ഇനി നടക്കുന്നത് പൊരിഞ്ഞ പോരാട്ടം: യുദ്ധം ചെയ്യാൻ മാവെറിക്കും സാന്റക്രൂസും

Mail This Article
റിയോയിലൂടെ തങ്ങൾ തുടക്കം കുറിച്ചെന്നു പ്രീമിയർ ലിമിറ്റഡും (നമ്മുടെ പദ്മിനിയൊക്കെ ഇറക്കിയിരുന്ന...) ഇക്കോസ്പോർട്ടിലൂടെ തങ്ങളാണു രംഗം കൊഴുപ്പിച്ചതെന്നു ഫോഡും അവകാശപ്പെടുന്ന, ഇപ്പോഴും തുടരുന്ന ഒരു യുദ്ധമുണ്ട് ഇന്ത്യയിൽ... സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവി മല്ലയുദ്ധം. പിന്നീടു സീനിലേക്കു വന്ന ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്‌യുവി 300, ഹോണ്ട ഡബ്യൂആർവി, ഇരട്ട സഹോദരങ്ങളായ കിയ സോണറ്റ് – ഹ്യൂണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ – ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്‌നൈറ്റ് – റെനോ കൈഗർ എല്ലാം ചേർന്നിപ്പോൾ ഈ ഭാഗത്തു കൂട്ടയടിയാണു നടക്കുന്നത്. ആരും വിട്ടുകൊടുക്കാൻ തയാറല്ലെന്നു സെയിൽസ് ചാർട്ടിലെ സംഖ്യകൾ പറയുന്നു.

അതുപോലെ ഒരു യുദ്ധം യുഎസ് വാഹനവിപണിയിൽ തുടങ്ങാൻ പോകുകയാണു ഹ്യൂണ്ടായ് സാന്റക്രൂസും ഫോഡ് മാവെറിക്കും, കോംപാക്ട് പിക്കപ്പ് വാർ. നിലവിൽ ഈ മത്സരത്തിനു മേൽപറഞ്ഞ രണ്ടു സുന്ദരികൾ മാത്രമേ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളൂ എങ്കിലും ചെറുവാഹനങ്ങൾ നിർമിച്ചു പ്രാഗത്ഭ്യമുള്ള മസ്ദയും സുബാരുവും ഇവിടെ എന്തു കൊട്ടേഷനും എടുക്കുമെന്നു പറയാൻ ചങ്കുറപ്പുള്ള ജനറൽ മോട്ടോഴ്സും ക്രൈസ്‌ലറും (സ്റ്റെലന്റിസ് ഗ്രൂപ്പ്) അടങ്ങിയിരിക്കുമെന്നു കരുതാനാകില്ല.

‘റിജ്‌ലൈൻ’ എന്ന മിഡ്‌സൈസ് പിക്കപ്പ് ട്രക്കിന്റെ മുഖംമിനുക്കലിലൂടെ ഈ യുദ്ധത്തിൽ പങ്കെടുക്കുന്ന രണ്ടു വീരരെയും തളർത്താൻ തങ്ങൾ ആകുംപണി ശ്രമിക്കുമെന്നു ഹോണ്ടയും പ്രഖ്യാപിച്ചിട്ടുണ്ട്, അതും ഈ രണ്ടു പോരാളികളും ജനിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപുതന്നെ. ‘ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ...’ എന്ന ഡയലോഗുമായി ടൊയോട്ട ടാക്കോമയും ജീപ്പ് ഗ്ലാഡിയേറ്ററും മത്സരം കാണാൻ അരികിൽ വന്നു നിൽക്കുന്നുമുണ്ട്. എങ്കിലും രണ്ടാം സെറ്റിലുള്ള മൂന്നു പേർ മിഡ്‌സൈസ് പിക്കപ്പ് ട്രക്ക് വിഭാഗത്തിൽപ്പട്ടവരായതുകൊണ്ട് ഇവരെ മാറ്റി നിർത്തി പ്രധാന മത്സരാർഥികളെ പരിചയപ്പെടാം.

അമേരിക്കക്കാർ കോംപാക്ട് എന്നു പറയുമ്പോൾ അത് എങ്ങനെയിരിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ... ഇന്ത്യയിൽ ഇസുസു പുറത്തിറക്കിയ ‘ആനയുടെ വലുപ്പമുള്ള’ ഡി മാക്സ് വി ക്രോസ് എന്ന പിക്കപ്പ് ട്രക്കിനെക്കാൾ 6 ഇഞ്ചിന്റെ കുറവേയുള്ളു മാവെറിക്കിന്. 10 ഇഞ്ചിന്റെ കുറവേയുള്ളു സാന്റക്രൂസിന്.

ബലാബലം
തറവാടിന്റെ പാരമ്പര്യത്തിന്റെ കാര്യത്തിൽ മാവെറിക്ക് അൽപം മുന്നിലാണെങ്കിലും സൽപേരിന്റെ കാര്യത്തിൽ സാന്റക്രൂസിന്റെ തറവാടും ഒട്ടും പിന്നിലല്ല. എന്നു മാത്രമല്ല, വർഷങ്ങൾ കഴിയുന്തോറും സാന്റക്രൂസിന്റെ തറവാട്ടു മഹിമ കൂടി വരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കാണാനുള്ള അഴകിന്റെ കാര്യത്തിലും ഈ വ്യത്യസ്തത ഇരുവർക്കുമുണ്ട്. ബോക്സി സൗന്ദര്യമാണു മാവെറിക്കിനെങ്കിൽ കാറിന്റെ രൂപലാവണ്യം ആണു സാന്റക്രൂസിന്.

മാവെറിക്കിന് 200 ഇഞ്ച് നീളമുള്ളപ്പോൾ സാന്റക്രൂസിന് ആ കണക്കിൽ 5 ഇഞ്ചു കുറവാണ്. മാവെറിക്ക് ഹൈബ്രിഡ് വാഹനമാണ്. സാന്റക്രൂസ് പെട്രോളിൽ മാത്രമോടുന്ന വാഹനമാണ്. എന്നാൽ ഇരു വാഹനങ്ങളുടെയും അടിസ്ഥാന മോഡലിന്റെ ഹൃദയം 2500 സിസി പെട്രോൾ എൻജിനാണ്. മാവെറിക്ക് 191 ബിഎച്ച്പിയും സാന്റക്രൂസ് 190 ബിഎച്ച്പിയും പുറത്തെടുക്കുന്നു. 4 സിലിണ്ടർ എൻജിനാണു രണ്ടിനും. മോണോകോക്ക് നിർമിതിയും ഫ്രണ്ട് വീൽ ഡ്രൈവും ആണെന്ന സമാനതയും രണ്ടു മോഡലിനും ഉണ്ട്.

ഉയർന്ന വകഭേദങ്ങളുടെ താരതമ്യത്തിൽ സാന്റക്രൂസിന് മേൽക്കൈ ലഭിക്കുന്നു. 2000 സിസി 4 സിലിണ്ടർ ഇക്കോബൂസ്റ്റ് എൻജിൻ മാവെറിക്കിന് 250 ബിഎച്ച്പി കരുത്തു നൽകുമ്പോൾ 2500 സിസി ടിജിഡിഐ എൻജിൻ (ഇന്ത്യയിലും ഇതേ പരമ്പരയിൽപ്പെട്ട ശേഷി കുറഞ്ഞ എൻജിനുകൾ ഹ്യൂണ്ടായ് ഉപയോഗിക്കുന്നുണ്ട്) സാന്റക്രൂസിന് 280 ബിഎച്ച്പി കരുത്തു പകർന്നു നൽകുന്നു. ഗീയർബോക്സിന്റെ കാര്യത്തിലും സാന്റക്രൂസ് നേരിയതെങ്കിലും മേൽക്കൈ നിലനിർത്തുന്നു.

