ADVERTISEMENT

ദോഹ ∙ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ തയാറാക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ദോഹയിൽ നടന്ന നാഷനല്‍ ഡ‍െവലപ്മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്ന പദ്ധതികളാണ് ഖത്തർ തയാറാക്കുന്നതെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.

ഖത്തറിന്റെ വികസന നയത്തിലുള്ള സമഗ്രമാറ്റത്തിന്റെ സൂചനയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കുവച്ചത്. വിവിധ സേവനമേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും മന്ത്രാലയങ്ങളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതൊക്കെ മേഖലയില്‍ നിന്നാണ് സര്‍ക്കാര്‍ പിന്മാറി പകരം സ്വകാര്യമേഖലയ്ക്ക് അവസരം നല്‍കാനാവുക എന്നതാണ് പരിശോധിക്കുന്നത്.

ഖത്തര്‍ പോലുള്ള ഒരു ചെറിയ രാജ്യത്ത് സര്‍ക്കാരും പൗരന്മാരും സ്വകാര്യമേഖലയും ഒരേലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തില്‍ മത്സരിക്കാന്‍ ഖത്തരി കമ്പനികള്‍ക്കാവണം. കയറ്റുമതി വര്‍ധിക്കണം. ഖത്തര്‍ എയര്‍വേസും ഖത്തറിലെ മൊബൈൽ, ഇന്റ‍നെറ്റ് സേവനദാതാക്കളായ ഉരീദുവും ഖത്തര്‍ എനര്‍ജിയും രാജ്യാന്തര തലത്തിൽ മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത്.

രാജ്യാന്തര തലത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ നോക്കുകയാണ്, അത് ഖത്തറിന്റെ വികസന പദ്ധതികളിലായാലും, ഖത്തരി കമ്പനികൾക്ക് എങ്ങനെ അവസരങ്ങൾ സൃഷ്ടിക്കാമെന്ന വിഷയത്തിലായാലും. പ്രധാനമന്ത്രി പറഞ്ഞു. സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായാണ് ഖത്തർ, അതിൽ  ഒരു പോരായ്മയുമില്ല. പക്ഷേ, സേവനം നൽകുന്ന രീതിയിലും അതിനോടുള്ള പ്രതികരണ വേഗതയിലും ചില വെല്ലുവിളിയുണ്ട്. അത്തരം ബലഹീനതകൾ കണ്ടെത്തുകയും അതിന് പരിഹാരങ്ങൾ ഉണ്ടാക്കാൻ  ശ്രമിക്കുകയും വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് മേഖലയില്‍ ബിഒടി മാതൃക പരീക്ഷിക്കുന്നതിനുള്ള  സാധ്യതകള്‍ പരിശോധിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിന്‍ ഹമദ് അല്‍ അല്‍ അതിയ്യ പറഞ്ഞു. രണ്ട് വര്‍ഷത്തിനകം അഷ്ഗാല്‍ 8100 കോടി ഖത്തര്‍ റിയാലിന്റെ കരാറുകള്‍ നല്‍കും. ഇതില്‍ ബിഒടി മാതൃക പരീക്ഷിക്കും. സ്വകാര്യഭൂമിയില്‍ ഉള്‍പ്പെടെ ബിഒടി അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും ഫോറത്തിൽ  സംസാരിച്ച മുനിസിപ്പാലിറ്റി  മന്ത്രി വ്യക്തമാക്കി.

English Summary:

Plans afoot to further boost private sector: Qatar's PM

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com