പ്രമേഹ പ്രതിരോധത്തിന് വഴികാട്ടി 'ക്യുഡിഎ' ആപ്

Mail This Article
ദോഹ∙ പ്രമേഹ നിയന്ത്രണം ലക്ഷ്യമിട്ട് ഖത്തർ ഡയബറ്റിക്സ് അസോസിയേഷൻ പുറത്തിറക്കിയ 'ക്യുഡിഎ' മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യത. കഴിഞ്ഞ മാസം അവസാനമാണ് ആപ്പ് പുറത്തിറക്കിയത്. ആദ്യ 2 ദിവസത്തിനകം 1,800 പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്ത് അസോസിയേഷന്റെ സേവനം തേടിയത്. പ്രമേഹ വിദഗ്ധരും ഡയറ്റീഷ്യന്മാരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് ഉപയോക്താക്കൾക്ക് ആപ്പിലൂടെ സൗജന്യ സേവനം നൽകുന്നതെന്ന് ഖത്തർ ഡയബറ്റിക്സ് അസോസിയേഷൻ ഡയറക്ടർ ഡോ.അബ്ദുല്ല അൽ ഹമഖ് പറഞ്ഞു.
ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ആപ്പിന്റെ സേവനം ലഭിക്കും. ഖത്തറിലുള്ളവർക്കാണ് ആപ്പിന്റെ സേവനം ലഭിക്കുക. രാജ്യത്തിന് പുറത്തു പോയാലും ആപ്പിലൂടെ സേവനം തേടാം. പ്രമേഹ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും ആപ്പിലൂടെയും സേവനം ഉറപ്പാക്കുന്നത്.സൗജന്യമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള മാർഗനിർദേശങ്ങൾ ലഭിക്കുമ്പോൾ ചിട്ടയായ ജീവിതത്തിലൂടെ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താം. പ്രമേഹ ബാധിതർക്കും അമിതവണ്ണക്കാർക്കും ഫോളോ- അപ്പ് സേവനങ്ങളും ഉറപ്പാക്കിയാണ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം.
ആപ്പിലൂടെ ലഭിക്കുന്ന സേവനങ്ങൾ
ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതർക്ക് മാത്രമല്ല പ്രമേഹം വരാൻ സാധ്യതയുള്ളവർക്കും അമിതവണ്ണമുള്ളവർക്കും ആപ്പിലൂടെ സേവനം തേടാം. രോഗം ചെറുക്കാൻ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരിലൂടെ അറിയാം. ആരോഗ്യകരമായ ഭക്ഷണക്രമം, മരുന്ന് കഴിക്കേണ്ട രീതികൾ, അമിത വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തുടങ്ങി ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങളാണ് മെഡിക്കൽ സംഘം നൽകുക.
പ്രമേഹ വിദഗ്ധരുമായി വാട്സാപ്പിലൂടെ സംശയനിവാരണം നടത്താം. പോഷകാഹാര വിദഗ്ധരിൽ നിന്ന് ഭക്ഷണക്രമം ചോദിച്ചറിയാം. വ്യായാമത്തെക്കുറിച്ചും മനസ്സിലാക്കാം. പ്രമേഹ ബാധിതർക്ക് അസോസിയേഷന്റെ മുംതസയിലെ ഓഫിസിൽ നേരിട്ടെത്തി ജിം സേവനം തേടാം. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ജിമ്മുകളാണുള്ളത്. അസോസിയേഷന്റെ ക്ലിനിക്കൽ സേവനങ്ങൾ സൗജന്യമാണെങ്കിലും ജിം ഉപയോഗിക്കാൻ പ്രതിമാസം 100 റിയാൽ നൽകണം. വ്യായാമങ്ങൾ പറഞ്ഞു തരാൻ ഇൻസ്ട്രക്ടർമാരും ഉണ്ട്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. അറബിക്, ഇംഗ്ലിഷ് ഭാഷകളിലാണ് സേവനം ലഭിക്കുക.
English Summary: Qatar diabetes association (QDA) launched free mobile app for diabetes management.