മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

Mail This Article
ജിദ്ദ ∙ സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍. കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ആയി ചുമതലയേറ്റ നാള്‍ മുതല്‍ പ്രവിശ്യയുടെ വളര്‍ച്ചയിലും വികസനത്തിലും വലിയ പങ്കുവഹിച്ചു.
പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സര്‍വകലാശാലയിലൂടെ കിഴക്കന്‍ പ്രവിശ്യയിലെയും രാജ്യത്തിന്റെയും വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചു. അന്തരിച്ച മുന്‍ സൗദി ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ രാജകുടുംബത്തിലെ രണ്ടാം തലമുറയിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്.
മാനുഷിക, സാമൂഹിക വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു. സമൂഹത്തിലെ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങളെ പരിപാലിക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന് കീഴില്‍ കാഴ്ച വൈകര്യമുള്ളവര്‍ക്കായി റോയ സെന്റര്‍ സ്ഥാപിച്ചതും ശ്രദ്ധേയമായിരുന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്കായി പരിശീലന കോഴ്സുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉറപ്പാക്കിയിരുന്നു. ബ്രെയില്‍ ലിപിയിലൂടെ കംപ്യൂട്ടര്‍ പഠനം, സൈബര്‍ സുരക്ഷയില്‍ കോഴ്സ്, ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യം, മണ്‍പാത്ര നിര്‍മാണം, നെയ്ത്ത് പരിശീലനം തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളും നടത്തി.

ദമ്മാമില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സമഗ്ര പുനരധിവാസ കേന്ദ്രവുമായി സഹകരിച്ച് കാഴ്ചയില്ലാത്ത പെണ്‍കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ പരിശീലനം ഉള്‍പ്പെടെയുള്ള കോഴ്‌സുകളും ആരംഭിച്ചു.
കാന്‍സര്‍ ബാധിതാരയ കുട്ടികളെ സഹായിക്കുന്നതില്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ മുന്‍നിരയിലായിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ഡെവലപ്മെന്റ് കഴിഞ്ഞ ഈദ് അല്‍ അദ്ഹയില്‍ കിങ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് 'ബസ്മത് ഹയാത്ത്' പ്രോഗ്രാമിലൂടെ രോഗബാധിതരായ കുട്ടികളെ ആദരിച്ചിരുന്നു. സ്ത്രീശാക്തീകരണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്‌റെ ഭാഗമായി പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന്‍ ഒട്ടനവധി സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടറും ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാര പ്രോഗ്രാം ഏറെ ശ്രദ്ധ നേടി.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് അവാര്‍ഡ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ സര്‍ഗ്ഗാത്മകതയെയും മികവിനെയും പിന്തുണയ്ക്കുന്നതിനായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി.
മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ഡെവലപ്മെന്റ് സ്പോണ്‍സര്‍ ചെയ്യുന്ന അറബ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് അവാര്‍ഡ് ലീഗ് ഓഫ് അറബ് സ്റ്റേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത്.