ഭാരത് എൻസിഎപിക്ക് പകരം മാരുതി ഡിസയറിന് ഗ്ലോബൽ ക്രാഷ് ടെസ്റ്റ് എന്തിന്?
Mail This Article
ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്പനയില് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്‍ഷങ്ങളായുള്ള കളിയാക്കലുകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഒരൊറ്റ മോഡല്‍ കൊണ്ട് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്‍. ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയാണ് എതിരാളികളേയും ആരാധകരേയും ഒരുപോലെ ഡിസയര്‍ അമ്പരപ്പിച്ചത്. അപ്പോഴും എന്തുകൊണ്ട് ഇന്ത്യയുടെ സ്വന്തം ബിഎന്‍സിഎപിയില്‍ പോവാതെ ജിഎന്സിഎപിയിലെ ക്രാഷ് ടെസ്റ്റ് ഡിസയര്‍ നടത്തിയെന്ന ചോദ്യവും ഉരുന്നുണ്ട്.
എന്തുകൊണ്ട് ജിഎന്‍സിഎപി?
മുൻ തലമുറ ഡിസയറിന് രണ്ട് സ്റ്റാര്‍ മാത്രമാണ് ക്രാഷ് ടെസ്റ്റില്‍ സുരക്ഷാ റേറ്റിങ് ലഭിച്ചിരുന്നത്. ഒന്നു ശ്രമിച്ചാല്‍ രണ്ട് സ്റ്റാര്‍ അഞ്ചു സ്റ്റാറാക്കാന്‍ ഏതുമോഡലിലും സാധിക്കുമെന്നു കൂടിയാണ് മാരുതി സുസുക്കി ഡിസയറിലൂടെ ലോകത്തിനോട് വിളിച്ചു പറഞ്ഞിരിക്കുന്നത്. ഇതോടെ പല കമ്പനികളും കൊട്ടിഘോഷിച്ച് സുരക്ഷയുടെ പേരില്‍ നേടിയെടുത്ത മുന്‍തൂക്കങ്ങള്‍ ഡിസയറിന്റെ വരവോടെ മാഞ്ഞു പോവുകയും ചെയ്തു.
ഭാരത് എന്സിഎപിയുടേയും ജിഎന്സിഎപിയുടേയും ക്രാഷ് ടെസ്റ്റ് രീതികള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇന്ത്യക്ക് പുറത്ത് ബിഎന്സിഎപിക്ക് സ്വീകാര്യത കുറവാണ്. ഇന്ത്യയില്‍ തന്നെ പത്തു വര്‍ഷത്തിലേറെയായി നിലവിലുള്ള ജിഎന്സിഎപിക്കാണ് രാജ്യാന്തര തലത്തില്‍ കൂടുതല്‍ സ്വീകാര്യത. ബിഎന്സിഎപിക്കാവട്ടെ ഏകദേശം ഒരു വര്‍ഷം മാത്രമേ പഴക്കമുള്ളൂ.
ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രമല്ല വിദേശത്തേക്കും ഡിസയര്‍ വില്ക്കാന് മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. രാജ്യാന്തര വിപണികളില്‍ ആഫ്രിക്ക, തെക്കേ അമേരിക്ക, പശ്ചിമേഷ്യ തുടങ്ങിയ പ്രദേശങ്ങളിലാവും ഡിസയറെത്തുക. ഇക്കാര്യം പരിഗണിച്ചാണ് ഡിസയറിന് രാജ്യാന്തരതലത്തില്‍ സ്വീകാര്യതയുള്ള ജിഎന്സിഎപിയെ സുരക്ഷാ റേറ്റിങ്ങിനായി മാരുതി സുസുക്കി ശ്രമിച്ചതും അതില്‍ 5 സ്റ്റാര്‍ നേടി വിജയിച്ചതും.
