മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി നാളെ മുതൽ; അതിവേഗ കാഴ്ചകളിലേക്ക് ലുസെയ്ൽ സർക്യൂട്ട് ഒരുങ്ങി
Mail This Article
ദോഹ ∙ വെള്ളിയാഴ്ച ആരംഭിക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണികൾക്കുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കി വേദിയിലെത്താൻ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാനും നിർദേശിച്ചു. നാളെ മുതൽ 19 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മോട്ടോ ജിപി. ഉച്ചയ്ക്ക് 2 മുതലാണ് പരിശീലന സെഷനുകൾ. 18ന് ഉച്ചയ്ക്ക് 1.30 മുതൽ പരിശീലനമാണ്. 3.40 മുതൽ യോഗ്യതാ മത്സരങ്ങൾ അരങ്ങേറും.
രാത്രി 8ന് ആണ് സ്പ്രിന്റ് മത്സരങ്ങൾ. 11 ലാപ്പുകളിലാണ് മത്സരം. 19ന് വൈകിട്ട് 5 മുതലാണ് പ്രധാന റേസ്. 16, 18, 22 ലാപ്പുകളിലായാണ് മത്സരം. നാളെ ഉച്ചയ്ക്ക് ഒന്നിന് കാണികൾക്കായി സർക്യൂട്ടിലെ ഗേറ്റ് തുറക്കും. 18ന് ഉച്ചയ്ക്ക് 12.30യ്ക്കും 19ന് ഉച്ചയ്ക്ക് 2നും ആണ് പ്രവേശനം. 3 ദിവസവും രാത്രി 9 വരെ പ്രവേശിക്കാം. പ്രവേശന കവാടത്തിൽ കർശന സുരക്ഷാ പരിശോധനയുള്ളതിനാൽ നിരോധിത സാധനങ്ങൾ കൈവശം പാടില്ല.
ഇ-ടിക്കറ്റാണെങ്കിൽ ഓരോ തവണ വേദിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് സ്‌കാൻ ചെയ്യുമെന്നതിനാൽ മൊബൈൽ ഫോണിന് ഫുൾ ചാർജുണ്ടാകണം. അൽഖോർ കോസ്റ്റൽ റോഡിൽ നിന്ന് സർക്യൂട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കുണ്ട്.
സൗജന്യ ബസ് സർവീസ്
ലുസെയ്ൽ സർക്യൂട്ടിലേക്ക് ദോഹ മെട്രോ, ടാക്‌സി, അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ എത്താം. ദോഹ മെട്രോ റെഡ്‌ലൈനിൽ ലുസെയ്ൽ മെട്രോ-ക്യുഎൻബി സ്‌റ്റേഷനിൽ എത്തുന്നവർക്ക് ഇവിടെ നിന്നും സർക്യൂട്ടിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസുണ്ട്. നാളെ ഉച്ചയ്ക്ക് 2 മുതൽ, ശനിയാഴ്ച 12.30, ഞായറാഴ്ച 2 മുതൽ രാത്രി 9 വരെയുമാണ് സൗജന്യ സേവനം. മെട്രോ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്താണ് സൗജന്യ ഷട്ടിൽ ബസുകൾ പാർക്ക് ചെയ്യുക.
നേരത്തേ എത്താം
സ്വന്തം വാഹനങ്ങളിൽ എത്തുന്ന ടിക്കറ്റ് ഉടമകൾ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നേരത്തെ എത്തണമെന്നും പരമാവധി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. ആക്‌സസബിലിറ്റി ടിക്കറ്റ് ഉടമകൾക്കായി പ്രത്യേക പാർക്കിങ് സൗകര്യവുമുണ്ട്. റോഡ് അടയാള ബോർഡുകൾ നോക്കി പാർക്കിങ്ങിലെത്താം. സർക്യൂട്ടിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചും വഴിതെറ്റാതെ എത്താം. ഊബർ, കർവ ടാക്‌സികളിലെത്തുന്നവർക്ക് സർക്യൂട്ടിന്റെ പ്രവേശന ഗേറ്റിന് സമീപം പ്രത്യേക ഡ്രോപ്പ് ഓഫ്, പിക് അപ് പോയിന്റുകളുണ്ട്. രാത്രി 9 വരെയാണ് ഈ സൗകര്യം അനുവദിക്കുക.
ഫാൻ സോണിൽ കാഴ്ചകളേറെ
കാണികൾക്കായി 3 ദിവസവും വ്യത്യസ്ത വിനോദ പരിപാടികളാണ് ഫാൻ സോണിൽ നടക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ ആക്ടിവിറ്റികൾ, ഗെയിമുകൾ എന്നിവയാണുള്ളത്.
ഭക്ഷണ-പാനീയ ശാലകളും സജീവമാകും
ഇഷ്ടപ്പെട്ട റൈഡറെ നേരിട്ട് കാണാനുള്ള അവസരം, ഫേസ് പെയിന്റിങ്, ത്രീഡി ഡൂഡിൽ, ബിൽഡ് യുവർ ലെഗോ, സിമുലേറ്ററുകൾ, കുട്ടികൾക്കായി ഇലക്ട്രിക് മോട്ടർ സൈക്കിളുകൾ, 360 ഡിഗ്രി വിഡിയോ ബൂത്തുകൾ എന്നിവയ്ക്ക് പുറമെ സാംസ്‌കാരിക അനുഭവം പകരാനും അറബിക് കോഫി രുചിക്കാനുമുള്ള അവസരം, ഊദ്-ബഖൂർ പ്രദർശനം, ഹെന്ന ഡിസൈനിങ് എന്നിവയുമുണ്ടാകും.
കുട്ടികൾ കൂട്ടംതെറ്റാതിരിക്കാൻ
തിരക്കേറുമെന്നതിനാൽ കൂട്ടം തെറ്റാതിരിക്കാൻ കുട്ടികളുടെ മേൽ ജാഗ്രത വേണമെന്നും അധികൃതർ നിർദേശിച്ചു. സർക്യൂട്ടിലെ പ്രധാന ഗ്രാൻഡ്സ്റ്റാൻഡിന് പിറകിലെ ഇൻഫോ പോയിന്റിൽ ചെന്നാൽ കുട്ടികളുടെ കയ്യിൽ ധരിക്കാൻ രക്ഷിതാക്കളുടെ പേരുവിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ എഴുതി ഒട്ടിക്കുന്നതിനുള്ള ബ്രേസ്‌ലറ്റ് ലഭിക്കും. തിരക്കിനിടയിൽ കുട്ടികളെ കാണാതെയായാൽ വേഗം കണ്ടെത്തുന്നതിനാണിത്.