ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ

Mail This Article
ഷാർജ ∙ വർണവെളിച്ചംകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ 18 വരെ നടക്കും. എമിറേറ്റിന്റെ മുഖമുദ്രകളായ 12 കെട്ടിടങ്ങളിൽ തുടർച്ചയായി 12 ദിവസമാണ് ദീപോത്സവം. ഷാർജയ്ക്ക് സപ്തവർണ ശോഭയൊരുക്കുന്ന ലൈറ്റ് ഫെസ്റ്റിവൽ കാണാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. പതിനഞ്ചിലേറെ രാജ്യാന്തര കലാകാരന്മാർ ദീപോത്സവത്തെ സമ്പന്നമാക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയാണ് (എസ്‌സിടിഡിഎ) ഉത്സവം സംഘടിപ്പിക്കുന്നത്. ഷാർജയുടെ സാംസ്‌കാരിക, പൈതൃക കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ലൈറ്റ് ഫെസ്റ്റിവൽ അരങ്ങേറുക.

ഫെസ്റ്റിവൽ കേന്ദ്രങ്ങൾ
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ്, അൽ ഹംറിയ മാർക്കറ്റ്, കൽബ വാട്ടർഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബിഇഎഎച്ച് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, അൽദെയ്ദ് ഫോർട്ട്, ഷാർജ മസ്ജിദ്, ഷെയ്ഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽനൂർ മസ്ജിദ്, അൽ റാഫിസ ഡാം, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി ഹാൾ (ലൈറ്റ് വില്ലേജ്). ലൈറ്റ് വില്ലേജിൽ യുഎഇയുടെ 55 പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട്.

തെളിയും ചരിത്രവും പൈതൃകവും
നവീന സാങ്കേതിക വിദ്യയും ലൈറ്റിങ്, ശബ്ദ, സംഗീത സംവിധാനങ്ങളും സമന്വയിപ്പിച്ച് ഷാർജയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ചിത്രീകരിക്കുമ്പോൾ കാണികൾക്ക് മികച്ച ദൃശ്യവിരുന്നാകും. എമിറേറ്റിന്റെ ഭൂത, വർത്തമാന, ഭാവിയും ചിത്രീകരണത്തിൽ തെളിയും. ഭിന്ന സംസ്കാരങ്ങളെയും നാഗരികതകളെയും ഒന്നിപ്പിക്കാനും സമാധാനവും സഹിഷ്ണുതയും വൈവിധ്യവും ഉദ്ഘോഷിക്കാനും പ്രകാശമെന്ന സാർവത്രിക ഭാഷ ഉപയോഗിക്കുന്നുവെന്ന് എസ്‍സിടിഡിഎ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. ആഗോള ടൂറിസം ഭൂപടത്തിൽ ഷാർജയുടെ സാന്നിധ്യം ഉറപ്പിക്കാൻ ഷാർജ ലൈറ്റ് ഫെസ്റ്റിവലിലൂടെ സാധിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ വർഷത്തെ ലൈറ്റ് ഫെസ്റ്റിന് 13 ലക്ഷം പേരാണ് എത്തിയത്.
ദീപോത്സവ സമയം
ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ – വൈകിട്ട് 6 മുതൽ രാത്രി 11 വരെ
വ്യാഴം, വെള്ളി, ശനി – വൈകിട്ട് 6 മുതൽ രാത്രി 12 വരെ