നൃത്തം ചെയ്യുന്ന ലൈറ്റുകൾ, ജീവൻ തുളുമ്പുന്ന പെയിന്റിങ്ങുകൾ, 12 ഇടങ്ങളിൽ കാഴ്ചകളേറെ; ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി

Mail This Article
ദുബായ്∙ വെളിച്ചത്തിന്റെ സൗന്ദര്യവും സംഗീതവും പ്രദർശിപ്പിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് വർണാഭമായ തുടക്കം. ഈ മാസം 23 വരെ എമിറേറ്റിന്റെ 12 കേന്ദ്രങ്ങളിലാണ് ഫെസ്റ്റിവലിന്റെ 14-ാം പതിപ്പ്. ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ ഇന്നലെ രാത്രി ആഘോഷത്തിന് തുടക്കമായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രേഖാചിത്രം ഒരുകൂട്ടം ഡ്രോണുകളുടെ സഹായത്തോടെ ആകാശത്ത് വരയ്ക്കപ്പെട്ടു. സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ലൈറ്റുകൾ ചടങ്ങിന് പൊലിമ ചാർത്തി. കൂടാതെ, ഷാർജയുടെ പ്രശസ്തമായ സ്മൈൽ, യു ആർ ഇൻ ഷാർജ എന്ന സന്ദേശവും ഡ്രോണുകൾ ആകാശത്ത് വിരിയിച്ചു. ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 'ലൈറ്റ്സ് ഓഫ് യൂണിറ്റ്' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് നടക്കുന്നത്. ലൈറ്റ് ഷോകൾ എല്ലാവർക്കും കാണാൻ സൗജന്യമാണെങ്കിലും പ്രധാന ആകർഷണമായ ദ് ലൈറ്റ് വില്ലേജിലേക്കുള്ള പ്രവേശനത്തിന് 10 ദിർഹം പ്രവേശന ഫീസ് നൽകണം.
∙വെളിച്ചോത്സവത്തിന് 4 പുതിയ കേന്ദ്രങ്ങൾ
ഇത്തവണ 4 പുതിയ കേന്ദ്രങ്ങൾ കൂടി ലൈറ്റ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ആർടി െഎപി, കൽബയിലെ അൽ ഹിഫായിയ തടാകം, അൽ ജദ, അൽ ഹീര ബീച് എന്നിവയാണ് പുതിയ കേന്ദ്രങ്ങൾ.
∙ആകെ 12 സ്ഥലങ്ങൾ
ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക്, അൽ റാഫിസ ഡാം, അൽ ഹിഫായിയ തടകാം-കൽബ, ഷാർജ പള്ളി, ബീഅ ഹെഡ് ക്വാർട്ടേഴ്സ്, അൽ ദൈദ് ഫോർട്ട്, അൽ ഹംറിയ ന്യൂ ജനറൽ സൂഖ്, അൽ മജാസ് വാട്ടർഫ്രണ്ട് ഹീറ ബീച്ച്, അൽ തയ്യാറി പള്ളി, അൽ ഹീറ ബീച്ച്, അൽ ജദ, യൂണിവേഴ്സിറ്റി സിറ്റി ഹാൾ.
∙ഷാർജ പള്ളിച്ചുവരുകളിൽ ചിത്രവസന്തം
അറിവിന്റെയും കലയുടെയും പ്രകാശയാത്ര എന്ന പേരിൽ ഷാർജ പള്ളിയുടെ ചുവരുകൾ ജീവനുള്ള പെയിന്റിങ്ങുകളുടെ ക്യാൻവാസാക്കി മാറ്റുന്നു. ഖോർഫക്കാനിലെ അൽ റഫീസ അണക്കെട്ടിൽ ലൈറ്റ് ഓഫ് ദ് ഈസ്റ്റ് ഷോയുടെ 3ഡി പ്രൊജക്ഷൻ നഗര ചരിത്രം വിവരിക്കുകയും അതിന്റെ ഭൂപ്രകൃതിയുടെ ഭംഗി പ്രകടമാക്കുകയും ചെയ്യും.
∙വെളിച്ച ഗ്രാമത്തിന്റെ വിശേഷങ്ങൾ
ഷാർജ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദ് ലൈറ്റ് വില്ലേജ് ഈ വർഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമാണ്. അകത്ത് സ്പെഷ്യാലിറ്റി കോഫി മുതൽ ഉയർന്ന റേറ്റിങ് ഉള്ള ബർഗർ സ്പോട്ടുകൾ വരെ, വൈവിധ്യമാർന്ന പാചകരീതികൾ വാഗ്ദാനം ചെയ്യുന്ന 50 ലേറെ ഭക്ഷണ ട്രക്കുകളുടെ ഒരു നിരയുണ്ട്.
∙ടിക്കറ്റ് നിരക്ക്
മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ളവർക്കും 10 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും സൗജന്യമായി പ്രവേശിക്കാം. കൂടുതൽ തവണ ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 120 ദിർഹം വിലയുള്ള ഫുൾ സീസൺ പാസ് തിരഞ്ഞെടുക്കാം. ഈ ടിക്കറ്റുകൾ ഓൺലൈനിലോ ഗ്രാമത്തിന്റെ കവാടത്തിലോ വാങ്ങാം.
ഫെസ്റ്റിവലിന്റെ ജനപ്രീതി കണക്കിലെടുത്ത് ടിക്കറ്റ് വാങ്ങൽ സുഗമമാക്കുന്നതിന് രണ്ട് പ്രവേശന കവാടങ്ങൾ സ്ഥാപിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയിലെ പിആർ ആൻഡ് മീഡിയ റിലേഷൻസ്മേധാവി ആലിയ അൽസൂഖി പറഞ്ഞു. സന്ദർശകർക്ക് വാലറ്റും സൗജന്യ പാർക്കിങ് ഓപ്ഷനുകളും ഉണ്ടാകും. സന്ദർശകർ വൈകിട്ട് 6 ന് തന്നെ സ്ഥലത്തെത്താൻ അധികൃതർ അഭ്യർഥിച്ചു. പ്രവേശന കവാടത്തിന് സമീപം പാർക്കിങ് സ്ലോട്ടുകൾ സൗകര്യം ലഭിക്കാൻ ഇത് വഴിയൊരുക്കും.