ശരീരം തളർന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി നാട്ടിലെത്തിച്ചു
Mail This Article
റിയാദ് ∙ പക്ഷാഘാതത്തെ തുടർന്ന് നാലു മാസത്തോളമായി റിയാദിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദ് ഒടുവിൽ നാട്ടിലെത്തി. റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മയായ കേളിയും ആശുപത്രി അധികൃതരുമാണ് അജാജിന് തുണയായത്. റിയാദിലെ അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജാജ് കഴിഞ്ഞ ദിവസമാണ് നാടണഞ്ഞത്.
17 വർഷത്തോളമായി റിയാദിൽ പ്രവാസിയാണ് അജാജ്. ജോലിക്കിടെ തളർന്നു വീണു തീർത്തും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ലഭിച്ച മികച്ച പരിചരണമാണ് യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുക്കാൻ സഹായകമായത്. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടുകണ്ടു മനസിലാക്കിയ ആശുപത്രി അധികൃതർ അജാജിനെ നാട്ടിലെത്തിക്കാൻ കേളിയുടെ സഹായം തേടുകയായിരുന്നവെന്ന് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മറ്റി അംഗം നാസർ പൊന്നാനി പറഞ്ഞു. 17 വർഷത്തിലേറെയായി ഒരു സ്പോൺസറുടെ കീഴിൽ തന്നെയാണ് അജാജ് ജോലി ചെയ്തു വന്നിരുന്നത്. ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തി ദീർഘകാലം ഡ്രൈവറായി ജോലി ചെയ്തിരുന്ന അജാജ് അടുത്തിടെയാണ് സ്പോൺസറുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറിയത്.
അജാജിനെ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തുടർന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല. അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങൾക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണമാണ് അജാജിന് സാന്ത്വനമായത്. സ്പോൺസറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാൽ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടിയത്.
തുടർന്ന് നാസർ പൊന്നാനി ആശുപത്രിയിൽ നിന്നും രേഖകൾ ശേഖരിക്കുകയും ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിർദ്ദേശാനുസരണം നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ടിക്കറ്റും നാട്ടിലേക്കുള്ള എക്സിറ്റ് രേഖകളും സ്പോൺസർ നൽകി. അജാജിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യാൻ മുഹമ്മദ് ഉമർ എന്ന ഡൽഹി സ്വദേശി മുന്നോട്ട് വന്നതോടെ യാത്ര വേഗത്തിലായി. ആശുപത്രിയിൽ നിന്നും എയർപോർട്ടിൽ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതരും ഉറപ്പാക്കി. കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെയാണ് അജാജ് നാടിലെത്തിയത്.