ADVERTISEMENT

ചെറുപ്പത്തിലെ വാഹന ഒാർമകളിൽ തിളങ്ങുന്ന ഇളം നീല (ബേബി ബ്ലൂ) പെയിന്റടിച്ച, വലിയ ഉരുണ്ട ഹെഡ്‌ലാംപുകളും വാ പൊളിച്ചിരിക്കുന്നതു പോലെയുള്ള അകന്ന ഗ്രില്ലും ചതുര വടിവുമുള്ള ആ വാഹനവുമുണ്ട്; ഫാർഗോ. സ്റ്റേഷൻ വാഗനാണ്. എന്നു വച്ചാൽ ഇന്ന് താരതമ്യം ചെയ്യാനായി ഒരു വാഹനമില്ല.

premier-station-wagon
Fargo Station Wagon

ഏതാണ്ട് ടാറ്റ 407 ന് ഒത്ത വലുപ്പമുള്ള ലോഡ് കാരിയർ ഭാഗം. ജീപ്പുകളിലേതു പോലെ പരസ്പരം നോക്കുന്ന സീറ്റുകളിട്ട പാസഞ്ചർ കം ലഗേജ് ഇടം. വശങ്ങളിൽ പടുത. പിന്നിൽ ഫാർഗോ എന്ന് ഇംപോസ് ചെയ്ത ഹാഫ് ഡോർ താഴേക്ക് മറിക്കാം. ഒരു ആക്സി‍ഡന്റ് റിപ്പയർ കഴിഞ്ഞപ്പോൾ ഈ ഫാർഗോ എഴുത്ത് ഡോഡ്ജ് എന്നായി മാറിയത് അന്നൊരു സമസ്യയായിരുന്നു. ഇന്ന് അതിന്റെ കാരണം പിടികിട്ടി. എന്തുകൊണ്ടാണെന്ന് ലേഖനം തീരുമ്പോൾ പിടികിട്ടും.

407 മുറിമൂക്കനാണെങ്കിൽ ഫാർഗോയ്ക്ക് നീണ്ട മൂക്കാണ്. എന്നു വച്ചാൽ വലിയ ബോണറ്റ്. നീളം കൂടുതൽ. പൊതുവേ ചതുര വടിവ്. ക്യാബിന് സ്റ്റീൽ റൂഫും ഡോറും െെവൻഡറുള്ള െെസഡ് ഗ്ലാസുകളും ക്വാർട്ടർ ഗ്ലാസുമൊക്കെയുണ്ട്. ക്യാബിനിൽ നാലു പേർക്കെങ്കിലും സുഖമായിരിക്കാവുന്ന െബഞ്ച് സീറ്റ്. പിന്നിൽ പരസ്പരം നോക്കുന്ന സീറ്റുകളിൽ 16 പേർക്ക് ഇരിക്കാം. നടുക്ക് പ്ലാറ്റ്ഫോമിൽ സാധനസാമഗ്രികളും കയറ്റി വയ്ക്കാം. പിൻവശത്ത് ക്യാൻവാസ് സോഫ്റ്റ് ടോപ്. ഹാർഡ് ടോപ് മോഡലുകളുമുണ്ട്.

furgo-3
ഫർഗോ

∙ ഇലക്ട്രിസിറ്റി ബോർഡിന്റെ വാഹനങ്ങൾ

ഇനി നീല വണ്ടിയുടെ ഉടമകളെ അറിയണം– കെഎസ്ഇബി. കറന്റിന്റെ തമ്പുരാക്കൻമാർ മാത്രമല്ല കേരളത്തിൽ അപൂർവവും വ്യത്യസ്തവുമായ വാഹനശേഖരമുള്ള സ്ഥാപനവുമായിരുന്നു കെഎസ്ഇബി. വില്ലീസ് ലെഫ്റ്റ് ഹാൻഡ് െെഡ്രവ് ജീപ്പുകൾ, അതും അടുത്ത കാലത്ത് ലേലം ചെയ്യുന്നതു വരെ ഒറിജിനൽ ഹരികെയ്ൻ എൻജിനുള്ളവ. അത്യപൂർവമായ അംബാസഡർ സ്റ്റേഷൻ വാഗൻ കാറുകൾ, ഫാർഗോ, ഡോഡ്ജ്, ബെഡ്ഫോർഡ്, ബ്രിട്ടിഷ് ലെയ്‌ലൻ‌‍ഡ് ട്രാക്ടർ ട്രെയ്‌ലർ, ഭീമാകാരമായ മാക് ട്രാക്ടർ ട്രെയ്‌ലർ, പിൽക്കാലത്ത് പ്രീമിയർ, ഹിന്ദുസ്ഥാൻ... എന്നു വേണ്ട എല്ലാം. ഇടുക്കി ഡാം നിർമാണ കാലത്ത് കാനഡയുമായുണ്ടായ കരാറിൻ പ്രകാരം പലവിധ വാഹനങ്ങൾ ഇവിടെയെത്തി. പലതും ഇടുക്കിയിൽത്തന്നെ ഉപേക്ഷിക്കപ്പെട്ടു. കാടും പടലും പടർന്നു കയറി തുരുമ്പായി, മണ്ണടിഞ്ഞു. ചിലതൊക്കെ ആക്രിയായി പൊളിച്ചു വിൽക്കപ്പെട്ടു.

