അർബൻ ക്രൂസർ ഇല്ലാതെ ടൊയോട്ട ഇന്ത്യ വെബ്സൈറ്റ്, പുതിയ വാഹനം ഉടനെത്തുമോ?
Mail This Article
മാരുതി സുസുക്കി ബ്രെസയുടെ റീബാഡ്ജിഡ് പതിപ്പായ അർബൻ ക്രൂസറിനെ ഇന്ത്യൻ വെബ് സൈറ്റിൽ നിന്ന് ഒഴിവാക്കി ടൊയോട്ട. ഈ വർഷം ആദ്യമെത്തിയ പുതിയ ബ്രെസയെ അടിസ്ഥാനപ്പെടുത്തിയുള്ള അർബർ ക്രൂസറിന്റെ പുറത്തിറക്കലിന് മുന്നോടിയായാണ് ഈ നീക്കം എന്നാണ് കരുതുന്നത്.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം പുതിയ അർബൻ ക്രൂസർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ബ്രെസയുടെ അതേ രൂപഭംഗിയിൽ റീബ്രാൻഡ് ചെയ്ത് തന്നെയാകും പുതിയ വാഹനവും എത്തുക.
കൂടുതൽ സ്റ്റൈലിഷും സ്പോർട്ടിയുമായാണ് പുതിയ ബ്രെസ വിപണിയിലെത്തിയത്. യൂത്ത്ഫുൾ, എനർജെറ്റിക് ഡിസൈൻ, മാറ്റങ്ങൾ വരുത്തിയ മികച്ച ഇന്റീരിയർ, ഇന്റലിജെന്റ് ടെക്നോളജി, ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഹെഡ്സ് അപ് ഡിസ്പ്ലെ, 6 എയർബാഗുകൾ, ഇഎസ്പി എന്നിവ പുതിയ ബ്രെസയിലുണ്ട്. അതേ മാറ്റങ്ങൾ പുതിയ അർബൻ ക്രൂസറിനും എത്തിയേക്കാം.പുതിയ സ്മാർട്ട് ഹൈബ്രിഡ് 1.5 ലീറ്റർ കെ സീരിസ് എൻജിനും പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുണ്ട് പുതിയ വാഹനത്തിൽ.
English Summary: Toyota Urban Cruiser removed from the brand’s official website