വൈദ്യുതിയില്ലാതെ ശുദ്ധജല ഉൽപാദനം ജല, ഭക്ഷ്യസുരക്ഷയ്ക്ക് ‘മൻഹാത്’
Mail This Article
അബുദാബി ∙ വൈദ്യുതി ഉപയോഗിക്കാതെ ശുദ്ധ ജലവും ഭക്ഷ്യോൽപന്നങ്ങളും ഉൽപാദിപ്പിക്കുന്ന യുഎഇ സ്റ്റാർട്ടപ്പ് (മൻഹാത്) യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) പരിചയപ്പെടുത്തി ഖലീഫ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ, പെട്രോളിയം എൻജിനീയറിങ് പ്രഫസർ സഈദ് അൽ ഹസ്സൻ.
ആശയം വികസിപ്പിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച് വിപണിയിൽ എത്തിക്കാൻ സാങ്കേതിക വിദഗ്ധരുടെയും നിക്ഷേപകരുടെയും വിതരണക്കാരുടെയും സഹായം തേടുകയാണ് സ്വദേശി പൗരൻ. ഉപ്പുവെള്ളത്തിൽനിന്ന് ശുദ്ധജലം ഉൽപാദിപ്പിക്കാമെന്നാണ് കണ്ടെത്തൽ. നീരാവിയായി പോകുന്ന ജലകണികകൾ ഗോളാകൃതിയിലുള്ള പാത്രത്തിൽ ശേഖരിച്ച് സംഭരണിയിൽ എത്തിക്കണം. ഇങ്ങനെ ശേഖരിക്കുന്ന വെള്ളത്തിൽ ഉപ്പിന്റെ അംശമുണ്ടാകില്ല. ഇത് കൃഷിക്കും മറ്റും ഉപയോഗിക്കാം. ജിസിസി ഉൾപ്പെടെ കടൽ വെള്ളത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കെല്ലാം ഗുണകരമാകുന്നതാണ് ഈ കണ്ടുപിടിത്തം. ഒപ്പം ഒഴുകുന്ന കൃഷിത്തോട്ടവും ഇദ്ദേഹത്തിന്റെ ആശയമാണ്.
ഇതു രണ്ടും യാഥാർഥ്യമായാൽ ഗൾഫ് മേഖലയിൽ ജല, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാമെന്നും അൽ ഹസൻ വ്യക്തമാക്കുന്നു. നിലവിൽ ഉപ്പുവെള്ളം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന രീതിക്ക് ഒട്ടേറെ പോരായ്മകളുണ്ടെന്നും പുതിയ സംവിധാനത്തിലൂടെ അവ പരിഹരിക്കാമെന്നും അൽ ഹസൻ പറയുന്നു. സംസ്കരണത്തിൽ ലോഹ ഉപകരണങ്ങളുമായി സമ്പർക്കം പുലർത്തുന്ന വെള്ളത്തിന്റെ അവശിഷ്ടം തിരിച്ച് സമുദ്രത്തിൽ എത്തുന്നത് ജലജീവികളെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.