ജര്‍മനിയിൽ കനത്ത മഞ്ഞുവീഴ്ച: നിരവധി വിമാന സർവീസുകൾ റദ്ദാക്കി
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിൽ കനത്ത മഞ്ഞുവീഴ്ച കാരണം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ വിമാനത്തില്‍ നിന്ന് യന്ത്രം ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്തത്. വിമാന യാത്രയ്ക്കു പുറമെ ട്രെയിൻ സർവീസുകളും രാജ്യത്ത് റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്ത് ചില പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 40 സെന്‍റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചവരെ ഉണ്ടായി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിരവധി വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഓപ്പറേറ്റിങ് കമ്പനിയായ ഫ്രാപോര്‍ട്ട് പറയുന്നതനുസരിച്ച്, വളരെ കുറച്ച് വിമാനങ്ങള്‍ക്ക് മാത്രമേ വ്യാഴാഴ്ച വരെ സർവീസ് നടത്തൂ എന്നാണ്. മോശം കാലാവസ്ഥ കാരണം മ്യൂണിക്ക് എയര്‍പോര്‍ട്ടും വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 650 വിമാനങ്ങളില്‍ 250 എണ്ണം പൂർണ്ണമായും സർവീസ് റദ്ദാക്കി. സാര്‍ബ്രൂക്കന്‍ എയര്‍പോര്‍ട്ട് ബുധനാഴ്ച വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിച്ച ശേഷം യാത്രക്കാർ വിമാനത്താവളത്തിൽ പോകണമെന്നാണ് നിർദേശം.