ഹൂസ്റ്റണിൽ അഷ്ടമി രോഹിണി വിളംബര യാത്ര സംഘടിപ്പിച്ചു
Mail This Article
ഹൂസ്റ്റണ്‍ ∙ ഓഗസ്റ്റ് 24 ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അഷ്ടമി രോഹിണി ആഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 18ന് കേരള ഹിന്ദു സൊസൈറ്റിയുടെയും കെഎച്ച്എസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ക്ഷേത്രങ്ങളിലൂടെ വിളംബരയാത്ര സംഘടിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ബിഎപിഎസ്, വിപിഎസ്എസ് ഹവേലി തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച തീർഥാടന സംഘം ഉച്ചയോടെ ശ്രീ മീനാക്ഷി ദേവസ്ഥാനത്തെത്തി. ഓരോ ക്ഷേത്രങ്ങളിലും വിളംബര യാത്രയ്ക്ക് സ്വീകരണം ഉണ്ടായിരുന്നു. കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച ബാലിക ബാലൻമാരും വിളംബര യാത്രയുടെ ഭാഗമായി.
ഓഗസ്റ്റ് 24 ശനിയാഴ്ച 6.30ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിൽ താലപ്പൊലികളോടും ചെണ്ടമേളത്തോടും കൂടെ ശോഭയാത്ര നടത്തും. ശോഭയാത്രയുടെ അവസാനം ഉണ്ണിക്കണ്ണൻമാരുടെ ഉറിയടിയും കണ്ണന്റെ രാധമാരുടെ ഡാൻഡിയയും ഉണ്ടായിരിക്കും. നിരവധി കണ്ണന്മാരും രാധമാരും ശോഭയാത്രയുടെ ഭാഗമാകും. ദീപാരാധനയ്ക്കുശേഷം കലാസന്ധ്യയും അതിനു ശേഷം മഹാ ഡാൻഡിയയും ഉണ്ടായിരിക്കും.
വിളംബര യാത്രയിൽ കെഎച്ച്എസ് പ്രസിഡന്റ് സുനിൽ നായർ, ട്രസ്റ്റി പ്രസിഡന്റ് രമാ പിള്ള, ഹരി ശിവരാമൻ മറ്റു ബോർഡ് അംഗങ്ങളായ അജിത് പിള്ള, ശ്രീകല നായർ, സുബിൻ ബാലകൃഷ്ണൻ, സുരേഷ് നായർ, ശ്രീജിത് നമ്പൂതിരി, രാജേഷ് നായർ, പ്രിയ രൂപേഷ്, കെഎച്ച്എസ് സ്കൂൾ കോ ഓർഡിനേറ്റർ ജയപ്രകാശ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഹൂസ്റ്റണിലെ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനും, സനാതന ധർമം സംരക്ഷിക്കാനും അതിനെ വരും തലമുറയിലേക്ക് പകർന്നു നൽകാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് വിളംബര യാത്രയെ സ്വീകരിച്ചു സംസാരിച്ച ക്ഷേത്ര പ്രതിനിധികൾ അഭിപ്രായപ്പെട്ടു.