സിനിമയിൽ അഭിനയിക്കാനെത്തി നിർമാതാവായ പ്രവാസി മലയാളി; 'തുല്യവേതനം ന്യായമാണ്, പക്ഷേ പ്രാക്ടിക്കലല്ല': തിളങ്ങാനൊരുങ്ങി ‘ശുക്രൻ’

Mail This Article
കുട്ടിക്കാലം മുതൽ സിനിമ എന്ന ആഗ്രഹം നെഞ്ചിലേറ്റി, കാലങ്ങളോളം സിനിമയ്ക്കു പിന്നാലെ അലഞ്ഞ് ഒടുവിൽ ആ സ്വപ്നം കയ്യെത്തിപ്പിടിക്കുന്ന ചിലയാളുകളുണ്ട്. സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ ഇപ്പോഴും സഞ്ചരിക്കുകയാണ് പ്രവാസി മലയാളിയായ ജീമോൻ ജോർജ്. കോട്ടയം സ്വദേശി ജീമോൻ വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസക്കാരനാണ്. ഒരിക്കലെങ്കിലും സിനിമയിൽ മുഖം കാണിക്കണം എന്നായിരുന്നു കാലങ്ങളായുള്ള ആഗ്രഹം. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ അന്ധകാര, ഗുമസ്തൻ തുടങ്ങി 5 സിനിമകളിൽ ചെറുതല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ടു ചിത്രങ്ങൾ റീലിസിനൊരുങ്ങുന്നു. ‘ശുക്രൻ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ബിബിൻ ജോർജ്, ചന്തുനാഥ്, മാലാ പാർവതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ശുക്രൻ എന്ന ചിത്രത്തിൽ അഭിനേതാവ് മാത്രമല്ല നിർമാതാവ് കൂടിയാണ് അദ്ദേഹം. അഭിനയിക്കാനെത്തിയ ജീമോൻ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായി മാറിയത്. ആദ്യ ചിത്രം നിർമിക്കാനിറങ്ങിയപ്പോഴുണ്ടായ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നിർമാതാവ് ജീമോൻ ജോർജ്
∙ പൈസ ഉണ്ടായതു കൊണ്ടു മാത്രം സിനിമ നിർമിക്കാൻ പറ്റില്ല
‘ശുക്രനി’ൽ അഭിനയിക്കാനാണ് അമേരിക്കയിൽ നിന്നും നാട്ടിലേക്കു വന്നത്. പക്ഷേ ഒരു നിയോഗം പോലെയാണ് നിർമാതാവിന്റെ റോൾ കൂടി ഏറ്റെടുക്കേണ്ടി വന്നത്. വീട്ടുകാരുടെ പൂർണപിന്തുണയുണ്ട്. പക്ഷേ നിർമാതാവായി ഇടപെട്ടപ്പോഴാണ് സിനിമയുടെ യഥാർഥ മുഖം മനസിലായത്. സിനിമയുടെ ഗ്ലാമർ വശത്തെക്കുറിച്ചു മാത്രമേ ആളുകൾക്കറിയൂ. പക്ഷേ അങ്ങനെയല്ല, സിനിമാ നിർമാണം എന്നു പറയുന്നത് വലിയൊരു ജോലി തന്നെയാണ്. പൈസ ഉണ്ടായതു കൊണ്ടു മാത്രം സിനിമ നിർമിക്കാൻ പറ്റില്ലെന്നാണ് എനിക്കു മനസിലായത്. എന്നെപ്പോലെയുള്ള പ്രവാസികൾക്ക് കുറേയധികം പരിമിതികളുണ്ട്.
ഒരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടെങ്കിൽ എപ്പോഴും സിനിമയുടെ സാങ്കേതിക വശമടക്കം ചില അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കണം. അല്ലാതെ ഒരു ധാരണയുമില്ലാതെ ഈ മേഖലയിലേക്കു വരരുത്. അതുപോലെ തന്നെ സാമ്പത്തികമായി ഇടപെടുമ്പോൾ സിനിമയുടെ തുടക്കം മുതൽ എല്ലാകാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം. ഒരിക്കലും ഫോൺ കോളിലൂടെയോ വിഡിയോ കോളിലൂടെയോ സിനിമ എടുക്കാൻ ശ്രമിക്കരുതെന്നാണ് സിനിമാ രംഗത്തേക്കു വരാനാഗ്രഹിക്കുന്ന പ്രവാസികളോട് എനിക്കു പറയാനുള്ളത്.
