ADVERTISEMENT

അബുദാബി ∙ ജോലിത്തിരക്കിനിടയിലും നാടിന്റെ സ്പന്ദനങ്ങളിലേക്ക് റഡാർ തിരിച്ചുവച്ച് ഗൾഫിലെ പ്രവാസികൾ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂട്ടിയും കിഴിച്ചുമാണ് പലരും നേരം വെളുപ്പിച്ചത്. സ്വന്തം രാജ്യം ആരു ഭരിക്കണമെന്ന് വിധിയെഴുതാൻ ലക്ഷത്തോളം പ്രവാസികൾ നാട്ടിലെത്തിയിരുന്നു. ഫലം തൽസമയം അറിയാൻ കാത്തിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിനു പ്രവാസികളാണ്.

ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസമാണ് അവസാനനിമിഷത്തിലും കോൺഗ്രസ് അനുഭാവ സംഘടനകൾ പ്രകടിപ്പിച്ചത്. എന്നാൽ ആധികാരിക വിജയത്തോടെ മോദി അധികാരത്തിൽ തുടരുമെന്നതിൽ എൻഡിഎ അനുഭാവികൾക്ക് സംശയമി‌ല്ല. കേരളത്തിൽ ഇത്തവണയും താമര വിരിയില്ലെന്ന് ഇടത്, വലത് കക്ഷികൾ ഉറച്ചുപറയുമ്പോൾ 3 സീറ്റു നേടി ചരിത്രം കുറിക്കുമെന്നാണ് എൻ‍ഡിഎ അനുഭാവികൾ പറയുന്നത്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം 295 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ പറഞ്ഞു. ഇന്നത്തെ ഫലം വരുന്നതോടെ, മോദിയുടെ സ്വാധീനത്തോടെ പുറത്തുവന്ന എക്സിറ്റ് പോളുകൾ പലതും അബദ്ധമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും മാത്രമേ കഴിയൂ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സഖ്യം അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ലെന്നും അൻസാർ കൂട്ടിച്ചേർത്തു.

വികസനം പറഞ്ഞ് തിരഞ്ഞെടുപ്പ് നേരിടാനെത്തിയ മോദിക്കും കൂട്ടർക്കും ആദ്യഘട്ടത്തിൽ തന്നെ തോൽവിയുടെ സൂചന ലഭിച്ചതോടെയാണ് പിന്നീട് അവർ വർഗീയത പറഞ്ഞ് ജനവികാരം അനുകൂലമാക്കാൻ വെപ്രാളപ്പെട്ടതെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി പറഞ്ഞു. എവിടെയും കള്ളത്തരം നടന്നിട്ടില്ലെങ്കിൽ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ എൽഡിഎഫ് 12ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

400 സീറ്റ് നേടി എൻഡിഎ അധികാരത്തിൽ ‍വരുമെന്നും കേരളത്തിൽ ഇത്തവണ താമര വിരിയുമെന്നുമാണ് ബിജെപി എൻആർഐ സെൽ മുൻ സംസ്ഥാന കൺവീനർ എൻ.ഹരികുമാർ പറഞ്ഞത്. തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ വിജയിക്കും. മോദി ഫാക്ടർ കേരളത്തിലെ വോട്ട് വിഹിതത്തിൽ പ്രതിഫലിക്കും. നിഷ്പക്ഷമായി ചിന്തിക്കുന്നവർ മോദിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ 7 ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആരൊക്കെ വിജയിക്കും എന്ന ചർച്ച പ്രവാസലോകത്തെ സാധാരണക്കാരിലും സജീവമായിരുന്നു. വിമാന ടിക്കറ്റിന് വൻ തുക നൽകി നാട്ടിലെത്തി വോട്ട് ചെയ്ത ലക്ഷത്തിലേറെ പേരും പ്രതീക്ഷയോടെയാണ് ഫലത്തെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് വടകര, കണ്ണൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് ഒട്ടേറെ പ്രവാസികൾ വോട്ട് ചെയ്യാൻ പോയിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലും താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സംഘടനാ ആസ്ഥാനങ്ങളിലും നടന്ന വോട്ട് ചർച്ചകളുടെ പര്യവസാനത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഏവരും.

ഇന്നു പ്രവൃത്തിദിവസമായതിനാൽ പലരും അവധിയെടുത്താണ് ടെലിവിഷനു മുന്നിൽ തത്സമയ വാർത്തകൾക്കായി കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം ആഘോഷമാക്കാൻ മധുരപലഹാരത്തിന് ഓർഡർ നൽകിയവരുമുണ്ട്. അതിനിടെ വോട്ടെണ്ണൽ ബിഗ് സ്ക്രീനിൽ കാണാൻ ചില സംഘടനകളും സൗകര്യം ഒരുക്കിയിട്ടുണ്ട്.

English Summary:

Expatriates in Anticipation of the 2024 Lok Sabha Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com