സിംഹത്തെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ഒപ്പം ഐശ്വര്യയെന്ന പെൺസിംഹവും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് കൂട്ടിൽ കഴിഞ്ഞത്. എന്നാൽ ഇടയ്ക്കുവച്ച് ഐശ്വര്യയെ മാറ്റി മറ്റൊരു കൂട്ടുകാരിയെ അധികൃതർ പാർപ്പിച്ചു. ഇതിൽ പ്രകോപിതനായ ആയുഷ്, പുതിയ പെൺസിംഹത്തെ കടിച്ചുകൊല്ലുകയായിരുന്നു.

ആയുഷ് സിംഹം
ആയുഷ് സിംഹം

Read Also: കാട്ടുപന്നിയെ കഷ്ടപ്പെട്ട് കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; ഇടയ്ക്ക് കയറി ‘പ്ലാൻ’ പൊളിച്ച് കഴുതപ്പുലി

മൃഗശാലയിലെ ഭീകരനായി വർഷങ്ങളോളം കഴിഞ്ഞ ആയുഷിന് 3 വർഷം മുൻപാണ് പക്ഷാഘാതം പിടിപെടുന്നത്. ഫിസിയോതെറപ്പി കൊണ്ട് പൂർവസ്ഥിതിയിലെത്തിച്ചെങ്കിലും, സിംഹം രണ്ടു മാസം മുൻപ് ഗർജനം നിർത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് വീഴുകയും ചെയ്തതോടെ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ഇറച്ചി ചെറിയ കഷണങ്ങളാക്കി അധികൃതർ നൽകുകയായിരുന്നു. അവശനായ ആയുഷ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം ഒട്ടും കഴിക്കാതെയായി. ചൊവ്വാഴ്ച രാവിലെ മൃഗശാലയിലെ കാരണവർ സിംഹം എന്നന്നേക്കുമായി വിടപറഞ്ഞു.

Content Highlights:  Male Lion | Thiruvananthapuram Zoo | Lion | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com