∙ ഫ്രോഡുകൾ കാരണം ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടവരുണ്ട്
പല പ്രവാസി മലയാളികളും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടു മാത്രമാണ് സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുന്നത്. എന്നാൽ പലതരത്തിലുള്ള ചൂഷണങ്ങളും പ്രതിസന്ധികളും അവർക്ക് നേരിടേണ്ടി വരാറുണ്ട്. സിനിമ നിർമിക്കാമെന്നു പറഞ്ഞ് കൂടെക്കൂടി ഒടുവിൽ പാതിവഴിയിൽ നിർത്തി പറ്റിച്ചു പോകുന്ന ആളുകളുണ്ട്. ഇത്തരം ഫ്രോഡുകൾ കാരണം ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടവരുണ്ട്. അസോസിയേഷനും ചേംബറും ഇടപെട്ട് ഇത്തരക്കാരെ കണ്ടെത്തി ഒറ്റപ്പെടുത്തുകയും നടപടിയെടുക്കുകയും വേണം. മറ്റൊരു കാര്യം ഇവിടുത്തെ ചേംബർ അല്ലെങ്കിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനകൾക്ക് ഒരു എൻആർഐ സെൽ ഉണ്ടാകണം. പ്രവാസികളായ സിനിമാ സംരംഭകർ നിക്ഷേപം നടത്താൻ വരുമ്പോൾ ശരിയായ നിർദേശങ്ങൾ നൽകാനും കൃത്യമായി മുന്നോട്ടു പോകാനും സഹായിക്കുന്ന രീതിയിൽ ഒരു സെല്ലുണ്ടെങ്കിൽ പ്രവാസികൾക്ക് ധൈര്യമായി ഇറങ്ങിത്തിരിക്കാൻ കഴിയും.
∙ ചോദിക്കുന്ന പ്രതിഫലം കൊടുക്കേണ്ടി വരുന്നു
താരങ്ങളുടെ പ്രതിഫലം വർധിച്ചു വരുന്നത് നിർമാതാക്കളെ കുഴപ്പത്തിലാക്കുന്നുണ്ട്. പ്രൊഡ്യൂസർമാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള പ്രതിഫലമാണ് ചില താരങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശക്തമായ ചില നീക്കങ്ങൾ നടത്തിയത് അഭിനന്ദനാർഹമാണ്. അഭിനേതാക്കൾ ചോദിക്കുന്ന പ്രതിഫലം കൊടുക്കാൻ നിർമാതാക്കൾ നിർബന്ധിതരാകുകയാണ്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. അഭിനേതാക്കളുടെ പ്രതിഫലം നിശ്ചയിക്കാൻ കൃത്യമായ ഒരു സംവിധാനം നിലവിൽ വരേണ്ടതുണ്ട്. മുൻനിര താരങ്ങൾ ഇല്ലാതെതന്നെ ഒരു സിനിമ നിർമിക്കണമെങ്കിൽ കുറഞ്ഞത് 4 കോടിയെങ്കിലും ചിലവാകും. സിനിമ നിർമാതാക്കളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. കാരണം നികുതി ഇനത്തിൽ സർക്കാർ വലിയൊരു ശതമാനം തുക സിനിമയിൽ നിന്നും ഈടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമ മേഖലയെ സഹായിക്കാൻ ഗ്രാന്റോ സബ്സിഡിയോ നൽകാൻ സർക്കാർ തയാറാകണം.
∙ തുല്യവേതനം ന്യായമാണ്, പക്ഷേ പ്രാക്ടിക്കലല്ല
തെലുങ്ക് അഭിനേത്രി സമാന്ത നിർമിക്കുന്ന ചിത്രത്തിൽ നായകനും നായികയ്ക്കും തുല്യവേതനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനത്തെ അഭിനന്ദിക്കുന്നു. തുല്യവേതനം ന്യായമായ കാര്യമാണ് പക്ഷേ പ്രാക്ടിക്കലല്ല. കാരണം എപ്പോഴും ഹീറോയെ ആശ്രയിച്ചാണ് സിനിമ പോകുന്നത്. ഹീറോയെ വച്ചാണ് നമ്മൾ സിനിമ മാർക്കറ്റ് ചെയ്യുന്നതും. മാർക്കറ്റിങ്ങ് വാല്യൂ ഉള്ളവരെ വച്ചല്ലേ മർക്കറ്റ് ചെയ്യാൻ പറ്റൂ. നായികമാരെ കേന്ദ്രീകരിച്ചു വരുന്ന സിനിമകൾ വളരെ കുറവാണ്. അതുകൊണ്ട് അതൊന്നും ഫോളോ ചെയ്യാനും എളുപ്പമല്ല. സോഷ്യൽ മീഡിയയുടെ വളർച്ചയും മറ്റും സിനിമയുടെ മാർക്കറ്റ് കുറയ്ക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആദ്യമൊക്കെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ തിയേറ്ററിൽ വിജയിക്കുന്ന പടങ്ങൾ മാത്രമാണ് ഒടിടിയിലും എടുക്കുകയുള്ളു. അങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നല്ല സിനിമകളും ധാരാളമുണ്ട്. സംഘടനകളുടെ ഇടപെടൽ ഇക്കാര്യങ്ങളിലും അനിവാര്യമാണ്.