ADVERTISEMENT

വൈറ്റ്ഹൗസിൽ പ്രസിഡന്റിനൊപ്പം പാർക്കുന്ന വളർത്തു നായകൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ പ്രാധാന്യം ലഭിക്കാറുണ്ട്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ വളർത്തുനായകൾ നിരന്തരം മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബൈഡൻ കുടുംബത്തിന്റെ പ്രിയപ്പെട്ട വളർത്തു നായയായ കമാൻഡർ വൈറ്റ് ഹൗസിന് തലവേദനയാവുകയാണ്. രണ്ടു ദിവസങ്ങൾക്കു മുൻപ് കമാൻഡർ വൈറ്റ് ഹൗസിലെ ഒരു സീക്രട്ട് സർവീസ് ഏജന്റിനെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഒരു വർഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് കമാൻഡർ ഇത്തരത്തിൽ പെരുമാറുന്നത്. 

യൂണിഫോം ഡിവിഷനിലെ ഒരു വനിതാ ഉദ്യോഗസ്ഥയെ ആണ് കമാൻഡർ ആക്രമിച്ചത്. വൈറ്റ് ഹൗസിന്റെ മെഡിക്കൽ ഓഫിസില്‍ തന്നെ ഉദ്യോഗസ്ഥയ്ക്ക് ചികിത്സയും നൽകി. കമാൻഡറിന്റെ തുടരെയുള്ള ആക്രമണങ്ങളെക്കുറിച്ച് കൺസർവേറ്റീവ് ഗ്രൂപ്പായ ജുഡീഷ്യൽ വാച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ നിന്നുമാണ് ഒരു ഡസനിനടുത്ത്  ആക്രമണങ്ങൾ കമാൻഡർ ഒരു വർഷത്തിനിടെ നടത്തിയതായി വെളിവായത്.

വൈറ്റ്ഹൗസിൽ കമാൻഡർ  (Photo: Twitter/@ImMeme0)
വൈറ്റ്ഹൗസിൽ കമാൻഡർ (Photo: Twitter/@ImMeme0)

ബൈഡന്റെ പ്രിയപ്പെട്ട വളർത്തു നായ ആയിരുന്ന ചാമ്പിന്റെ മരണശേഷം 2021 ലാണ് കമാൻഡറിനെ വൈറ്റ് ഹൗസിലേക്ക് എത്തിച്ചത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട കമാൻഡർ പ്രസിഡന്റിനും കുടുംബത്തിനുമൊത്ത് സമയം ചിലവിടുന്നതിന്റെ ധാരാളം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടു വയസ്സ് മാത്രമാണ് കമാൻഡറിന്റെ പ്രായം. അതേസമയം വളർത്തു മൃഗങ്ങൾക്ക് വൈറ്റ് ഹൗസിലെ അന്തരീക്ഷം ഏറെ സമ്മർദം നിറഞ്ഞതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കമാൻഡറിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതകൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ കുടുംബം അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.

കമാൻഡർ ജോ ബൈഡനൊപ്പം (Photo: Twitter/@ImMeme0)
കമാൻഡർ ജോ ബൈഡനൊപ്പം (Photo: Twitter/@ImMeme0)

Read Also: കനാലിനരികെ യുവതിയുടെ മൃതദേഹാവശിഷ്ടം കടിച്ചുപിടിച്ച് ചീങ്കണ്ണി; വെടിവച്ചു കൊന്നു

കമാൻഡർ മനുഷ്യരെ ആക്രമിക്കുന്നത് തുടർക്കഥയായതോടെ അതിന് പ്രത്യേക പരിശീലനങ്ങൾ പല ആവർത്തിയായി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബൈഡന്റെ വളർത്തു നായകളിൽ ആക്രമണത്തിന് പേരുകേട്ട ആദ്യത്തെ നായയല്ല കമാൻഡർ. എളുപ്പത്തിൽ പ്രകോപിതനായിരുന്ന മേജർ എന്ന മറ്റൊരു നായയും കുടുംബത്തിനുണ്ട്. നിരന്തരമായി ആളുകളെ ആക്രമിക്കാൻ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട മേജർ ശ്രമിച്ചതിനെ തുടർന്ന് അതിനെ ഡെലാവെയറിലുള്ള ബൈഡന്റെ ബന്ധുക്കൾക്ക് അരികിലേക്ക് അയച്ചിരുന്നു.

ജോ ബൈഡനും ഭാര്യയ്‌ക്കുമൊപ്പം കമാൻഡർ (Photo: Twitter/@townhallcom)
ജോ ബൈഡനും ഭാര്യയ്‌ക്കുമൊപ്പം കമാൻഡർ (Photo: Twitter/@townhallcom)

നായകളെ പരിശീലിപ്പിക്കുന്നവരുടെയും മൃഗരോഗ വിദഗ്ധരുടെയും വിശകലനങ്ങളും അഭിപ്രായങ്ങളും തേടിയ ശേഷമാണ് മേജറിനെ വൈറ്റ് ഹൗസിൽ നിന്നും നീക്കം ചെയ്തത്. എപ്പോഴും വൈറ്റ് ഹൗസിൽ തിരക്കുണ്ടാകുന്നതുമൂലമാവാം മേജർ പ്രകോപിതനാകുന്നത് എന്നായിരുന്നു വിലയിരുത്തൽ. അതിനാൽ അൽപം കൂടി ശാന്തമായ അന്തരീക്ഷം നായയ്ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് മാറ്റിയത്. എന്നാൽ കമാൻഡറും സമാനമായ രീതിയിൽ പെരുമാറി തുടങ്ങിയതോടെ അതിനെയും വൈറ്റ് ഹൗസിൽ നിന്നും മാറ്റുമോ എന്ന് അറിയില്ല. മേജറിനെയും കമാൻഡറിനെയും കൂടാതെ വില്ലൊ എന്ന ഒരു വളർത്തു പൂച്ചയും ബൈഡൻ കുടുംബത്തിനുണ്ട്.

Content Highlights: Joe biden | Dog Commander | Dogs | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com