'ചെയ്ത ജോലിക്കുള്ള ശമ്പളമോ ഭക്ഷണമോ ഇല്ല, ജീവൻ അപകടത്തിൽ': കുവൈത്തിൽ 2 മലയാളി യുവതികളെ ഫ്ലാറ്റിൽ പൂട്ടിയിട്ടു ഏജന്റ്

Mail This Article
കുവൈത്ത് സിറ്റി ∙ തൊഴിൽ തട്ടിപ്പിനിരയായ 2 മലയാളി യുവതികളെ കുവൈത്തിലെ റിക്രൂട്ടിങ് ഏജന്റ് ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുന്നതായി പരാതി. ചെയ്ത ജോലിക്കുള്ള ശമ്പളമോ ഭക്ഷണമോ നൽകാതെയും പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെയും ഏജന്റ് പ്രയാസപ്പെടുത്തുകയാണെന്ന് യുവതികൾ മനോരമയോടു പറഞ്ഞു. ആലപ്പുഴ മുതുകുളം, കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശിനികളാണ് കുവൈത്തിൽ കുടുങ്ങിയത്. ശാരീരികവും മാനസികവുമായി തളർന്നെന്നും എത്രയും വേഗം രക്ഷിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാണെന്നും ഇവർ പറയുന്നു.
കേരളത്തിലെ ഏജന്റുമാർ മുഖേന കുവൈത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന വനിതകളെ ഇവിടത്തെ റിക്രൂട്ടിങ് ഏജൻസി വൻ തുക ഈടാക്കി അറബി വീടുകളിലേക്ക് ജോലിക്ക് നൽകുകയാണ് ചെയ്തുവരുന്നത്. എന്നാൽ വീടുകളിലെ ജോലി ഭാരവും ഭക്ഷണം നൽകാത്തതും ഇവരെ തളർത്തുന്നു. മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവരും ഒട്ടേറെ. സ്വദേശികളിൽ നിന്ന് കൃത്യമായി ശമ്പളം ഈടാക്കുന്ന ഏജൻസികൾ തങ്ങൾക്കു നൽകുന്നില്ലെന്നു യുവതികൾ ആരോപിക്കുന്നു.
കടുത്ത ജോലിക്ക് പുറമെ ചിലയിടങ്ങളിലെ ശാരീരിക ഉപദ്രവവും നേരിടേണ്ടിവരുന്നു. ശാരീരിക, മാനസിക പ്രയാസങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ വരുമ്പോഴാണ് വിവരം ഏജൻസിയെ അറിയിക്കുന്നത്. ഇതോടെ ഇതിനെക്കാൾ ദുരിതപൂർണമായ മറ്റൊരു വീട്ടിലേക്ക് മാറ്റുകയാണ് പതിവ്. വിശ്രമമില്ലാതെ പണിയെടുപ്പിച്ചിട്ട് പല വീട്ടുകാരും ആഹാരം പോലും നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. അപൂർവം ചില വീടുകളിൽനിന്ന് ആഹാരം ലഭിച്ചെങ്കിലും ജോലിരം മൂലം കഴിക്കാൻ സമയം കിട്ടുന്നില്ല. ഈ അവസ്ഥയിൽ തുടരാൻ താൽപര്യമില്ലെന്നും ചെയ്ത ജോലിക്കുള്ള ശമ്പളം തന്ന് നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടതോടെ റിക്രൂട്ടിങ് ഏജൻസിയുടെ ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു നേരം അൽപം ആഹാരം മാത്രമാണ് നൽകുന്നത്.
തിരിച്ചയയ്ക്കാൻ 2 ലക്ഷം രൂപയാണ് റിക്രൂട്ടിങ് ഏജൻസി ആവശ്യപ്പെടുന്നത്. നേരത്തെ നാട്ടിലെത്തിയ ഏതാനും യുവതികളിൽനിന്ന് ഈ തുക ഈടാക്കിയിരുന്നു. ഇന്ത്യൻ എംബസിയിലും നോർക്കയിലും പരാതിപ്പെട്ടതോടെ ആദ്യം ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് ഏജന്റ് അൽപം മയപ്പെട്ടു. സ്വന്തം നിലയ്ക്ക് ടിക്കറ്റ് എടുത്താൽ നാട്ടിലേക്ക് അയയ്ക്കാമെന്ന് പറഞ്ഞതനുസരിച്ച് കൊല്ലം സ്വദേശിനി ഇന്നലത്തേക്ക് ടിക്കറ്റ് എടുത്തെങ്കിലും പാസ്പോർട്ട് നൽകാത്തതിനാൽ യാത്ര ചെയ്യാനായില്ല. അറബിയുടെ പക്കലിൽ നിന്ന് തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞാണ് യാത്ര വൈകിപ്പിക്കുന്നത്. ബന്ധുക്കൾ സമ്മർദം ചെലുത്തിയപ്പോൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അയയ്ക്കാമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്.
ഇതേ റിക്രൂട്ടിങ് ഏജൻസിയിൽനിന്ന് രക്ഷപ്പെട്ട് ഇതിനകം 5 യുവതികൾ നാട്ടിലെത്തിയിരുന്നു. ഏറ്റവും ഒടുവിൽ എറണാകുളം സ്വദേശി ഗ്രീഷ്മയാണ് നാട്ടിലെത്തിയത്. നേരത്തെ എത്തിയ മറ്റു 4 പേരും നോർക്കയിലും പൊലീസിലും രേഖാമൂലം പരാതി നൽകിയിരുന്നു.
ഇ-മെയിൽ നൽകി എംബസിയും നോർക്കയും തടിയൂരുന്നു
വിദേശ രാജ്യങ്ങളിൽ പ്രയാസപ്പെടുന്നവർ സഹായ അഭ്യർഥനയുമായി ഇന്ത്യൻ എംബസിയെയും നോർക്കയെയും സമീപിക്കുമ്പോൾ രേഖാമൂലം പരാതിപ്പെടാൻ ഒരു ഇ-മെയിൽ വിലാസം നൽകി കൈ കഴുകുകയാണ് അധികൃതർ. ഫ്ലാറ്റിനകത്ത് പൂട്ടിയിട്ട യുവതികൾ ആരും കാണാതെ അയയ്ക്കുന്ന ശബ്ദസന്ദേശം മാധ്യമ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും എംബസിയുടെയും നോർക്കയുടെയും ശ്രദ്ധയിൽ പെടുത്തുമ്പോഴാണ് വിചിത്ര മറുപടി. പരാതിക്കാരോട് ഇമെയിൽ അയയ്ക്കാനോ നേരിട്ട് എംബസിയിൽ എത്താനോ ആണ് ആവശ്യപ്പെടുന്നത്. ഫ്ലാറ്റിനകത്ത് പൂട്ടിയിട്ട തങ്ങൾക്ക് എങ്ങനെ എംബസിയിൽ എത്താനാകുമെന്ന് യുവതികൾ ചോദിക്കുന്നു. റിക്രൂട്ടിങ് ഏജൻസിയുടെ വിലാസവും താമസിക്കുന്ന കെട്ടിടത്തിന്റെ ലൊക്കേഷനും അയച്ചുകൊടുത്തിട്ടും പരാതിപ്പെടാനുള്ള ഇ-മെയിൽ വിലാസം നൽകിയതല്ലാതെ മറ്റൊരു നടപടിയും എംബസി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇവർ പറയുന്നു.
നോർക്കയിലേക്ക് ഇ-മെയിൽ അയച്ചാൽ അത് കുവൈത്തിലെ ഇന്ത്യൻ എംബസിക്കു കൈമാറുന്നതോടെ ഉത്തരവാദിത്തം തീർന്ന മട്ടിലാണ് നോർക്ക അധികൃതരെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഇടപെട്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നോർക്കയ്ക്കോ ഇന്ത്യൻ എംബസിക്കോ കേന്ദ്ര, സംസ്ഥാന സർക്കാരിനോ ഒന്നും ചെയ്യാനാകില്ലെയെന്ന് ഇവർ ചോദിക്കുന്നു.