ADVERTISEMENT

മാർപാപ്പയ്ക്ക് ഉപയോഗിക്കാനായി  ഇതാദ്യമായി ബാറ്ററിയിൽ ഓടുന്ന പോപ്മൊബൈൽ ഒരുക്കാൻ ലൊസാഞ്ചലസ് ആസ്ഥാനമായ ഫിസ്കെർ ഇൻകോർപറേറ്റഡ് തയാറെടുക്കുന്നു. മേൽക്കൂരയിൽ ഘടിപ്പിച്ച സൗരോർജ പാനൽ സഹിതമാവും അടുത്ത വർഷത്തോടെ ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള വൈദ്യുത വാഹനത്തിന്റെ വരവ്. ഒപ്പം സമുദ്രത്തിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ പുനഃചംക്രമണം ചെയ്തു നിർമിച്ച പരവതാനിയും വാഹനത്തിലുണ്ടാവും. 

ഫിസ്കെറിന്റെ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹനമായ ഓഷ്യൻ ആണു മാർപാപ്പയുടെ ഉപയോഗത്തിനുള്ള പോപ്മൊബൈൽ ആയി രൂപാന്തരം പ്രാപിക്കുന്നത്. ഉള്ളിലേക്കു മടക്കി സൂക്ഷിക്കാവുന്ന ഗ്ലാസ് കപ്പേളയ്ക്കൊപ്പം സുസ്ഥിര അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച പരവതാനി പോലുള്ള അലങ്കാരങ്ങളും വാഹനത്തിന്റെ സവിശേഷതയാവും. ഫിക്സെറിനായി  യൂറോപ്പിലെ മാഗ്ന ഇന്റർനാഷനൽ ഇൻകോർപറേറ്റഡ് കരാർ വ്യവസ്ഥയിൽ നിർമിക്കുന്ന ഓഷ്യൻ വൈദ്യുത എസ്‌യുവിയുടെ ഉൽപ്പാദനം നവംബറിൽ ആരംഭിക്കുമെന്നാണു പ്രതീക്ഷ.

pope
Pope Francis

ബാറ്ററിയിൽ ഓടുന്ന പോപ്മൊബൈൽ എന്ന ആശയം അവതരിപ്പിക്കാനായി ഫിസ്കെർ സ്ഥാപകരായ ഹെൻറിക് ഫിസ്കെറും ഡോ ഗീത ഗുപ്ത ഫിസ്കെറും വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനിലെ ഡിസൈനറായി പ്രവർത്തിച്ച പരിചയവും ഹെൻറിക് ഫിസ്കെറിനുണ്ട്.

പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭാവി തലമുറകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ആശങ്കകളെക്കുറിച്ച് വായിച്ച് അറിഞ്ഞതാണ് ബാറ്ററിയിൽ ഓടുന്ന പോപ്മൊബൈൽ എന്ന ആശയത്തിനു പ്രചോദനമായതെന്നു ഫിസ്കെർ വിശദീകരിക്കുന്നു. അതേസമയം മാർപാപ്പയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന പോപ്മൊബൈലിന്റെ വിലയെക്കുറിച്ച് ഫിസ്കെർ സൂചനയൊന്നും നൽകിയില്ല. അതേസമയം, സാധാരണ ‘ഓഷ്യൻ’ എസ് യു വിക്ക് യു എസിൽ 37,499 ഡോളറും (ഏകദേശം 27.34 ലക്ഷം രൂപ) ജർമനിയിൽ 32,000 യൂറോ(28.42 ലക്ഷത്തോളം രൂപ)യുമാണു വില. കഴിഞ്ഞ വർഷം മാർപാപ്പയ്ക്ക് ഹൈഡ്രജൻ ഇന്ധനമാക്കുന്ന ‘മിറൈ’ സെഡാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ സമ്മാനിച്ചിരുന്നു. 

English Summary: Pope Francis to go green with first electric popemobile by Fisker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com