അമേരിക്കയിലെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'; ആറ് കോടി രൂപയുടെ വജ്രാഭരണത്തിനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച, വിഡിയോ

Mail This Article
ഫ്ലോറിഡ ∙ യുഎസിൽ മോഷണ ശേഷം തൊണ്ടിമുതൽ വിഴുങ്ങി കള്ളൻ. ജെയ്‌തൻ ഗിൽഡർ (32) എന്ന മോഷ്ടാവാണ് ഒർലാൻഡോയിലെ ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയിൽ നിന്നും വജ്രാഭരണം മോഷിടിച്ച ശേഷം തൊണ്ടിമുതൽ വിഴുങ്ങിയത്. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന മലയള സിനിമയിലും സമാന സംഭവമാണ് നടക്കുന്നത്. അത് സിനിമയാണെങ്കിൽ ഇത് യാഥാർഥ്യമാണ്.
ഫെബ്രുവരി 26-നായിരുന്നു കേസിനാസ്പദമായ സംഭവം. ടിഫാനി ആൻഡ് കമ്പനിയുടെ ഒർലാൻഡോയിലെ ജ്വല്ലറിയിൽ നിന്നുമാണ് ഗിൽഡർ വജ്ര കമ്മലുകൾ മോഷ്ടിക്കുന്നത്. ആറ് കോടിയിലധികം രൂപ വിലവരുന്ന കമ്മലുകളാണ് ( 769,500, ഡോളർ) ഇയാൾ മോഷ്ടിച്ചത്. ജ്വല്ലറിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടിക്കൂടി. അതേസമയം മോഷ്ടിച്ച കമ്മലുകൾ ഇയാൾ വിഴുങ്ങുകയായിരുന്നു.
കളവു പോയ സാധനം വയറ്റിലുണ്ടെന്ന് പറഞ്ഞ് തന്റെ പേരിൽ കേസെടുക്കാൻ സാധിക്കുമോ എന്ന് പൊലീസിനോട് ഗിൽഡർ ചോദിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വയറിനുള്ളിൽ കമ്മലുകളുണ്ടെന്ന് എക്‌സ്-റേയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
പൊലീസിന്റെ കാത്തിരിപ്പിന് വിരാമമിട്ട് മാർച്ച് 12-ന് കമ്മലുകൾ പുറത്തെടുത്തു. കളവു പോയ കമ്മലുകൾതന്നെയാണ് ഇതെന്ന് ടിഫാനി ആൻഡ് കമ്പനി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഗിൽഡർ ഇപ്പോൾ ഓറഞ്ച് കൗണ്ടി ജയിലിലാണ്.