കുപ്പി കൊടുത്ത് ബസ് യാത്ര വ്യാപകമാക്കും
Mail This Article
അബുദാബി ∙ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയുണ്ടെങ്കിൽ ബസ് കൂലിക്കുള്ള പൈസ ഒപ്പിക്കാം. അബുദാബി മൊബിലിറ്റിയുടെ പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റിൽ നിക്ഷേപിക്കുന്ന കാലികുപ്പികൾക്കാണ് പണം ലഭിക്കുന്നത്. 650 മില്ലി ലീറ്ററിന്റെ ഒരു കാലിക്കുപ്പിക്ക് ഒരു പോയിന്റും അതിനു മുകളിൽ ശേഷിയുള്ള കുപ്പിക്ക് 2 പോയിന്റും ലഭിക്കും.
ഇങ്ങനെ 10 പോയിന്റ് നേടിയാൽ ഒരു ദിർഹം ലഭിക്കും. ഇത് പണമായി ലഭിക്കില്ല, അബുദാബിയിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കുന്ന അഫിലാത്ത് കാർഡിലേക്ക് ഈ പണം ചേർക്കാം. പോയിന്റും പണവും ലഭിക്കാൻ സൈക്കിൾഡ് റിവാഡ്സ് ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടാവണം. അൽ ഐനിലും അൽ ദഫ്രയിലും പുതിയതായി രണ്ട് റീസൈക്കിൾ യൂണിറ്റുകൾ കൂടി സ്ഥാപിക്കുമെന്നു അബുദാബി മൊബിലിറ്റി അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റീസൈക്കിൾ യൂണിറ്റുകൾ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. നൽകുന്ന കുപ്പികൾക്ക് പോയിന്റ് ലഭിക്കുമെന്നതിനാൽ എല്ലാവരും കൃത്യമായി റീസൈക്കിൾ യൂണിറ്റുകൾ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. 2022ൽ ആണ് പദ്ധതി ആദ്യമായി ആവിഷ്കരിച്ചത്.