ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം, ജൂനിയർ എൻടിആറിന്റെ ഗാരിജിൽ
Mail This Article
നന്ദമുരി താരക രാമ റാവു ജൂനിയർ എന്ന ജൂനിയർ എൻ ടി ആറിനു അഭിനയത്തിൽ മാത്രമല്ല വാഹനങ്ങളോടും കമ്പമേറെയാണ്. ആഡംബരത്തിനും അതിനൊപ്പം തന്നെ സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകുന്ന വാഹനങ്ങളാണ് തെലുങ്കിന്റെ ഈ താരപൗത്രനു സ്വന്തമായുള്ളത്. ആ ഗാരിജിനു അലങ്കാരമായി മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ മെയ്ബ എസ് 580 കൂടി എത്തിയിരിക്കുകയാണ്.
ആർ ടി ഓഫീസിൽ തന്റെ പുതുവാഹനവുമായി എത്തിയ താരത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മെയ്ബ എസ് 580യ്ക്കൊപ്പം ഹ്യുണ്ടേയുടെ അയോണിക് 5 ഇലക്ട്രിക് ക്രോസോവറും ജൂനിയർ എൻ ടി ആർ സ്വന്തമാക്കിയിട്ടുണ്ടെന്നു എക്‌സിൽ താരാരാധകരിൽ ഒരാൾ കുറിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങളൊന്നും തന്നെ ലഭ്യമല്ല.
ഓണക്സ് ബ്ലാക്ക് നിറത്തിലുള്ളതാണ് വാഹനം. ഡാർക് ടാൻ ഇന്റീരിയറാണ്. 19 ഇഞ്ച് മോണോ ബ്ലോക്ക് അലോയ് വീലുകൾ, വെന്റിലേഷൻ, ഹീറ്റിങ്, കൂളിങ് എന്നിവ പ്രദാനം ചെയ്യുന്ന നാപ്പ ലെതർ റിയർ സീറ്റുകൾ, 12.8 ഇഞ്ച് പോർട്രൈറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുമുണ്ട് വാഹനത്തിൽ. 4.0 ലീറ്റർ ബൈ ടർബോ വി 8 മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 9 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ പരമാവധി കരുത്ത് 496 ബി എച്ച് പി യും 700 എൻ എം ടോർക്കുമാണ്. 2.7 കോടിയാണ് വാഹനത്തിനു വില വരുന്നത്.