ഡ്രൈവറില്ലാ കാർ ഇന്ത്യയിലോ? 80 ലക്ഷം പേരുടെ ജോലി പോകും; നിതിന്‍ ഗഡ്ക്കരി
Mail This Article
ഭാവിയിലെ നമ്മുടെ യാത്രകള്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യം ഉയര്‍ന്നാല്‍ ഉത്തരങ്ങളില്‍ ഡ്രൈവറില്ലാ വാഹനങ്ങളും പറക്കും ടാക്‌സികളുമൊക്കെ വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകട മരണങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണമെന്ന് കരുതുന്നവരുമുണ്ട്. നമ്മുടെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഡ്രൈവറില്ലാത്ത വാഹനങ്ങൾ വ്യാപകമായിക്കഴിഞ്ഞാൽ ഏകദേശം 80 ലക്ഷം ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്നും മന്ത്രി പറയുന്നു.
ഐഐഎം നാഗ്പൂര്‍ സംഘടിപ്പിച്ച സീറോ മൈല്‍ സംവാദത്തില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി നിലപാടു വ്യക്തമാക്കിയത്.
ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഘലയുള്ള രാജ്യമാണ് ഇന്ത്യ. ചരക്കു നീക്കം, യാത്ര, വിനോദസഞ്ചാരം എന്നിങ്ങനെ പല മേഖലകളില്‍ ഡ്രൈവര്‍മാര്‍ വലിയ തോതില്‍ പണിയെടുക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യത്തെ ഡ്രൈവര്‍മാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനൊപ്പം റോഡിലെ സുരക്ഷ കൂടി കണക്കിലെടുത്താണ് കേന്ദ്ര മന്ത്രി തല്‍ക്കാലത്തേക്ക് ഡ്രൈവറില്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചും ഗഡ്ക്കരി പരാമര്‍ശിച്ചു. ഒരു വര്‍ഷത്തിലേറെയായി ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ എത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് സാധ്യമായിട്ടില്ല. പ്രധാനമായും ഇറക്കു മതി നികുതി കുറച്ച് സഹായിക്കണമെന്നാണ് എലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ ആവശ്യം. എന്നാല്‍ അതിന് അനുകൂലമായ തീരുമാനം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ല. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ച് ഇന്ത്യന്‍ വിപണിക്കു വേണ്ട കാറുകള്‍ ഇവിടെ തന്നെ നിര്‍മിക്കുകയെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതുവഴി മേക്ക് ഇന്‍ ഇന്ത്യയേയും പ്രാദേശിക തൊഴില്‍ അവസരങ്ങളേയും വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയും നിതിന്‍ ഗഡ്ക്കരി പ്രകടിപ്പിച്ചു.
വൈദ്യുത വാഹനങ്ങളോട് അനുകൂലമായ സമീപനവും ഇളവുകളും പ്രഖ്യാപിക്കുമ്പോഴും ഐസിഇ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്രകാലം കൂടി തുടരണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും ഇക്കാര്യത്തില്‍ ഡെഡ്‌ലൈന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ് ഇന്ത്യ.
ഗതാഗതമന്ത്രി ഗഡ്ക്കരിയുടെ പല തീരുമാനങ്ങളും രാജ്യത്തെ വാഹന രംഗത്ത് മാറ്റങ്ങള്‍ക്കിടയാക്കിയിരുന്നു. പുതിയ കാറുകളില്‍ എയര്‍ബാഗുകളും ആന്റി ലോക് ബ്രേക്കിങ് സിസ്റ്റവും റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകളും നിര്‍ബന്ധമാക്കിയത് ഗഡ്കരിയാണ്. ഫാസ്റ്റ് ടാഗുകള്‍ നിര്‍ബന്ധമാക്കിയതോടെ ടോള്‍ പ്ലാസകളില്‍ അധികം സമയമെടുക്കാതെ ടോള്‍ പിരിവു നടത്താനും സാധിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കുമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഹൈഡ്രജന്‍ ഇന്ധനമായുള്ള വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു.