പുതിയ സോണറ്റ് വിപണിയിൽ, വില 7.99 ലക്ഷം രൂപ മുതൽ; 5 ഡീസൽ മാനുവൽ മോഡലുകളും
Mail This Article
കിയ സോണിറ്റിന്റെ വില 7.99 ലക്ഷം രൂപ മുതൽ 15.59 ലക്ഷം രൂപ വരെ. 3 പെട്രോൾ മാനുവൽ, 5 ഡീസൽ മാനുവൽ, 3 പെട്രോൾ ഐഎംടി, 2 ഡീസൽ ഐഎംടി, 3 പെട്രോൾ ഡിസിടി, മൂന്ന് ഡീസൽ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളിൽ വാഹനം ലഭിക്കും. ഡിസംബർ 20 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.
മാനുവൽ ഡീസൽ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ഇരുപത്തിയഞ്ചിലധികം സുരക്ഷ സംവിധാനങ്ങളും, 10 എഡിഎസ് ഫീച്ചറുകളും, 15 ഹൈടെക് സുരക്ഷ സംവിധാനങ്ങളും 70 കണക്റ്റഡ് കാർ ഫീച്ചറുകളും പുതിയ സോണറ്റിലുണ്ട്.
എക്സ്റ്റീരിയർ
നിലവിലെ മോഡലിൽ നിന്നു എക്സ്റ്റീരിയർ ഡിസൈനിൽ കാര്യമായ മാറ്റങ്ങളുണ്ട്. വലുപ്പം കൂടിയ എൽഇഡി ഹെഡ്‌ലാംപ്, പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, പുതിയ മുൻ ബംബർ, എൽഇഡി ഫോഗ്‌ലാംപ്, പുത്തൻ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സി ആകൃതിയിലുള്ള ടെയിൽ ലാംപ്, പുതിയ പിൻ ബംബർ, റൂഫ് മൗണ്ടഡ് സ്പോയിലർ എന്നിവ പുതിയ സോണറ്റിലുണ്ട്.
ഇന്റീരിയർ
ഇന്റീരിയറിലെ പ്രധാന മാറ്റം 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്, സെല്‍റ്റോസിന് സമാനമായി 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. കൂടാതെ ക്ലൈമറ്റ് കൺട്രോൾ ഇൻഫോ കാണാനുള്ള ചെറിയൊരു സ്ക്രീനും ഡാഷ് ബോർഡിൽ നൽകിയിട്ടുണ്ട്. എഡിഎഎസ് ലെവൽ 1 ടെക്നോളജിയുമായിട്ടാണ് പുതിയ മോഡൽ എത്തുന്നത്.
മറ്റ് ഫീച്ചറുകൾ
ഫോർവേർഡ് കൊളീഷൻ വാണിങ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഫോർവേർഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റൻസ് ആൻഡ് വാണിങ്, ഹൈ ബീം അസിസ്റ്റ്, ലൈൻ കീപ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് എഡിഎഎസിൽ. സൂരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്‌സി, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. ബോസ് ഓഡിയോ, സൺറൂഫ്, എൽഇഡി ആംബിയന്റ് ലൈറ്റ് എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു.
എൻജിൻ
1.2 പെട്രോൾ, 1 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റർ പെട്രോൾ എൻജിൻ മാനുവൽ ഗിയർബോക്സിൽ മാത്രം ലഭിക്കുമ്പോൾ ഒരു ലീറ്റർ പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയർബോക്സുകളിലും 1.5 ലീറ്റർ ഡീസൽ മോഡൽ ആറു സ്പീഡ് മാനുവൽ, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിലും ലഭിക്കും.