ജഗ്വാർ ലുക്കിൽ ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ്, ഫെബ്രുവരി മുതൽ ലഭിച്ചു തുടങ്ങും
Mail This Article
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് ജനുവരി അവസാനം വിപണിയിലെത്തും. വില പ്രഖ്യാപനത്തിന് ശേഷം ഫെബ്രുവരി പകുതിയോടെ സ്പോർട്ടി ഹാച്ച്ബാക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും എന്നാണ് ടാറ്റയുടെ അറിയിപ്പ്. ഈ മാസം ആദ്യം മുതൽ പുതിയ ഹാച്ചിന്റെ ബുക്കിങ് ടാറ്റ സ്വീകരിച്ചു തുടങ്ങിയിരുന്നു.
പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ ഏറ്റവും മികച്ച സ്റ്റൈലൻ വാഹനങ്ങളിലൊന്നാണ് ആൽട്രോസ്. വലുപ്പം കൂടിയ ഗ്രിൽ, ബംബര്‍, പ്രൊജക്റ്റർ ഹെഡ്‌ലാംപുകൾ തുടങ്ങി സ്റ്റൈലിഷായ മുൻഭാഗം, മസ്കുലർ വീൽ ആർച്ച്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ആൾട്രോസിന്റെ പുറം ഭാഗത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ പ്രീമിയം ഫീൽ നൽകുന്നു ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ, അനലോഗ് ഡിജിറ്റൽ സങ്കലനമുള്ള മീറ്റർ കൺസോള്‍, ഇൻഫോടൈൻമെന്റ് സിസ്റ്റിലെ വിവരങ്ങൾ കാണിച്ചു തരുന്ന 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ, പിന്നിലെ എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റ് എന്നിവയും ഈ പ്രീമിയം ഹാച്ചിലുണ്ട്.
ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്. വില പ്രഖ്യാനം ജനുവരി അവസാനമേ ഉണ്ടാകൂവെങ്കിലും 5 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷ.