ഒമാനിൽ വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിച്ചു

Mail This Article
മസ്‌കത്ത്∙ വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകൾക്ക് ശേഷം ഒമാനിലെ വിശ്വാസികൾ നിഷ്കളങ്കമായ മനസ്സോടെ ഈദുൽ ഫിത്ർ ആഘോഷിച്ചു. നിരാലംബർക്ക് ദാനം നൽകിയും തക്ബീർ ധ്വനികൾ ഉരുവിട്ടുമാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആളുകൾ പെരുന്നാൾ നിസ്‌കാരത്തിനെത്തിയത്. കേരളത്തിലും ഇത്തവണ ഒരേ ദിവസമാണ് പെരുന്നാൾ ആഘോഷിച്ചത്. സ്വദേശി സമൂഹത്തോടൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും ഭക്ത്യാദരങ്ങളോടെ ഈദ് ആഘോഷത്തിൽ പങ്കുചേർന്നു.
അതിരാവിലെ തന്നെ സ്വദേശികളുടെ പെരുന്നാൾ നിസ്‌കാരങ്ങൾ കഴിഞ്ഞിരുന്നു. നിസ്‌കാരം കഴിഞ്ഞയുടൻ തക്ബീർ ധ്വനികളാൽ അന്തരീക്ഷം മുഖരിതമായി. മസ്‌കത്ത് സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദിലായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിക് പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തത്. മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മസ്‌കത്തിലും സലാലയിലും നടന്ന ഈദ് നിസ്‌കാരങ്ങളിൽ പങ്കെടുത്തു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിക് ഈദുൽ ഫിത്ർ ആശംസകൾ നേർന്നു.
സ്വദേശി നിസ്‌കാരാനന്തരം വിദേശികൾ പള്ളികളിൽ പെരുന്നാൾ നിസ്‌കാരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഇടങ്ങളിൽ ഈദ് മുസല്ലകളിലും ഈദ് ഗാഹുകളിലും നിസ്‌കാരങ്ങൾ നടന്നു. പ്രാർഥനകൾ കഴിഞ്ഞിറങ്ങുന്നവർ പരസ്പരം കെട്ടിപ്പുണർന്നും കൈകൾ കൊടുത്തും ഈദ് മുബാറക് ആശംസിച്ചും ഊഷ്മള സ്നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്ന കാഴ്ചയായിരുന്നു പള്ളിമുറ്റങ്ങളിൽ.

മസ്ജിദുകളിൽ നിന്ന് താമസയിടം എത്തും വരെ വഴിയിൽ കാണുന്ന പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം പരസ്പരം ആശംസകളർപ്പിക്കുന്ന കാഴ്ചകളായിരുന്നു നിരത്തുകളിൽ നിറയെ കാണാൻ സാധിച്ചത്. ബന്ധുക്കളും നാട്ടുകാരുമായി ചേർന്നാണ് പ്രവാസികൾ പെരുന്നാൾ ആഘോഷിച്ചത്. പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ തിരക്ക് അനുഭവപ്പെട്ടു.
പെരുന്നാൾ പ്രമാണിച്ച് ഇത്തവണ വിദേശത്തേക്ക് പറന്നത് നിരവധി സ്വദേശികളും വിദേശികളുമാണ്. ഈദ് ആഘോഷം വിദേശത്തേക്ക് മാറ്റിയവരിൽ വിദേശികളും ഏറെയാണ്. കുടുംബ സമ്മേതമാണ് മലയാളികൾ ഉൾപ്പടെയുള്ളവർ പറന്നത്. ഈ വർഷം അവധി ദിവസം കൂടിയതും സഞ്ചാരികൾ വർധിക്കാനിടയാക്കിയെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
വിദേശ യാത്രക്കായി സ്വദേശികൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതലെടുത്ത് ഓഫറുകളുമായി വിമാന കമ്പനികളും ട്രാവൽ ഏജൻസികളും രംഗത്തെത്തിയിരുന്നു. യുഎഇ, മാലിദ്വീപ്, ശ്രീലങ്ക, ജോർജിയ എന്നിവിടങ്ങളിലേക്കാണ് സ്വദേശി കുടുംബങ്ങളിൽ ബഹുഭൂരിഭാഗവും ഹ്രസ്വ സന്ദർശനാർഥം പോയത്. ഈ റൂട്ടുകളിലേക്ക് മിതമായ നിരക്കേ ഈടാക്കുന്നുള്ളൂവെന്നതും ആളുകളെ ആകർഷിക്കുന്ന ഘടകമാണ്.
യുഎഇയിലേക്ക് റോഡ് മാർഗമാണ് കൂടുതൽ പേർ യാത്ര ചെയ്തത്. ചെലവ് കുറയ്ക്കുന്നതിനും യാത്രാ സമയം ലാഭിക്കുന്നതിനുമായിരുന്നു ഇത്. കുടുംബങ്ങളായി പോകുന്നവർ അധികവും അതിർത്തി വഴി അബുദാബിയിലേക്കും ദുബായിലേക്കും കടന്നു. കൂടുതൽ പേർ യാത്ര ചെയ്തത് ദുബായ് അതിർത്തി പ്രദേശമായ ഹത്ത വഴിയാണ്. അതിർത്തിയിലെ നടപടികൾ വേഗത്തിലാക്കിയതും കൂടുതൽ പേരെ ആകർഷിക്കുന്നു.