‘ഈ പുഷ് അപ്പ് ആരോഗ്യത്തിന് ഹാനികരം’ റോഡിലെ അഭ്യാസത്തിന് 7500 രൂപ പിഴ: വിഡിയോ

Mail This Article
റോഡില്‍ വെച്ച് ഓടുന്ന സ്‌കോര്‍പിയോയുടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി വാഹനത്തിന് മുകളില്‍ കയറി പുഷ് അപ്പെടുത്ത യുവാവിന് എട്ടിന്റെ പണി. യുവാവിന്റെ പൊതുറോഡിലെ കൈവിട്ട അഭ്യാസം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഇത് യുപി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കളികാര്യമായത്. സമൂഹമാധ്യമങ്ങളിൽ കിട്ടിയ തെളിവായ വീഡിയോ ഉപയോഗിച്ച് ട്രാഫിക് ബോധവല്‍ക്കരണ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് യുപി പൊലീസ്. ഇത് വലിയ തോതില്‍ ജനകീയമാവുകയും ചെയ്തിട്ടുണ്ടെന്ന് താഴെയുള്ള കമന്റുകള്‍ തന്നെ വ്യക്തമാക്കുന്നു.. 'ചില പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നിലെത്തിക്കും! ആരോഗ്യത്തോടെ, സുരക്ഷിതമായിരിക്കൂ' എന്ന വാചകം കൂടി ചേര്‍ത്താണ് യുപി പൊലീസ് വീഡിയോ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
യുവാവ് റോഡില്‍ നടത്തുന്ന അഭ്യാസത്തിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം 'നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം ഇതാ' എന്നെഴുതിക്കാണിച്ച് യുവാവിന് നല്‍കിയ ചലാന്റെ പകര്‍പ്പ് കാണിക്കുന്നു. പിന്നീട് നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവ് സംസാരിക്കുന്നതാണ് വീഡിയോയില്‍. സ്വന്തം പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ഇയാള്‍ താന്‍ അപകടകരമായ അഭ്യാസമാണ് നടത്തിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് കുറ്റം ഏല്‍ക്കുന്നു. ഇയാള്‍ക്ക് തൊട്ടുപിന്നിലായി അഭ്യാസം നടത്താന്‍ ഉപയോഗിച്ച വെള്ള സ്‌കോര്‍പിയോയും കാണാനാകും.
യുവാവിന്റെ വിശദീകരണത്തിന് ശേഷം ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് കുമാറാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക് പൊലീസാണ് കുറ്റക്കാരനെതിരെ ചലാന്‍ നല്‍കിയതെന്നും ഇത്തരക്കാരെ പൊലീസ് ഭാവിയിലും നിരീക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. വാഹനം ഓടിക്കുന്നതിനിടെ അഭ്യാസങ്ങള്‍ കാണിക്കുന്നത് കുറ്റകരമാണ്. അത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കുന്നു. സുരക്ഷിതമായി വാഹനം ഓടിക്കൂ, സുരക്ഷയോടെയിരിക്കൂ എന്ന സന്ദേശം കൂടി നല്‍കിയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. സ്‌കോര്‍പിയോക്ക് മുകളില്‍ പുഷ് അപ് എടുത്തതുപോലുള്ള അഭ്യാസങ്ങള്‍ എളുപ്പത്തില്‍ അപകടമായി മാറാനുള്ള സാധ്യത ഏറെയാണ്.
അതുകൊണ്ടുതന്നെയാണ് ഇവ നിയമത്തിന്റെ കണ്ണില്‍ കുറ്റമായി മാറുന്നതും. യുപിയിലെ സംഭവത്തില്‍ റോഡില്‍ ഒരു ചെറിയ കല്ലോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ പോലും അപകടം സംഭവിക്കുമായിരുന്നു. കല്ലില്‍ കയറിയിറങ്ങിയാല്‍ സ്റ്റിയറിംങ് തിരിയാന്‍ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ വാഹനം നിയന്ത്രിക്കേണ്ടയാളാണ് സ്‌കോര്‍പിയോക്ക് മുകളില്‍ പുഷ് അപ് എടുക്കുന്നത്. സ്വാഭാവികമായും വാഹനവും അഭ്യാസിയും അപകടത്തില്‍ പെടുകയും ചെയ്യും.
സിസിടിവി, അമിത വേഗത തിരിച്ചറിയുന്ന ക്യാമറകള്‍, റഡാര്‍ ഗണ്‍ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങള്‍ ഇപ്പോള്‍ പൊലീസിന്റെ കൈവശമുണ്ട്. ഇതിനെല്ലാം പുറമേയാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന അമിത പ്രചാരം. ഇതെല്ലാം പൊലീസിന് കുറ്റകൃത്യം തെളിയിക്കാനുള്ള തെളിവായി മാറുകയും ചെയ്യും. ഡ്രൈവിംങിനിടയിലെ അനാവശ്യ അഭ്യാസങ്ങള്‍ നിങ്ങളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന സന്ദേശമാണ് യുപി പൊലീസ് നല്‍കുന്നത്.
English Summary: UP Police Arrests Man doing push-ups on a Moving SUV