കഅബയ്ക്ക് പുതിയ കിസ്‌വ അണിയിച്ചു; പ്രത്യേകതകൾ അറിയാം

Mail This Article
മക്ക ∙ വർഷാവർഷം അറഫാ ദിനത്തിൽ കിസ്‌വ പുതുക്കുന്നതിന്റെ ഭാഗമായി ഈ വർഷവും പുതിയത് അണിയിച്ചു. ഇരു ഹറം കാര്യ തലവൻ അബ്ദുൽ റഹ്‌മാൻ അബ്ദുൽ അസീസ് സുദൈസിന്റെ കാർമികത്വത്തിൽ 160 സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘമാണ് കിസ്‌വ മാറ്റൽ ചടങ്ങിന് നേതൃത്വം നൽകിയത്. കഴിഞ്ഞയാഴ്ച മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ കഅബ സൂക്ഷിപ്പ് ചുമതലക്കാർക്ക് പണി പൂർത്തിയാക്കിയ പുതിയ കിസ്‌വ കൈമാറിയിരുന്നു. ശനി രാവിലെ പ്രഭാത നമസ്കാരത്തോടെയാണ് കഅബയ്ക്ക് പുതിയ കിസ്‌വ അണിയൽ പ്രവർത്തനം ആരംഭിച്ചത്.

പഴയ കിസ്‌വ മാറ്റി പുതിയ കിസ്‌വ അണിയിക്കുന്നതിനോടൊപ്പം കഅബയുടെ നാലു ചുമരുകളും വാതിലും കഴുകി. നാലു ഭാഗത്തെയും പഴയ കിസ്‌വ മുകളിലേക്ക് ഉയർത്തിയതിന് ശേഷം പുതിയ കിസ്‌വ മുകളിൽ നിന്ന് താഴേക്ക് പുതപ്പിക്കുകയായിരുന്നു. മീസാബ് (സ്വർണപ്പാത്തി) നിലകൊള്ളുന്ന അൽ ഹുത്തൈം (അർധ വൃത്താകൃതിയിലുള്ള അരച്ചുമർ നിലകൊള്ളുന്ന ഭാഗം) ഭാഗത്ത് നിന്നാണ് ഈ പ്രക്രിയ തുടങ്ങിയത്. ഹാജിമാർ അറഫയിലേക്ക് നീങ്ങിയ തിരക്കൊഴിഞ്ഞ വേളയിലാണ് കിസ്‌വ മാറ്റൽ ചടങ്ങ് നടന്നത്. വനിതകൾ ഉൾപ്പെടെ മക്ക നിവാസികളും തീർഥാടകരും കിസ്‌വ മാറ്റൽ സമയത്ത് പുതയ്ക്കാത്ത കഅബയെ കാണാൻ സന്നിഹിതരായിരുന്നു. കിസ്‌വ പുതപ്പിക്കൽ ചടങ്ങ് ദർശിക്കാൻ വേണ്ടി 20 കിലോ മീറ്റർ അകലെയുള്ള അറഫയിൽ നിന്ന് ഹറം പള്ളിയിൽ എത്തിയവരും ഉണ്ട്.
കിസ്‍വയുടെ പ്രത്യേകതകൾ
120 കിലോ ഗ്രാം സ്വർണ നൂലും 100 കിലോഗ്രാം വെള്ളിനൂലും ചേർത്ത് ഡൈ ചെയ്തെടുത്ത 670 കിലോ ഗ്രാം ശുദ്ധ പട്ട് കൊണ്ടാണ് കഅബയുടെ കിസ്‌വ നിർമിച്ചിരിക്കുന്നത്. നാലു ചുമരുകൾക്കും വാതിലിനുമായി കിസ്‍വയുടെ അഞ്ച് ഭാഗങ്ങളും വെവ്വേറെയാണ് നിർമിച്ചെടുത്തിരിക്കുന്നത്. ഇവ ഓരോന്നും മുകളിൽ നിന്ന് തുറുക്കിയിട്ട ശേഷം മൂടുപടത്തിന്റെ ഭാഗങ്ങളെ പരസ്പരം തുന്നി ബന്ധിപ്പിക്കും. 14 മീറ്റർ ശുദ്ധ പട്ട് കറുപ്പായി ഡൈ ചെയ്തെടുത്ത തുണിയാണ് കിസ്‌വയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 200 സ്വദേശി ജോലിക്കാരുടെ കഠിന പരിശ്രമത്തിന്റെ ഭാഗാമായാണ് ഓരോ വർഷവും പുതിയ കിസ്‌വ നെയ്തെടുക്കുന്നത്.

കിസ്‌വയുടെ മുകൾ ഭാഗത്ത് 95 സെ.മീറ്റർ വീതിയിൽ ഖുർആൻ വചനങ്ങൾ ഭംഗിയിൽ കാലിഗ്രാഫി ചെയ്ത പട്ടയുണ്ട്. കൂടാതെ മറ്റു ഭാഗങ്ങളിലും സ്വർണം പൂശിയ വെള്ളി നൂലു കൊണ്ട് ഖുർആൻ വചനങ്ങൾ പ്രത്യേക രീതിയിൽ തുന്നിപ്പിപ്പിടിപ്പിച്ചിട്ടുമുണ്ട്. സൂക്ഷ്മമായ കരവിരുത്തിന്റെ ഉത്തമോദാഹരണമാണ് ഓരോ കിസ്‌വയും. കിസ്‌വ നിർമാണ കേന്ദ്രമായ മക്കയിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ ലോണ്ടറി, ഓട്ടോമാറ്റിക് തുന്നൽ കേന്ദ്രം, കൈത്തുന്ന് വിഭാഗം, പ്രിന്റിങ്, പട്ട നിർമാണം, ഗിൽഡിങ് വിഭാഗങ്ങൾ എന്നിവക്ക് പുറമെ ഇവ കൂട്ടി യോജിപ്പിക്കുന്ന ലോകത്തിലെ തന്നെ വലിയ 16 മീറ്റർ നീളത്തിലുള്ള നെയ്ത്ത് യന്ത്രവും ഉൾപ്പെടുന്നു. ഇതിനു പുറമെ ഗുണമേന്മാ പരിശോധനക്കായി ലാബ്, ഭരണവിഭാഗം, പൊതുസമ്പർക്ക വിഭാഗം, ആരോഗ്യ സുരക്ഷാ വിഭാഗവും എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഒരു കിസ്‌വ നിർമിക്കാൻ എട്ട് മുതൽ ഒമ്പത് മാസം വരെ സമയമെടുക്കും.

പുതുതായി അണിഞ്ഞ കിസ്‌വ തീർഥാടകരുടെ തിരക്കിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഉയർത്തിക്കെട്ടിയിട്ടുണ്ട്. എടുത്തു മാറ്റുന്ന പഴയ കിസ്‌വ കഷണങ്ങളാക്കി ഇസ്‌ലാമിക രാജ്യങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും അയച്ചു കൊടുക്കുകയാണ് പതിവ്.