കാലാകാലങ്ങളിൽ ലേലം ചെയ്തും നശിച്ചും പോയില്ലായിരുന്നെങ്കിൽ വലിയൊരു വാഹന മ്യൂസിയം തന്നെ കെഎസ്ഇബിക്ക് സ്വന്തമാകുമായിരുന്നു. ഓരോ വണ്ടിയുടെ ഒരു മോഡലെങ്കിലും വയ്ക്കാനുള്ള ദീർഘവീക്ഷണം ആർക്കും ഉണ്ടായില്ല. കുറ്റം പറയരുത്, അങ്ങനെയൊരു തോന്നലുണ്ടായിരുന്നെങ്കിൽ ആരോഗ്യ വകുപ്പിനും പൊലീസിനും കെഎസ്ആർടിസിക്കും ആഗോള നിലവാരമുള്ള വാഹന മ്യൂസിയങ്ങളുണ്ടാകുമായിരുന്നു...

Fargo
ഫർഗോ ട്രക്ക്

∙ ചരിത്രത്തിലെ ഫാർഗോകൾ, ഡോഡ്ജുകൾ, പ്രീമിയറുകൾ

കഥാനായകൻ ഇളം പച്ചയണിഞ്ഞ കെഎസ്ഇബി ഫാർഗോ മറ്റനേകം ഫാർഗോകൾക്കും ഡോ‍ഡ്ജുകള്‍ക്കുമൊപ്പം മറവിലേക്കു മറഞ്ഞെങ്കിലും ഇന്ത്യയിലെ വാഹന വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു ഈ വാഹനങ്ങൾ. വാഹനവ്യവസായത്തിന്റെ ചരിത്രവും അതിനു പിന്നിൽ പ്രവർത്തിച്ച ചില വ്യക്തികളുടെ ഉൾക്കരുത്തിന്റെ പ്രതീകവുമായി ഈ വാഹനങ്ങൾ തൊണ്ണൂറുകൾ വരെ നിരത്തു നിറഞ്ഞോടി.

dodge-2
ഡോഡ്ജ്

അവസാന കാലത്തെ പേരുകൾ ഒാർക്കുന്നുണ്ടാവും. പ്രീമിയർ, പാൽ. ഏറ്റവുമൊടുവിൽ സിൽവർ നിറമുള്ള ടിവിഎസ് പാഴ്സൽ ലോറികൾ. ഈ നൂറ്റാണ്ടിന്റെ തുടക്ക കാലത്തു വരെ മിന്റ് കണ്ടീഷനിലുള്ള പ്രീമിയർ ലോറികളിൽ ടിവിഎസ് പാഴ്സൽ സഞ്ചാരം നടത്തി. മരുത്വാ മല ചുമന്നു നിൽക്കുന്ന ഹനുമാനെ പേറി ഒാടുന്ന മഞ്ഞ നിറമുള്ള എബിടി പാഴ്സൽ സർവീസും ടാറ്റയിലേക്ക് കടക്കും മുമ്പ് പ്രീമിയറായിരുന്നു എന്നൊരു ഒാർമ. സ്കൂൾ കാലത്ത് കോട്ടയത്ത് ഏതാനും ഫാർഗോ െെലൻ ബസുകളുണ്ടായിരുന്നു. ലെയ്‌ലൻഡിലും ടാറ്റയിലും വലുപ്പം കുറഞ്ഞ ബസുകൾ. അതും കഴിഞ്ഞ് കണ്ടിട്ടുള്ളത് മൂക്ക് നീണ്ട ചില തമിഴൻ ലോറികളാണ്. ഇന്നും സ്റ്റണ്ട് സീനുകളിൽ ധാരാളമായി കാണുന്ന ഇത്തരം ചില ലോറികൾ പ്രീമിയർ ബ്രാൻഡിൽ പുതുപുത്തൻ പോലെ അടുത്ത കാലത്ത് മധുരയിൽ കണ്ടു. സാധാരണ ഡീസൽ ശബ്ദങ്ങളിൽനിന്നു വ്യത്യസ്തമായി ഒരു ചീറ്റൽ ശബ്ദമായിരുന്നു ഈ വാഹനങ്ങൾക്ക്.

∙ കപ്പലും വിമാനവും കാറും നിർമിച്ച കർമയോഗി

സേഥ് വാൽചാന്ദ് ഹീരാചാന്ദ്. ബ്രിട്ടിഷ് ഇന്ത്യക്കാലത്തെ വ്യവസായി. ടാറ്റയും ബിർലയും മഹീന്ദ്രയും ഇക്കാലത്തും പുകഴ്ത്തപ്പെടുമ്പോള്‍ വിസ്മരിക്കപ്പെട്ട ഒരു വ്യക്തിത്വം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പേരു വഹിക്കാൻ ഇപ്പോൾ ഒരു സ്ഥാപനമില്ലാത്തത്താവാം ഈ മറവിക്കു പിന്നിൽ. എന്നാല്‍ മറക്കാനാവില്ല സേഥ് വാൽചാന്ദിനെ.

fargo-6
ഫർഗൊ

ഇന്ത്യയിലെ ആദ്യത്തെ ഷിപ്‌യാഡ്, വിമാന നിർമാണ ശാല, കാർ നിർമാണ ശാല... ഇതൊക്കെ സ്ഥാപിച്ചതിന്റെ മികവ് വാൽചാന്ദ് ഗ്രൂപ്പ് സ്ഥാപകൻ സേഥ് വാൽ ചന്ദിനാണ്. വിശാഖപട്ടണത്ത് കപ്പൽശാലയും ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് വിമാന ശാലയും സ്ഥാപിച്ച വാൽചന്ദ് എന്ന ഗുജറാത്തി വ്യവസായി തൊട്ടതെല്ലാം പൊന്നാക്കി. കരിമ്പു വ്യവസായത്തിൽത്തുടങ്ങി മിഠായി നിർമാണം മുതൽ ഇൻഷുറൻസ് വരെയുള്ള മേഖലകളിൽ അദ്ദേഹം വിജയക്കൊടി പാറിച്ചു. കാർ വ്യവസായത്തിനു തറക്കല്ലിട്ട് തുടക്കം കുറിച്ച ശേഷം 67–ാം വയസ്സിൽ പക്ഷാഘാതത്തിനിരയായി. പിന്നെ മൂന്നു വർഷമേ ജീവിച്ചിരുന്നുള്ളൂ. 1953 ൽ മരണം.

∙ ജി എം വീണില്ല, ഫോഡ് പാതി വീണു, െെക്രസ്‌ലർ വീണു

സേഥ് വാൽ ചാന്ദിന്റെ ഒരു അമേരിക്കൻ യാത്രയോടെയാണ് എല്ലാം തുടങ്ങുന്നത്. 1939 ൽ വാൽ ചാന്ദും പങ്കാളി അദ്വാനിയും അമേരിക്കയിൽ പോകുന്നത് സ്വന്തമായി ഇന്ത്യയിൽ വാഹന നിർമാണം തുടങ്ങാനാണ്. കാറുകൾ മുതൽ ട്രക്കുകൾ വരെ നിർമിക്കാൻ ശേഷിയുള്ള സ്ഥാപനമാണ് മനസ്സിൽ. അന്ന് ടാറ്റ പോലും ഈ രംഗത്തേക്ക് കടന്നിട്ടില്ല. ലോക്കോ മോട്ടിവ് രംഗത്തായിരുന്നു ടാറ്റയുടെ ശ്രദ്ധ. ടാറ്റ എൻജിനിയറിങ് ആൻഡ് ലോക്കോമോട്ടിവ്, ടെൽകോ. പേരു ടാറ്റ മോട്ടോഴ്സ് ആയി മാറിയിട്ട് അധികനാളായില്ല.‌

bus

വമ്പൻമാരായ ജനറൽ മോട്ടോഴ്സ്, ഫോഡ്, െെക്രസ്‌ലർ ഇവരെ കാണുക. ഇന്ത്യയിലേക്ക് വാഹനങ്ങൾ കൊണ്ടു വരിക. പിന്നീട് സ്വയംപര്യാപ്തമായി നിർമാണം തുടങ്ങുക. ഇതായിരുന്നു ലക്ഷ്യം. കാറുകളാണ് പ്രാഥമികം, പിന്നെ മറ്റു വാഹനങ്ങളും.

ആദ്യം സമീപിച്ചത് ജനറൽ മോട്ടോഴ്സിനെയാണ്. ഡെട്രോയിറ്റിലെ തണുത്ത രാവുകളിൽ ചർച്ചകൾ ഏറെ നീണ്ടു. പക്ഷേ ഗുണമുണ്ടായില്ല. കാരണം, ഇന്ത്യയിൽ സ്വന്തം നിലയിൽ വലിയൊരു നിർമാണ, വിതരണ സംവിധാനത്തിനുള്ള ശ്രമത്തിലായിരുന്നു അവർ. ദശകങ്ങൾ കഴിഞ്ഞിട്ടും പൂർണമായി യാഥാർഥ്യമാകാതെ പാതി വഴിയിൽ ഇട്ടെറിഞ്ഞു പോയ സ്വപ്നം.

Dodge-kingsway
Dodge Kingsway

അടുത്ത കൂടിക്കാഴ്ച സാക്ഷാൽ ഹെൻട്രി ഫോഡുമായി. അന്ന് ജി എം ഒന്നാം സ്ഥാനത്തും ഫോഡ് രണ്ടാമതും നിൽക്കുന്നു. കച്ചവടം നന്നായി അറിയാവുന്ന ഫോഡ് സമ്മതിച്ചു. പക്ഷെ അദ്ദേഹത്തിെൻറ മാസ് പ്രൊഡക്‌ഷൻ എന്ന ആപ്തവാക്യവുമായി ഇന്ത്യയിലെ വിപണി ചേർന്നു പോകില്ല എന്ന് ഫോഡ് മനസ്സിലാക്കി. ചെറിയ രീതിയിലുള്ള ഉൽപാദനത്തിനേ ഇന്ത്യയിൽ വിപണിയുള്ളൂ. അതുകൊണ്ട് കാനഡയിലെ സബ്സിഡിയറിയുമായി ചർച്ച ചെയ്തു തീരുമാനിക്കൂ എന്ന ഉപദേശവുമായി ഫോഡ് ഹസ്തദാനം നൽകി പിരിഞ്ഞു. ഇവരെ സഹായിക്കണം എന്നു കാനഡ വിഭാഗത്തിനു നിർദേശവും നൽകി. എന്നാൽ അതും യാഥാർഥ്യമായില്ല. ഇന്ത്യയിലെ കുഞ്ഞു സംഖ്യകൾ ഡീലർഷിപ്പുകൾ കൊണ്ടു നിയന്ത്രിക്കാനുള്ളതേ ഉള്ളൂ എന്നായിരുന്നു ഫോഡ് ചിന്ത.

ഒന്നു പിഴച്ചാൽ മൂന്ന്. െെക്രസ്‌ലർ. അന്നത്തെ മൂന്നാമത് വാഹനനിർമാതാക്കളായ െെക്രസ്‌ലർ സമ്മതം മൂളി. 1940 ൽ അന്നത്തെ ബോംെെബയിൽ കരാർ ഒപ്പിട്ടു. ചരിത്രത്തിനു തുടക്കമായി. ഇന്ത്യയിലെ വാഹന നിർമാണ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാപനം കാറും വാനും ലോറിയും ഉണ്ടാക്കാൻ പോകുന്നു.

plymouth-davoy
Plymouth Savoy

∙ പ്ലെയിൻ കാറുമായി ഉഗ്രൻ തുടക്കം

പിന്നെയും െെവകി. ആദ്യ ഉദ്യമമെന്ന നിലയിൽ കടമ്പകൾ പലതും കടക്കണമല്ലോ. 1944 ൽ പ്രീമിയർ ഒാട്ടമൊബീൽസ് ലിമിറ്റഡ് സ്ഥാപിതമായി. രണ്ടാം ലോകയുദ്ധത്തിനും സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ഘട്ടങ്ങളിലും പദ്ധതി ഉലഞ്ഞാടി. പക്ഷേ പിടി വിട്ടില്ല. 1947 പ്രീമിയറിന്റെ സ്വതന്ത്ര വര്‍ഷമായി. സ്വതന്ത്ര ഇന്ത്യയുടെ കൊടി ഉയരുന്നതിനു തെല്ലു മുമ്പ് കുർലയില്‍ ഉത്പാദനം തുടങ്ങി.

ചെറിയ തുടക്കം. രണ്ടു വാഹനങ്ങൾ. സത്യത്തിൽ അസംബ്ലി. പ്ലിമത് കാർ, ഡോഡ്ജ് ലോറി. കാർ പിന്നീട് ഡോഡ്ജായും പ്ലിമത്തായും വിറ്റു. ട്രക്ക് ഡോഡ്ജിനു പുറമേ ഫാർഗോയായും ഇറങ്ങി. ഡി സോട്ടോ എന്ന ബ്രാൻഡിലും ആദ്യകാലത്ത് ഇറക്കുമതി വാഹനങ്ങൾ ഇറങ്ങിയിട്ടുണ്ട്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചരിത്രം. 1928 മുതൽ 1961 വരെ െെക്രസ്‌ലർ ഇറക്കിയിരുന്ന ബ്രാൻഡായിരുന്നു ഇത്. 20 ലക്ഷം ഡി സോട്ടോകൾ ഇറങ്ങിയതിൽ കൂടുതലും യുഎസിലും കാനഡയിലുമായിരുന്നെങ്കിലും ഇന്ത്യയിലും ആരും ഇന്ന് ഒാർത്തിരിക്കാത്ത ഈ വാഹനങ്ങൾ ട്രക്കായും കാറായും ബസായും ഇറങ്ങി.

desoto

ഉന്നത നിലവാരമായിരുന്നു ഈ വാഹനങ്ങളുടെെയല്ലാം മുഖമുദ്ര. അന്നത്തെ കാറെന്നൊക്കെ പറഞ്ഞാൽ രണ്ടാം വരവിൽപ്പോലും അമേരിക്കൻ വമ്പന്മാർ കൈവയ്ക്കാൻ മടിച്ചത്ര ആഡംബരം. പ്ലെയിൻ കാറെന്നു വിളിക്കപ്പെട്ട ജെറ്റ് ഫിൻ സ്റ്റൈലിങ്ങിലുള്ള പിൻവശം. ആറു സിലിണ്ടർ എന്‍ജിൻ. ട്യൂബ്‌ലെസ് ടയറുകൾ. ആഡംബര ഉൾവശം. മിനി ബസിനൊപ്പം വലുപ്പം. അതൊക്കെയൊരു കാറായിരുന്നു. 50 കളുടെ തുടക്കത്തിലെ ആവേശം അന്നത്തെ ബോളിവുഡ് ചിത്രങ്ങളിലടക്കം തിളങ്ങി. ഈ വലുപ്പത്തിനും ആഡംബരത്തിനും പിന്നിലെ സത്യം അമേരിക്കൻ കാറുകൾ ഇന്ത്യയിലേക്ക് അതുപോലെ ഇറക്കുമതിയായിരുന്നു എന്നതാണ്. പെട്രോൾ കത്തിക്കുന്നതിലും ആഡംബരം െെമക്ക് വച്ചു വിളിച്ചോതുന്നതിലും അക്കാലത്ത് അമേരിക്കൻ കാറുകൾ കഴിഞ്ഞേ മറ്റു കാറുകളുണ്ടായിരുന്നുള്ളൂ.

∙ ബ്രിട്ടൻ വഴി ഇന്ത്യയിലെത്തിയ അമേരിക്കൻ ബന്ധം

സ്വാതന്ത്ര്യാനന്തരം സ്പെയർ പാർട്സുകൾ ഇന്ത്യയിൽ നിർമിക്കാനാരംഭിച്ചു. ചെറിയ, ലളിതമായ ഘടകങ്ങളിൽനിന്ന് സങ്കീർണമായ എൻജിൻ, ഗിയർ ബോക്സ്, ട്രാൻസ്മിഷൻ ഘടകങ്ങളിലേക്ക് പതിയെ വളർന്നു. അക്കാലത്ത് ബോംെെബയിലെ പ്രീമിയറിനു പുറമേ മറ്റൊരു നിർമാതാവു കൂടി ഇതേ രംഗത്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു; കല്‍ക്കട്ടയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. ബ്രിട്ടനുമായുള്ള കരാറിൽ മോറീസ് 10 കാറുകൾ ഹിന്ദുസ്ഥാൻ 10 എന്ന ബ്രാൻഡിൽ അവർ ഇറക്കിയിരുന്നു. ഇതേ കാലഘട്ടത്തിൽ, 1949 മുതൽ മഹീന്ദ്ര വില്ലീസ് ജീപ്പുകളും ഇവിടെ നിർമിച്ചു. അമേരിക്കയിലെ വില്ലീസ് ഒാവർലാൻഡുമായായിരുന്നു സഹകരണം.

അമേരിക്കനാണെങ്കിലും ഇന്ത്യയിൽ ഡോഡ്ജിന് ഒരു ബ്രിട്ടിഷ് ബന്ധം കൂടിയുണ്ട്. ബ്രിട്ടനിലെ ക്യൂവിൽ നിന്നുള്ള നിർമാണശാലയാണ് ഇന്ത്യയിലേക്കു പറിച്ചു നട്ടത്. ബ്രിട്ടനിൽ വിജയിക്കാതിരുന്നതും തെല്ലു കാലഹരണപ്പെട്ടതുമായ മോഡലുകൾ നിർമിക്കാനുള്ള പ്ലാന്റുകളാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്.

തുടക്കത്തിൽ വലിയ വിൽപനയൊന്നുമില്ലായിരുന്നു. പ്രീമിയറും ഹിന്ദുസ്ഥാനും സംയുക്തമായി 20000 വാഹനങ്ങളാണ് അക്കാലത്ത് ഒരു കൊല്ലം വിറ്റത്. അറുപതിലധികം മോഡലുകളിൽ ഇറക്കുമതിയുമുണ്ട്. െെക്രസ്‌ലർ നിരയിലെ ഏതു വാഹനവും ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് സ്വന്തമാക്കാനും അക്കാലത്ത് അവസരമുണ്ടായിരുന്നു. ഈ വാഹനങ്ങൾക്ക് ക‍‍‌ൃത്യമായ സർവീസിങ്ങിനും അന്ന് മഹാനഗരങ്ങളിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇറക്കുമതി നിയന്ത്രണവും ലൈസൻസ് രാജും വന്നതോടെ ഈ നല്ല കാലത്തിനു വിരാമമായി.

Fiat-Millecento
ഫിയറ്റ് മില്ലിസെന്റോ

ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി അക്കാലത്ത് സാധ്യമായിരുന്നു. പ്രീമിയറിനും ഹിന്ദുസ്ഥാനും ഇതു തിരിച്ചടിയയാപ്പോഴാണ് സർക്കാർ ഇടപെട്ട് ഇറക്കുമതി ചുങ്കം ഉയർത്തിയതെന്നതാണ് രസകരം.

∙ ജനപ്രിയ മില്ലിസെന്റോയിലേക്ക് ചുവടുമാറ്റം

ഇക്കാലത്തുണ്ടായ മറ്റൊരു മാറ്റം ഇന്ത്യയ്ക്കു പറ്റിയ കാറുകൾ കണ്ടെത്തുകയെന്നതായിരുന്നു. ആഡംബര കൊട്ടാരങ്ങളായ അമേരിക്കൻ കാറുകൾക്ക് ഇന്ത്യയിൽ വിപണി കുറവാണെന്ന തിരിച്ചറിവ് പ്രീമിയറിനെ യൂറോപ്പിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അമ്പതുകളിൽ പ്രീമിയർ ഫിയറ്റുമായി ധാരണയിലെത്തി. മില്ലിസെന്റോയും ജനപ്രിയ പ്രീമിയർ പദ്മിനിയും മുതൽ എസ് 1 വരെ നീളുന്ന വലിയൊരു ചരിത്രത്തിനു തുടക്കം. ഒതുങ്ങിയ രൂപവും മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനവും ഒക്കെയായി ഫിയറ്റുകൾ ഇന്ത്യയിൽ വേരുറപ്പിച്ചു. പ്ലിമത്തുകൾക്കും മറ്റു ഡോഡ്ജുകൾക്കും സ്വാഭാവിക മരണം. 60 കൾ വരെ അമേരിക്കൻ കാറുകളും പിന്നീട് ‘മരിക്കുന്നതു’ വരെ ഫാർഗോ, ഡോഡ്ജ് ട്രക്കുകളും ബസും പ്രീമിയർ നിർമിച്ചു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവസാന ട്രക്ക് ഇറങ്ങുമ്പോൾ ബ്രാൻഡ് പ്രീമിയർ എന്നായിരുന്നു.

ട്രക്ക് നിർമാണത്തിെൻറ പരിപൂർണതയിൽ പ്രീമിയർ എത്തുന്ന 1957 കാലഘട്ടത്തിൽ അര ലക്ഷത്തിലധികം വാഹനങ്ങൾ നിർമിച്ചു. 60 ശതമാനം ഘടകങ്ങളും ഇന്ത്യയിൽത്തന്നെ നിർമിച്ചു. ദിവസം 40 ട്രക്കുകൾ എന്ന പരമാവധി ഉത്പാദനക്ഷമതയിലാണ് പ്രവർത്തിച്ചിരുന്നത്. ആദ്യ കാല പെട്രോൾ മോഡലുകൾക്കു പിന്നാലെ സ്വതസിദ്ധമായ ചീറ്റലുമായി ഡീസലും ഇറങ്ങി.

fiat-1100
ഫിയറ്റ് 1100

ഹിന്ദുസ്ഥാൻ മോട്ടോഴ്സ് പക്ഷേ മോറിസിൽ നിന്നു പിടിവിട്ടില്ല. 1949 ൽ മോറിസ് 10, പിന്നാലെ മോറിസ് 14, അതിനു പിന്നിൽ ഹിന്ദുസ്ഥാൻ 14, ലാൻഡ് മാസ്റ്റർ, അംബാസഡർ... അതു വേറൊരു കഥയാണ്...

∙ പ്രീമിയറിന്റെ കഥ തുടരുന്നു

പ്രീമിയറിന്റെ കഥ കുറച്ചു കൂടിയുണ്ട്. ഫിയറ്റിന്റെ പല മോഡലുകൾ പലതരം പദ്മിനികളായി ഇറങ്ങി. സ്റ്റേഷൻ വാഗൻ അടക്കം പദ്മിനിയുടെ വിവിധ മോഡലുകൾ. എൺപതുകളിൽ ഫിയറ്റ് 124 ന്റെ പഴയ ബോഡിയിൽ പഴയ എൻജിനും നിസ്സാൻ നാലു സ്പീഡ് ഗിയർ ബോക്സും വച്ച് പുതിയൊരു മോഡലിറക്കി– 118 എൻ ഇ. ഈ മോഡലിന് പിന്നീട് 138 ഡി എന്ന ഡീസൽ മോഡലുമെത്തി. ഈ എൻജിൻ അവസാന കാല പദ്മിനികളിൽ 137 ഡി എന്ന മോഡലായി ഇറങ്ങി. സമാന കാലത്ത് എസ് 1 എന്ന പെട്രോൾ പദ്മിനിയും ഇറങ്ങി.

peugeot-309
Peugeot 309

ഫ്രാൻസിലെ പെഷൊയുമായി ചേർന്ന് പെഷൊ 309 മോഡൽ ഇന്ത്യയിലിറക്കിയത് 1998 ലാണ്. തുറന്ന വിപണിയിൽ ആധുനികതയും മികവുമുള്ള കാറുകൾ വേണമെന്ന ചിന്തയിൽ പ്രീമിയർ വെള്ളം ചേർത്തു. പെഷൊയുടെ അന്യം നിന്ന മോഡലുകളിലൊന്നാണ് കുറഞ്ഞ വിലയിൽ െെഡകളും ഘടകങ്ങളും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ നിർമിച്ചത്. എന്നാൽ അന്നത്തെ സാങ്കേതികതയിൽ പെഷൊ മോശമാണെന്നു പറയാനാവില്ല. പ്രത്യേകിച്ച് ടി യു ഡി 5 ഡീസൽ എൻജിൻ. ഇന്ത്യയിൽ ചെറു ഡീസൽ എൻജിനുകളുടെ ഗതി തന്നെ തിരുത്തിയ ടി യു ഡി 5 പിൽക്കാലത്ത് മാരുതി അടക്കമുള്ള നിർമാതാക്കൾ ഉപയോഗിച്ചിരുന്നു.

premier-padmini
പദ്‌മിനി

പെഷൊയ്ക്കൊപ്പം പഴയ പങ്കാളികളായ ഫിയറ്റുമായും ബന്ധം തുടർന്നു. ഇതിലും ഏതാനും തൊഴിൽ പ്രശ്നങ്ങളിലും മനം മടുത്ത പെഷൊ 2000 ൽ പ്രീമിയറുമായി തെറ്റിപ്പിരിഞ്ഞു. ഇന്ത്യയിലെ വിപണിയിൽ പഴയ മോഡൽ മതി എന്ന തെറ്റായ വിവരം പ്രീമിയർ നൽകിയെന്നും പെഷൊയ്ക്ക് പരാതിയുണ്ടായിരുന്നു. പഴഞ്ചൻ കാറുകളുണ്ടാക്കുന്ന സ്ഥാപനം എന്നൊരു ചീത്തപ്പേര് ഇന്ത്യയിൽ അങ്ങനെ പെഷൊയ്ക്ക് ഉണ്ടായി. സത്യത്തിൽ ധാരാളം പുതു മോഡലുകൾ ഇന്ത്യയിലെത്തിക്കാൻ പെഷൊയ്ക്ക് കഴിവുണ്ടായിരുന്നു.

∙ പെഷൊയെ പിണക്കി, ഫിയറ്റ് പിണങ്ങി

ഫിയറ്റുമായുള്ള ബന്ധവും പെഷൊയെ ചൊടിപ്പിച്ചിരുന്നു. എന്തായാലും പെഷൊയ്ക്ക് നൽകിയ അതേ ഉപദേശം തന്നെയാണ് പ്രീമിയർ ഫിയറ്റിനും നൽകിയത്. ഇന്ത്യയിലിപ്പോൾ പുതിയ വാഹനങ്ങളൊന്നും വേണ്ട. അങ്ങനെ പഴയൊരു ഊനോ മോഡൽ പൊടിതട്ടിയെടുത്ത് ഫിയറ്റ് ഇന്ത്യയ്ക്കു നൽകി. സാമാന്യം കുഴപ്പമില്ലാത്ത വിൽപന നേടിയ ഊനോ പിന്നീട് പാലിയോയ്ക്ക് വഴി മാറി. ഇക്കാലത്ത് സിയേന എന്ന സെഡാനും ഇറങ്ങി. എസ്റ്റേറ്റ് മോഡലടക്കം ഡീസലിലും പെട്രോളിലും ഏറെ നാൾ ഈ കാറുകൾ തിളങ്ങിയിരിക്കെയാണ് ഫിയറ്റ് പ്രീമിയറുമായി പിരിയുന്നത്.

ലോക പ്രശസ്തമായ പുണ്ടൊയും ലീനിയ സെഡാനും ഇന്ത്യയിൽ ആദ്യത്തെയും അവസാനത്തെയും ഫിയറ്റ് കാറുകളായിരുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പ്രവർത്തനം അവസാനിപ്പിച്ച് പോകുംമുമ്പ് അബാർത്ത്, ഫിയറ്റ് 500 മോഡലുകളും ഫിയറ്റ് ഇന്ത്യയിലെത്തിച്ചു. കുറച്ചു നാൾ ടാറ്റ മോട്ടോഴ്സുമായി സഹകരിച്ച് ടാറ്റ ഡീലർഷിപ്പുകൾ വഴി ഫിയറ്റുകൾ വിറ്റിരുന്നു. സർവീസിങ്ങും അവിടെത്തന്നെ. ഫിയറ്റ് കാറുകളുടെ ഇന്ത്യയിലെ ഏറ്റവും നല്ല കാലങ്ങളിലൊന്നായിരുന്നു അക്കാലം.

Fiat-118ne
ഫിയറ്റ് 118 എൻഇ

മാതൃസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പിനൊപ്പം ഫിയറ്റ് എത്തിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ഉറച്ച തീരുമാനങ്ങളില്ലാതിരുന്നതും ദീർഘകാല ആസൂത്രണമില്ലാത്തതും നല്ലൊരു നേതൃത്വത്തിന്റെ അഭാവവും ഇന്ത്യയിൽ ഫിയറ്റുകൾക്ക് ശവപ്പറമ്പൊരുക്കി. വർഷങ്ങൾ നീണ്ട ഫിയറ്റ് യശ്ശസ് മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇറ്റാലിയൻ കമ്പനി ദയനീയ പരാജയമായി.

