ADVERTISEMENT

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ മന്ത്രി, ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് മോദിക്ക് ആശംസ നേർന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

നേരത്തേ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി എസ്. ജയ്ശങ്കർ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് സംബന്ധിച്ചും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരവരും ഷെയ്ഖ് ഖാലിദിന്റെ ഇന്ത്യാ സന്ദർശനം അനുസ്മരിക്കുകയും യുഎഇ പങ്കാളിത്തത്തിന്റെ പുരോഗതി ചർച്ച ചെയ്യുകയും ചെയ്തു.

യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷുമായും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും പുരോഗതിയുമാണ് ചർച്ച ചെയ്തത്. 1972 മുതൽ ഇന്ത്യയുമായി ശക്തമായ ബന്ധമുള്ള യുഎഇ അതേ വർഷം ഇന്ത്യയിൽ യുഎഇ എംബസി തുറന്നു. 1973ലാണ് അബുദാബിയിൽ ഇന്ത്യൻ എംബസി ആരംഭിച്ചത്. ഈ ബന്ധങ്ങൾ വളർന്നു വലുതായി. 34 വർഷത്തിനു ശേഷം 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. തന്ത്രപ്രധാന പങ്കാളിത്തത്തിന് തുടക്കം കുറിച്ചതോടൊപ്പം വിവിധ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒട്ടേറെ തവണ യുഎഇയിലെത്തി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒന്നിലേറെ തവണ ഇന്ത്യയിലെത്തിയതും ബന്ധത്തിന്റെ വ്യാപ്തി കൂട്ടി. യുഎഇയിൽ 40 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യവും ശക്തമായ ബന്ധത്തിന്റെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിലെത്തിയ ജയ്ശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും ചർച്ച നടത്തിയിരുന്നു.

English Summary:

UAE President Sheikh Mohamed bin Zayed Al Nahyan held talks with Indian External Affairs Minister S Jaishankar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com