ഹൈബ്രിഡ്, ഇലക്ട്രിക്; 2024ൽ കിയയുടെ മൂന്ന് പുതിയ വാഹനങ്ങൾ
Mail This Article
2024ല്‍ മൂന്ന് പുതിയ മോഡലുകളാണ് ഉറപ്പായും കിയ ഇന്ത്യയിലെത്തിക്കുക. മുഖം മിനുക്കിയെത്തുന്ന സോണറ്റ് കോംപാക്ട് എസ്യുവിക്കു പുറമേ വൈദ്യുത വാഹനമായ ഇവി 9, പുതുതലമുറ കാര്‍ണിവല്‍ എംപിവി എന്നിവരെയാണ് കിയ അടുത്തവര്‍ഷം പുറത്തിറക്കുന്നത്. ഇതിനുപുറമേ നാലുമീറ്ററിനുള്ളില്‍ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി 2024 അവസാനിക്കുന്നതിനു മുമ്പ് കിയ ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
കിയ സോണറ്റ്
രാജ്യാന്തരതലത്തില്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സോണറ്റിന്റെ ബുക്കിങ് കിയ ആരംഭിച്ചിരുന്നു. മാനുവല്‍, ഐഎംടി, ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്നു എന്ജിന് ഓപ്ഷനുകളില്‍ തന്നെ സോണറ്റ് എത്തും. ഒപ്പം സോണറ്റിന്റെ ഡീസല്‍ മാനുവല്‍ മോഡലും തിരിച്ചുവരും. ഇതോടെ ടാറ്റ നെക്സോണിനും മാരുതി സുസുക്കി ബ്രസക്കുമെതിരെ ശക്തമായ മത്സരത്തിന് കിയ സോണറ്റിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ലെവല്‍ 1 അഡാസ് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങളും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അകത്തും പുറത്തും ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാം. 2024 ജനുവരിയില്‍ പുറത്തിറങ്ങുന്ന കിയ സോണറ്റിന് പ്രതീക്ഷിക്കുന്ന വില എട്ടു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ.
കിയ ഇവി 9
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവി 9 ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 ഓട്ടോ എക്സ്പോയില്‍ 77.4kWh ബാറ്ററിയുള്ള ഇവി 9 കിയ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം 99.8kWh, 800V ബാറ്ററിയും 563 കിലോമീറ്റര്‍ റേഞ്ചുമുള്ള മോഡലും ഇവി 9ന് ഉണ്ടാവും. റിയര്‍വീല്‍ ഡ്രൈവ് ഓപ്ഷനില്‍ 203hp, 350Nm മോട്ടോറും ഓള് വീല്‍ ഡ്രൈവില്‍ രണ്ട് 192hp മോട്ടോറുമാണ് കിയ നല്‍കിയിട്ടുള്ളത്.
ബിഎംഡബ്ല്യു iX, മെഴ്സിഡീസ് ബെന്‍സ് EQC, ഔഡി ക്യു8 ഇ-ട്രോണ്‍ എസ്.യു.വി, ജാഗ്വാര്‍ ഐ പേസ് എന്നീ ആഡംബര വാഹനങ്ങള്‍ക്കുള്ള കിയയുടെ മറുപടിയാണ് ഇവി9. മൂന്നു നിരകളില്‍ വ്യത്യസ്തസീറ്റിങ് ഓപ്ഷനുകളോടെയാണ് ഇവി9 ഇന്ത്യയിലെത്തുക. ഏതാണ്ട് ഒരു കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്ന വില.
കിയ കാര്‍ണിവല്‍
കെഎ 4 എന്ന നാലാം തലമുറ കാര്‍ണിവല്‍ എംപിവിയെ 2023 ഓട്ടോ എക്സ്പോയിലാണ് കിയ അവതരിപ്പിച്ചത്. പുതിയ വകഭേദത്തിന് വലിപ്പം കൂടുതലാണ്. കാര്‍ണിവലിന് ലളിതമായ ഇന്റീരിയര്‍ ഡിസൈനാണ് കിയ നല്‍കിയിരിക്കുന്നത്. രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേയും സുരക്ഷാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. 7, 9, 11 സീറ്റ് ഓപ്ഷനുകളില്‍ കെഎ 4 എത്തും. 201 എച്ച് പി, 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് തുടരാനാണ് സാധ്യത. 2024 രണ്ടാം പകുതിയില്‍ ഇറങ്ങുന്ന കിയ കാര്‍ണിവലിന് പ്രതീക്ഷിക്കുന്ന വില 26 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ.
കിയ ക്ലാവിസ്(AY)
ഈ വര്‍ഷം അവസാനത്തില്‍ പ്രതീക്ഷിക്കാവുന്ന കിയയുടെ വാഹനമാണ് ക്ലാവിസ്. 4 മീറ്ററിനുള്ളില്‍ വലിപ്പമുള്ള 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്ന വാഹനമാണിത്. സോണറ്റിനും സെല്‍റ്റോസിനും ഇടക്കാവും ക്ലാവിസിന്റെ സ്ഥാനം. ഐ സി ഇ, വൈദ്യുത പവര്‍ട്രെയിനുകളില്‍ ക്ലാവിസ് എത്തും. സോണറ്റിന്റെ 1.0ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ക്ലാവിസിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുമുണ്ടാവും.