തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ, റമസാനിലെ അവസാന പത്തിലേക്കുള്ള തയാറെടുപ്പുകൾ പൂർണം; ഹറമിലെ സേവന ശേഷി ഉയർത്തി

Mail This Article
മക്ക∙ റമസാനിലെ അവസാന 10 ദിവസത്തെ തയാറെടുപ്പിനായി ഹറമിലെ സേവന ശേഷി ഗണ്യമായി വർധിപ്പിച്ചു. പള്ളിയുടെ അകത്തും നടുമുറ്റത്തും ആരാധകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാൻ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
തീർഥാടകരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനായി അതോറിറ്റി 38 സ്ഥലങ്ങളിലാണ് പ്രത്യേകം ടീമുകളെ നിയോഗിച്ചിരിക്കുന്നത്. 35 മിനിറ്റിനുള്ളിൽ പള്ളി വൃത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. ഓരോ ദിവസവും രണ്ട് കിലോഗ്രാം ഊദ് ഉപയോഗിച്ച് 20 റൗണ്ട് ആണ് പെർഫ്യൂം അടിയ്ക്കുന്നത്.
428 എസ്കലേറ്ററുകൾ, 28 എലിവേറ്ററുകൾ, 1,300 ഇലക്ട്രിക് സ്പീക്കറുകൾ, ഗ്രാൻഡ് മോസ്‌കിനെ തണുപ്പിക്കാൻ 90,000 ടൺ വരെയുള്ള ഊർജ്ജ സ്രോതസ്സുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സൗജന്യ ലഗേജ് സംഭരണവും പ്രായമായവർക്കും വൈകല്യമുള്ളവർക്കും പരമാവധി സൗകര്യം ഉറപ്പാക്കാൻ നിയുക്ത പ്രാർഥനാ സ്ഥലങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രം, ആചാരാനുഷ്ഠാനങ്ങളെ സഹായിക്കാൻ വാഹനങ്ങൾ, റമസാനിലെ അവസാന 10 ദിവസങ്ങളിൽ ഇഅ്തികാഫിന് പ്രത്യേക പ്രാർഥനാ സ്ഥലങ്ങൾ, അതുപോലെ തന്നെ എല്ലാ ആരാധകർക്കും തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്ന ഗതാഗതം റിസർവ് ചെയ്യുന്നതിനുള്ള ഏകീകൃത പ്ലാറ്റ്ഫോം എന്നിവയും അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്.