എയർ ടാക്സി 'റെഡി ടു ഫ്ലൈ'; ദുബായ്– അബുദാബി 10 മിനിറ്റ്; ടിക്കറ്റ് നിരക്ക് 800 ദിർഹം മുതൽ
Mail This Article
അബുദാബി ∙ ദുബായിൽനിന്ന് എയർ ടാക്സിയിൽ 10 മിനിറ്റുകൊണ്ട് അബുദാബിയിലേക്കു പറക്കാം. ടിക്കറ്റ് നിരക്ക് 800 മുതൽ 1500 ദിർഹം വരെയാകുമെന്ന് മാത്രം.
യുഎഇയ്ക്ക് പുതിയൊരു യാത്രാ ശീലം സമ്മാനിക്കുന്ന എയർ ടാക്സി സേവനം 2026ൽ നടപ്പാക്കാനിരിക്കെയാണ് ടിക്കറ്റ് നിരക്കു സംബന്ധിച്ച് എയർ ടാക്സി സേവന ദാതാക്കളായ ആർച്ചർ ഏവിയേഷൻ സൂചന നൽകിയത്. ഒന്നര വർഷത്തിനകം പദ്ധതി യാഥാർഥ്യമാകും. ദുബായ്ക്കുള്ളിൽ ഒരിടത്തുനിന്ന് മറ്റൊരു ഇടത്തേക്ക് എയർ ടാക്സിക്ക് ഏകദേശം 300–350 ദിർഹമാകും. യാത്ര മറ്റു എമിറേറ്റിലേക്കാണെങ്കിൽ നിരക്ക് 800 ദിർഹത്തിന് മുകളിലും. ദൂരം അനുസരിച്ചാണ് നിരക്ക്. നിലവിൽ കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദൂരമാണ് ഫ്ലൈയിങ് ടാക്സി 10–20 മിനിറ്റുകൊണ്ട് പിന്നിടുക. അടുത്ത വർഷാവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും. 2026ഓടെ എല്ലാ പ്രധാന എമിറേറ്റുകളിലേക്കു സേവനം ആരംഭിക്കും. സേവനത്തിന് ആവശ്യമായ എയർക്രാഫ്റ്റുകൾ അബുദാബിയിൽ നിർമിക്കാനാണ് പദ്ധതി. 4 പേർക്കു സഞ്ചരിക്കാവുന്ന എയർ ടാക്സി 500–3000 മീറ്റർ ഉയരത്തിലാണ് പറക്കുക.
വ്യോമയാന വകുപ്പിന്റെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും റൂട്ട് തീരുമാനിക്കുക. ഫ്ലൈയിങ് ടാക്സി കൂടി വരുന്നതോടെ യുഎഇയിലെ ടൂറിസം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫ്ലൈയിങ് ടാക്സിക്ക് പൈലറ്റുമാരെയും പ്രാദേശികമായി പരിശീലിപ്പിക്കാനാണ് പദ്ധതി.