മൂന്ന് വർഷം മുൻപ് കാണാതായ പൂച്ചയെ കണ്ടെത്തിയത് 1077 കി.മീ അകലെ: മൈക്രോചിപ്പ് സഹായമായി
Mail This Article
മൂന്ന് വർഷം മുൻപാണ് കാന്‍സാസ് സിറ്റിയിലെ വീട്ടിൽനിന്ന് സരിൻ എന്ന പെൺപൂച്ചയെ കാണാതാവുന്നത്. പ്രിയപ്പെട്ട പൂച്ചയെ ഉടമ ജെനി ഓവൻസ് പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തന്റെ അരുമ ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് അവർ ദുഃഖാചരണം നടത്തി. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 29ന് എല്ലാം മാറിമറിഞ്ഞു.
സരിന് വീട്ടുകാർ ഘടിപ്പിച്ച മൈക്രോചിപ്പ് ആണ് തിരോധാന കഥയ്ക്ക് ട്വിസ്റ്റ് ആയത്. വീട്ടിൽനിന്നും 1077 കിലോമീറ്റർ അകലെയുള്ള കൊളറാഡോയിലെ ഡുറാൻഗോയിലെ അനിമൽ ഷെൽറ്റർ അധികൃതർ ചിപ്പ് കണ്ടെത്തുകയും അതിലെ വിലാസത്തിൽ ബന്ധപ്പെടുകയുമായിരുന്നു. ആയിരത്തിലധികം കിലോമീറ്റർ ദൂരം കാണിച്ചതിനാൽ ചിപ്പ് അപ്ഡേറ്റഡ് അല്ലെന്നാണ് ആദ്യം അവർ കരുതിയത്. എന്നാൽ അവസാനത്തെ ശ്രമമെന്ന നിലയ്ക്ക് ലഭിച്ച വിലാസത്തിൽ ബന്ധപ്പെടുകയായിരുന്നു.
അഞ്ച് വയസ് മാത്രമുള്ള പൂച്ചയെ ഉടമയുടെ അരികിലെത്തിക്കാൻ അമേരിക്കൻ എയർലൈൻസും കൈകോർത്തു. അവർ സൗജന്യമായി പൂച്ചയെ കാൻസാസിൽ എത്തിച്ചു. ഇത്രയും ദൂരം പൂച്ച എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. പല വണ്ടികളിൽ അറിയാതെ കയറിയോ അല്ലെങ്കില്‍ ആരെങ്കിലും പിടിച്ചുകൊണ്ടുപോയി അവിടെനിന്നും രക്ഷപ്പെട്ടതോ ആകാമെന്ന് വീട്ടുകാർ കരുതുന്നു. എന്തായാലും തന്റെ പൂച്ചയെ ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
Content Highlights: Missing cat reunion | Animal | Microchip tracking