∙ ഇന്ത്യയിൽ ഇറങ്ങിയ പ്രീമിയർ മോഡലുകൾ

പ്ലിമത്ത് സോവോയ് 1956: 1954 മുതൽ 1964 വരെ ക്രൈസ്‍ലർ നിർമിച്ച കാർ. തുടക്കത്തിൽ 1951 സോവോയ് എന്ന പേരിൽ ഒരു സ്റ്റേഷൻ വാഗൺ പുറത്തിറക്കി. 1954 സാവോയ് കൂപ്പേ. 1955–56 വരെ രണ്ടാം തലമുറ. 1957–1959 വരെ മൂന്നാം തലമുറ. 1960– 1961 വരെ നാലാം തലമുറ. രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തിയത്.

ഡോജ്ക് കിങ്സ്‌വേ 1956: 1954 മുതൽ 1958 വരെ പുറത്തിറങ്ങിയ പ്ലിമത്ത് പ്ലാസയെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപം.

പ്ലിമത്ത് ബെൽവഡേർ:1954 മുതൽ 1970 വരെ നിർമിച്ച കാറാണ് ബെൽവഡേർ

ഫിയറ്റ് 1100 (പ്രീമിയർ പദ്മിനി) 1954: 1953 മുതൽ 1969 വരെ ഫിയറ്റ് നിർമിച്ച കാർ. ഇന്ത്യയിൽ കൂടാതെ ഇറ്റലി, അർജന്റീന, ഓസ്ട്രേലിയ, ഇറാൻ, കൊറാക്കോ, യുഗോസ്ലാവിയ, തയ്‍വാൻ. വെസ്റ്റ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വിറ്റു.

ഫിയറ്റ് ഊനോ: ഫിയറ്റ് മൈൽ എന്ന പേരിൽ രാജ്യാന്തര വിപണികളിൽ വിറ്റിട്ടുണ്ട്. 1983 ൽ വിപണിയിലെത്തി. ആദ്യ തലമുറയല്ല 1989ൽ പുറത്തിറങ്ങിയ രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തിയത്.

ഫിയറ്റ് 118 എൻഇ: ഫിയറ്റ് 124 നെ അടിസ്ഥാനപ്പെടുത്തിയ കാർ. 1985 ലാണ് 118 എൻഇ എന്ന പേരിൽ ഇന്ത്യൻ വിപണിയിലെത്തുന്നത്.

പ്രീമിയര്‍ റിയോ: ദെയ്ഹാറ്റ്സുവിന്റെ ടെറിയോസ് എന്ന ചെറു എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയാണ് റിയോ പുറത്തിറങ്ങിയത്. ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്‌യുവിയാണ് റിയോ. തുടക്കത്തിൽ പെഷൊയുടെ ഡീസൽ എൻജിനും പിന്നീട് ഫിയറ്റിന്റെ മൾട്ടിജെറ്റ് എൻജിനും ഘടിപ്പിച്ച് പുറത്തിറങ്ങി.

പ്രീമിയർ സിഗ്മ: മാരുതി ഒമിനിയോട് മത്സരിക്കാൻ 2004 ൽ പ്രീമിയർ പുറത്തിറക്കിയ വാഹനമാണ് സിഗ്മ. മിറ്റ്സുബിഷിയുടെ സഹകരണത്തോടെ പുറത്തിറക്കിയ വാനിൽ 1.4 ലീറ്റർ ഡീസൽ എൻജിനായിരുന്നു. കൂടാതെ സിഎൻ‌ജി പതിപ്പും പറത്തിറക്കി.

പ്രീമിയർ റോഡ്സ്റ്റര്‍ & റോഡ്സ്റ്റർ ടിപ്പർ: പ്രീമിയർ പുറത്തിറക്കിയ ചെറു കൊമേഷ്യൽ വാഹനമാണിത്. 1.5 ടൺ വരെ ലോഡ് കയറ്റാവുന്ന വാഹനത്തിൽ 1.5 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്.

റോഡ്സ്റ്ററിന്റെ ചെറു ടിപ്പർമോഡലും പ്രീമിയർ പുറത്തിറക്കിയിട്ടുണ്ട്. 1527 സിസി ഡീസൽ എൻജിനും സിഎൻജി എൻജിനും.

fiat-uno
ഫിയറ്റ് യുനൊ

∙ റിയർ വ്യൂ: കെഎസ്ഇബിയുടെ ഫാർഗോ സ്റ്റേഷൻ വാഗന് എന്തുകൊണ്ടാണ് അറ്റകുറ്റപ്പണി കഴിഞ്ഞ് ഡോഡ്ജ് പിൻവാതിൽ വന്നതെന്ന് ഇപ്പോൾ പിടികിട്ടിക്കാണണം. ഇടി കിട്ടിയ പിൻ വാതിലിനു പകരം പുതിയതൊന്നു വാങ്ങാതെ ആക്രിക്കടയിൽ നിന്നു സ്വന്തമാക്കിയ ഡോർ പാകമാക്കി. ബാഡ്ജിങ് മാറിയ കാര്യം അന്നൊരു വലിയ സംഭവമായിരുന്നില്ല. കുറഞ്ഞ ചെലവിൽ കാര്യം നടക്കുക മുഖ്യം. രണ്ടും ഒരേ നിർമാതാവായതിനാൽ ഹിഞ്ചുകൾക്കടക്കം മാറ്റം വേണ്ടി വന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com