അടിമുടി മാറിയ ഡിസയര്‍
പേരിനൊരു തലമുറ മാറ്റവുമായല്ല അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് ഡിസയറിന്റെ വരവ്. മുന്നില്‍ ഹെഡ്ലൈറ്റിലാണ് വലിയ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ ഡിസയറില്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ്ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. പ്രൊജക്ടര്‍ യൂണിറ്റുകള്‍ക്ക് പകരം എല്‍ഇഡി ഡിആര്‍എല്ലുകള്‍ വന്നിരിക്കുന്നു. ആറുപാളികളുള്ള കറുപ്പ് ഗ്രില്ലിനും വലിപ്പക്കൂടുതലുണ്ട്. 15 ഇഞ്ച് അലോയ് വീലുകള്‍. പിന്നില്‍ ബംപര്‍ ഡിസൈന്‍ കൂടുതല്‍ സ്പോര്‍ട്ടിയാണ്. ഏഴു നിറങ്ങളില്‍ എത്തുന്ന പുതിയ ഡിസയറില്‍ മാത്രമാണ് അല്യൂറിങ് ബ്ലൂ, ഗാലന്റ് റെഡ്, നട്ട്മെഗ് ബ്രൗണ്‍ എന്നീ നിറങ്ങള്‍ ഉള്ളത്.
സ്വിഫ്റ്റിനെ അപേക്ഷിച്ച് സണ്‍റൂഫ് അടക്കമുള്ള അധിക ഫീച്ചറുകള്‍ ഡിസയറിലുണ്ടാവും. അതേസമയം ഇന്റീരിയറിലെ നിരവധി ഫീച്ചറുകള്‍ സ്വിഫ്റ്റുമായി ഡിസയര്‍ പങ്കുവെക്കുന്നുമുണ്ട്. ഡാഷ്ബോര്‍ഡ് കൂടുതല്‍ ലൈറ്റ് നിറത്തിലാണ്. സീറ്റുകള്‍ കൂടുതല്‍ പ്രീമിയമാക്കിയിട്ടുണ്ട്. പ്രീമിയം സീറ്റുകള്‍, 9 ഇഞ്ച് ടച്ച്സ്ക്രീന്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ സ്വിഫ്റ്റില്‍ നിന്നും ഡിസയറിലേക്കെത്തും. പുതിയ ഡിസയറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ അഡാസ് സുരക്ഷാ ഫീച്ചറുകളും ഉണ്ടാവുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
സെഗ്മെന്റിലെ ആദ്യത്തെ പവേഡ് സണ്‍ റൂഫ്, 9 ഇഞ്ച് ടച്ച്സ്ക്രീന്‍, 360 ഡിഗ്രി ക്യാമറ, ക്രൂസ് കണ്ട്രോള്, വയര്‍ലെസ് ചാര്‍ജര്‍, സുസുക്കി കണക്ട് കാര്‍ കണക്ടിവിറ്റി സ്യൂട്ട് എന്നിങ്ങനെ നീളുന്നു പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകള്‍. സുരക്ഷാ സൗകര്യങ്ങള്‍ക്ക് മാരുതി സുസുക്കി നല്കിയ പ്രാധാന്യമാണ് ഡിസയറിനെ 5 സ്റ്റാര്‍ സുരക്ഷയെന്ന നേട്ടത്തിലേക്കെത്തിച്ചത്. എല്ലാ വകഭേദങ്ങളിലും സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകളും പുതിയ ഡിസയറിലുണ്ട്. ഒപ്പം എബിഎസ്, ഇഎസ്പി, ISOFIX ആങ്കറുകള്‍, ഹില്‍ഹോള്‍ഡ് അസിസ്റ്റ് എന്നിങ്ങനെ നീളുന്നു സുരക്ഷാ ഫീച്ചറുകള്‍.
പുതിയ ഡിസയറിന് സ്വിഫ്റ്റിന്റെ Z12E പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. കരുത്തിനേക്കാള്‍ കാര്യക്ഷമതക്കാണ് പ്രാധാന്യം. മാനുവല്‍ ട്രാന്സ്മിഷനില് ലീറ്ററിന് 24.79 കീലോമീറ്ററും എഎംടിയില്‍ ലീറ്ററിന് 25.71 കീലോമീറ്ററുമാണ് ഇന്ധനക്ഷമത. പഴയ ഡിസയറിനെ അപേക്ഷിച്ച് മാനുവലില്‍ 2.38 കീലോമീറ്ററും ഓട്ടമാറ്റിക്കില്‍ 3.1 കീലോമീറ്ററും പുതിയ ഡിസയറില്‍ ഇന്ധനക്ഷമത കൂടുതലാണിത്. പുതു ഡിസയറിന്റെ വില 6.79 ലക്ഷം മുതല്‍ 10.14 ലക്ഷം രൂപ വരെ.