മുഖത്ത് അതേ പഴയ പ്രകാശച്ചിരി! ‘വിവ ഇൽ പാപ്പ’: മാർപാപ്പ മടങ്ങിയെത്തി, ‘അമ്മ’യുടെ അരികിലേക്ക്

Mail This Article
വത്തിക്കാൻ സിറ്റി ∙ വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുന്നതുപോലെയായിരുന്നു ആ വരവ്; വത്തിക്കാൻ സിറ്റിയിലൂടെ നേരെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക്. വിദേശത്തുനിന്നു മടങ്ങിയെത്തുമ്പോഴെല്ലാം ഓടിയെത്താറുള്ള മാതാവിന്റെ അരികിലേക്കുള്ള ആ വരവ് അഞ്ച് ആഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണെന്ന് ഓർമിപ്പിച്ചത് മൂക്കിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ ട്യൂബ് മാത്രം. ക്ഷീണിതനെങ്കിലും, വഴിയോരത്തു കാത്തുനിന്നവരെ നോക്കി കൈവീശിയും വായുവിൽ കുരിശുവരച്ച് ആശീർവദിച്ചുമുള്ള യാത്ര. ഇടയ്ക്ക് മുഖത്ത് അതേ പഴയ പ്രകാശച്ചിരി!
ഇരട്ട ന്യുമോണിയ വച്ചുനീട്ടിയ വെല്ലുവിളിയെ അതിജീവിച്ച ഫ്രാൻസിസ് മാർപാപ്പ (88) ആശുപത്രിയിൽ നിന്നു വത്തിക്കാനിലെ ഔദ്യോഗികവസതിയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ഇനി 2 മാസത്തെ വിശ്രമം. ഫിസിയോതെറപ്പിയും മരുന്നും തുടരും. മീറ്റിങ്ങുകളും ആൾക്കൂട്ടങ്ങളും അനുവദിച്ചിട്ടില്ല.
ഡിസ്ചാർജ് ചെയ്യുന്നതറിഞ്ഞു റോമിലെ ജമേലി ആശുപത്രിയുടെ കവാടത്തിൽ നൂറുകണക്കിനു വിശ്വാസികൾ കാത്തുനിന്നിരുന്നു. ആശുപത്രി ജനാലയ്ക്കരികിൽ വീൽചെയറിൽ പ്രസന്നവദനനായി മാർപാപ്പ എത്തിയപ്പോൾ അവർ ആശ്വാസത്തോടെയും ആനന്ദത്തോടെയും ‘വിവ ഇൽ പാപ്പ’ വിളിച്ച് ദീർഘായുസ്സ് നേർന്നു. ആശുപത്രിയിൽ ദിവസവും സന്ദർശിച്ചിരുന്ന കാർമല വിറ്റോറിയ മാൻകസോ (79) എന്ന വനിത മഞ്ഞപ്പൂക്കളുമായെത്തിയപ്പോൾ നന്ദി പറഞ്ഞു. തുടർന്നായിരുന്നു കാറിൽ സെന്റ് മേരി മേജർ ബസിലിക്കയിലേക്കും ഔദ്യോഗിക വസതിയിലേക്കുമുള്ള യാത്ര.
ഫെബ്രുവരി 14നാരംഭിച്ച ആശുപത്രിവാസത്തിനിടെ രണ്ടുതവണ നില അതീവഗുരുതരമായിരുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രാർഥനയോടെ കാത്തിരുന്ന തിരിച്ചുവരവാണിത്. ചാൾസ് രാജാവ് പങ്കെടുക്കുന്ന ഈസ്റ്റർ തിരുക്കർമങ്ങൾ, മേയ് അവസാനത്തേക്കു നിശ്ചയിച്ചിരുന്ന തുർക്കി സന്ദർശനം ഇവയാണു വരാനിരിക്കുന്ന ചടങ്ങുകൾ.
ഗാസയിൽ ഇസ്രയേൽ പുനരാരംഭിച്ച ആക്രമണം വേദനിപ്പിക്കുന്നതായി ആശുപത്രിവാസം കഴിഞ്ഞു മടങ്ങിയെത്തിയ മാർപാപ്പ വിശ്വാസികൾക്കായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കണം. എല്ലാ ബന്ദികളെ വിട്ടയയ്ക്കുകയും യുദ്ധം എന്നത്തേക്കുമായി അവസാനിപ്പിക്കുകയും വേണം. ആരോഗ്യം വീണ്ടുകിട്ടുന്നതിനായി പ്രാർഥിച്ച വിശ്വാസികൾക്കും ആത്മാർഥമായി ചികിത്സിച്ച ഡോക്ടർമാർക്കുമുള്ള നന്ദിയും കുറിപ്പിലുണ്ട്.