ശൈത്യകാല ക്യാംപിങ്; എച്ച്എംസി സീലൈൻ മെഡിക്കൽ ക്ലിനിക് പ്രവർത്തനം ഇന്നുമുതൽ
Mail This Article
ദോഹ∙ ശൈത്യകാല ക്യാംപിങ്ങിന് തുടക്കമായതിനാൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) സീലൈൻ മെഡിക്കൽ ക്ലിനിക് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. തുടർച്ചയായി 14-ാം വർഷമാണ് സീലൈനിൽ ക്ലിനിക് തുറക്കുന്നത്. ക്യാംപിങ് സീസൺ അവസാനിക്കുന്ന ഏപ്രിൽ 30 വരെ ക്ലിനിക്കിന്റെ സേവനം സീലൈനിലെ ക്യാംപുകളിൽ കഴിയുന്നവർക്കും ബീച്ചിലെ സന്ദർശകർക്കും ലഭിക്കും.
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മുതൽ ശനിയാഴ്ച പുലർച്ചെ 3വരെ തുടർച്ചയായി 36 മണിക്കൂറാണ് വാരാന്ത്യങ്ങളിൽ ക്ലിനിക്കിന്റെ പ്രവർത്തനം. സീലൈൻ ബീച്ചിന് മുൻപിലാണ് ഇത്തവണയും ക്ലിനിക് പ്രവർത്തിക്കുക. സീലൈൻ, ഖോർ അൽ ഉദൈദ് എന്നിവിടങ്ങളിലെത്തുന്ന എല്ലാ സന്ദർശകർക്കും ക്യാംപിങ് സീസണിലുടനീളം മെഡിക്കൽ, എമർജൻസി സേവനങ്ങൾ ലഭിക്കും. പനി, ഗുരുതരമല്ലാത്ത പൊള്ളൽ, ചെറിയ പരുക്കുകൾ തുടങ്ങി ഗൗരവമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങൾ ചികിത്സിക്കും. രോഗം ഗുരുതരമായ രോഗികളെ ആംബുലൻസിലോ എയർ ആംബുലൻസിലോ എച്ച്എംസിയുടെ ആശുപത്രികളിലേക്ക് മാറ്റും. സീലൈൻ ഏരിയയിൽ എച്ച്എംസിയുടെ 24 മണിക്കൂർ ആംബുലൻസ് സേവനങ്ങൾ 24 മണിക്കൂറും ലഭിക്കും. വാരാന്ത്യങ്ങളിൽ തിരക്കേറുമെന്നതിനാൽ കൂടുതൽ ആംബുലൻസ് വിന്യസിക്കും.