അടിസ്ഥാന വകഭേദത്തിന് ടോർക്ക് കൺവേർട്ടർ ട്രാൻസ്മിഷനും ഉയർന്ന വകഭേദത്തിന് ഡ്യുവൽ ക്ലച്ച് സംവിധാനവുമാണു നൽകിയിരിക്കുന്നത്. മാവെറിക്കിന്റെ അടിസ്ഥാന വകഭേദത്തിന് സിവിടി ഗീയർബോക്സും ഉയർന്ന വകഭേദത്തിന് ടോർക്ക് കൺവേർട്ടറും ആണുള്ളത്. അടിസ്ഥാന വകഭേദങ്ങളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോൾ മാവെറിക്ക് കാതങ്ങൾ മുന്നിലാണ്. ഒരു ലീറ്റർ പെട്രോൾ കൊണ്ടു സാന്റക്രൂസ് 10 കിലോമീറ്റർ ഓടുമ്പോൾ മാവെറിക്ക് 15.5 കിലോമീറ്റർ പറപറക്കും. ഹൈബ്രിഡ് ആയതിന്റെ ഗുണം മാവെറിക്ക് കാട്ടുമല്ലോ...

ടർബോ മോഡലുകളുടെ ഇന്ധനക്ഷമത ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല. മാവെറിക്കിനും സാന്റക്രൂസിനും ഓൾ വീൽ ഡ്രൈവ് മോഡലുകൾ വരുമെന്നു പറയുന്നു. അവയുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല. ബെഡ് നീളം മാവെറിക്കിനാണു കൂടുതലെങ്കിലും ടോവിങ് കപ്പാസിറ്റിയിൽ (ഭാരം വലിക്കാനുള്ള ശേഷി) സാന്റക്രൂസ് സ്കോർ ചെയ്യുന്നുണ്ട്.

അടിസ്ഥാന വകഭേദത്തിന് ഏകദേശം 22000 ഡോളറാണ് (16.05 ലക്ഷം രൂപ) മാവെറിക്കിനു ഫോർഡ് വിലയിട്ടിരിക്കുന്നത്. ഉയർന്ന വകഭേദത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 38000 ഡോളറിനടുത്തായിരിക്കുമെന്നു കരുതപ്പെടുന്നു. സാന്റക്രൂസിന് 25000 ഡോളർ (18.24 ലക്ഷം രൂപ) മുതൽ 35000 ഡോളർ വരെയായിരിക്കും വില എന്നാണ് ഊഹിക്കുന്നത്.

ഹ്യുണ്ടായ് ട്യൂസോൺ ക്രോസോവർ എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയാണ് സാന്റക്രൂസ് നിർമിച്ചിരിക്കുന്നത്. ഫോർഡിന്റെ ഏറ്റവും പുതിയ ബ്രോങ്കോ സ്പോർട്ട് എന്ന ക്രോസോവർ എസ്‌യുവിയുടെ പ്ലാറ്റ്ഫോമിലാണു മാവെറിക്കിനെ സാക്ഷാത്കരിച്ചിരിക്കുന്നത്. 1970 മുതൽ 1977 വരെ ഫോർഡ് പുറത്തിറക്കിയ മാവെറിക്ക് എന്ന വിപണിവിജയം നേടിയ ചെറുകാറിന്റെ പേരാണ് പുതിയ പിക്കപ്പിനു ഫോർഡ് നൽകിയത്. അതേസമയം, സാന്റക്രൂസിലൂടെ പിക്കപ്പ് ട്രക്ക് വിപണിയിലേക്കു ചുവടു വയ്ക്കുകയാണു ഹ്യൂണ്ടായ്.
English Summary: Ford Maverick and Hyundai Santa Cruz Comparison