ആയിരങ്ങളെത്തി; ഇന്തോ അറബ് സാംസ്കാരികോത്സവം സമാപിച്ചു

Mail This Article
അബുദാബി ∙ പ്രവാസി മലയാളികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് ഇന്തോ അറബ് സാംസ്കാരികോത്സവം സമാപിച്ചു. 3 ദിവസം നീണ്ട സാംസ്കാരികോത്സവത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത് കാൽ ലക്ഷത്തോളം പേർ.
സന്ദർശകരുടെ പ്രതീക്ഷകൾ കവച്ചുവയ്ക്കും വിധം മികച്ച കലാവിരുന്ന് സമ്മാനിക്കാൻ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് പ്രസിഡന്റ് സലിം ചിറക്കലും ജനറൽ സെക്രട്ടറി സുരേഷ്കുമാറും പറഞ്ഞു. ഉറുമി ബാൻഡിന്റെ സംഗീത വിരുന്നാണ് സമാപന ദിവസത്തെ സമ്പന്നമാക്കിയത്. 3 ദിവസവും ആദ്യാവസാനം വരെ നിറഞ്ഞ സദസ്സ് സാംസ്കാരികോത്സവം ജനം ഏറ്റെടുത്തതിനു തെളിവാണെന്ന് ട്രഷറർ യാസർ അറഫാത്ത് പറഞ്ഞു.
സമാപന ദിനത്തിൽ നടന്ന ലേലം വിളി പ്രവാസി മലയാളികൾക്ക് ഗൃഹാതുരത നിറഞ്ഞതായിരുന്നു. അരങ്ങ് സാംസ്കാരിക വേദി സമ്മാനിച്ച വാഴക്കുലയും ഫ്രണ്ട്സ് എഡിഎംഎസ് സമ്മാനിച്ച ചക്കയും ചേർത്ത് 2.12 ലക്ഷം രൂപയ്ക്ക് (9000 ദിർഹം) വേദ ആയുർവേദ ലേലം ചെയ്തെടുത്തു. പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ സമ്മാനം ലഭിച്ച 20 പവൻ സ്വർണം റജീന ഫൈസലിന് ഇന്നു സമാജത്തിൽ നടക്കുന്ന സുഹൃദ്സംഗമത്തിൽ സമ്മാനിക്കും.
ഫെസ്റ്റിവലിൽ 11 ഭക്ഷ്യസ്റ്റാളുകൾ ഉൾപ്പെടെ 49 സ്റ്റാളുകളിലെയും കച്ചവടം പൊടിപൊടിച്ചു. മലയാളി മങ്കമാരുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളിലെ ഭക്ഷണം നേരത്തെ വിറ്റുതീർന്നു. സ്വദേശി വനിതകളുടെ ഭക്ഷണ സ്റ്റാളുകളുമുണ്ടായിരുന്നു. അടുത്ത വർഷത്തെ ഉത്സവം ഇതിനെക്കാൾ ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സമാജത്തിലെ അംഗസംഘടനകൾ.
ഗായകരായ സയനോര ഫിലിപ്പ്, ലിപിൻ സ്കറിയ, പ്രസീത ചാലക്കുടി, ലക്ഷ്മി ജയൻ, മസ്ന, ശിഖ പ്രഭാകരൻ, ഫൈസൽ റാസി എന്നിവർ അണിനിരന്ന ഗാനമേളയും ഇന്തോ അറബ് ഫ്യൂഷൻ സംഗീത, നൃത്ത പരിപാടികളും ഇടതടവില്ലാത്ത കലാവിരുന്നുകളും 3 ദിവസത്തെ ഉത്സവത്തെ അവിസ്മരണീയമാക്കി.