2024ൽ പറക്കും ടാക്സികളെ വരവേൽക്കാൻ റോം
Mail This Article
മൂന്നു വർഷത്തിനകം പറക്കും ടാക്സികളെ വരവേൽക്കാൻ റോം വിമാനത്താവളം തയാറെടുപ്പ് തുടങ്ങി. ഫിയുമിസിനൊ വിമാനത്താവള കമ്പനിയും ജർമൻ സ്റ്റാർട് അപ് സംരംഭമായ വൊളോകോപ്റ്ററുമായുള്ള ധാരണ യാഥാർഥ്യാവുന്നപക്ഷം 2024 മുതൽ വിമാനത്തിലെത്തുന്നവർക്ക് നഗരകേന്ദ്രത്തിലേക്കു പറക്കും ടാക്സികളിൽ തുടർയാത്ര സാധ്യമാവും.
ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുംവിധം റോട്ടർ ബ്ലേഡുകളോടെ കമ്പനി വികസിപ്പിക്കുന്ന രണ്ടു സീറ്റുള്ള എയർ ടാക്സി വിന്യസിക്കുന്ന ആദ്യ കേന്ദ്രമായി റോം വിമാനത്താവളത്തെ മാറ്റാനാണ് വൊളോകോപ്റ്ററിന്റെ ശ്രമം. കുത്തനെ പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്യുന്ന എയർ ടാക്സിയിൽ വെറും 15 മിനിറ്റിൽ നഗരത്തിലെത്താനാവുമെന്നാണ് എയർപോർട്ടി ഡി റോമ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർകൊ ട്രങ്കോണിയുടെ വാഗ്ദാനം; നിലവിൽ റോഡ് മാർഗം നഗരകേന്ദ്രത്തിൽ നിന്നു വിമാനത്താവളത്തിലെത്താൻ 45 മിനിറ്റ് വേണം. തുടക്കത്തിൽ 150 യൂറോ(ഏകദേശം 12,981 രൂപ)യാവും എയർ ടാക്സി നിരക്ക്. എന്നാൽ ഉപയോക്താക്കൾ വർധിക്കുന്നതോടെ ഈ നിരക്ക് കുറയുമെന്നാണു പ്രതീക്ഷ.
സംയുക്ത സംരംഭത്തിനു മുന്നോടിയായി ഫിയുമിസിനൊ വിമാനത്താവളത്തിൽ വൊളോകോപ്റ്റർ പറക്കും ടാക്സിയുടെ മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര അതിവേഗമാവുമെന്നതിനു പുറമെ മലിനീകരണവിമുക്തമാവും നിശ്ശബ്ദവുമായ യാത്രയും പറക്കും ടാക്സി ഉറപ്പു നൽകുന്നതായി ട്രങ്കോണി ചൂണ്ടിക്കാട്ടുന്നു.
മൂന്നു വർഷത്തിനകം യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി(ഇ എ എസ് എ)യുടെ കൊമേഴ്സ്യൽ എയർ ലൈസൻസ് നേടാനാവുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി ചീഫ് കൊമേഴ്സ്യൽ ഓഫിസർ ക്രിസ്റ്റ്യൻ ബോവെർ വെളിപ്പെടുത്തി. 2011ലാണു വൊളോകോപ്റ്റർ പ്രവർത്തനം ആരംഭിച്ചത്.
എയർ ടാക്സിക്ക് അനുയോജ്യമായ യൂറോപ്യൻ നഗരങ്ങളിൽ മൂന്നാമതായാണ് റോം ഇടംപിടിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസും ജർമനിയുടെ തലസ്ഥാനമായ ബെർലിനുമാണ് ഈ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ.
English Summary: Heading to Rome? Get ready to board a Flying Taxi From Airport Soon