സ്തനാർബുദ രോഗപ്രതിരോധത്തിലെ പ്രധാന വെല്ലുവിളി; നേരത്തേ കണ്ടെത്താൻ ചെയ്യേണ്ടത്

Mail This Article
സ്തനാർബുദ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രാരംഭ ദിശയിൽ രോഗം കണ്ടെത്തുക എന്നതാണ്. ഒരാൾ സ്തനങ്ങളിൽ മുഴ കണ്ടെത്തുന്നു എന്ന് വിചാരിക്കുക. ആ മുഴ വിശദമായി വിശകലനം ചെയ്ത് രോഗനിർണയം നടത്തുന്നത് മാമോഗ്രാം വഴിയാണ്.
ഇനി മറ്റൊരാൾക്ക് സ്തനങ്ങളിൽ മുഴയൊന്നുമില്ല എന്ന് വിചാരിക്കുക. അങ്ങനെ ഒരാൾക്ക് സ്തനാർബുദത്തിന്റേതായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്നറിയാൻ നടത്തുന്ന ടെസ്റ്റാണ് സ്ക്രീനിങ്ങ് മാമോഗ്രാം. രോഗിക്ക് മുഴകൾ തിരിച്ചറിയാൻ കഴിയുന്നതിനു മുൻപേ രോഗനിർണയം നടത്താൻ തക്കവിധം കൃത്യതയാർന്നതാണ് ആധുനിക കാലത്തെ മാമോഗ്രാം മെഷീനുകൾ.
പ്രാരംഭ ദിശയിൽ കണ്ടെത്തിയാൽ പൂർണ സൗഖ്യ സാധ്യത മാത്രമല്ല, സ്തനം നില നിർത്തിയുള്ള ഓപ്പറേഷനുള്ള സാധ്യതയും വർധിക്കുന്നു.
മാമോഗ്രാം ചെയ്യുന്നതു മൂലം സ്തനാർബുദം ഉണ്ടാകുന്നു എന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണ്. അത്യാധുനിക മാമോഗ്രാം തെല്ലും വേദന ഉളവാക്കുന്ന ഒരു ടെസ്റ്റ് അല്ല. പഴയ കാല മെഷീനിൽ ഇത് തീർച്ചയായും ഒരു പ്രശ്നം തന്നെ ആയിരുന്നു.
35-40 വയസ്സിൽ താഴെയുള്ളവരിൽ അൾട്രാ സൗണ്ട് ആണ് നടത്തുക. മാമോഗ്രാം അവലോകനം ഈ പ്രായക്കാരിൽ വളരെ ബുദ്ധിമുട്ടാണ്.
മാമോഗ്രാം ചെയ്യുമ്പോൾ കാണുന്ന ചില കാത്സ്യം നിക്ഷേപങ്ങൾ ചിലപ്പോൾ കാൻസർ സൂചിപ്പിച്ചേക്കാം. എന്നാൽ പഴയ കാല മെഷീനുകളിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
3D മാമോഗ്രാം മെഷീൻ ആണ് സ്തനങ്ങളുടെ പരിശോധനക്ക് ഏറ്റവും നല്ലത്. മാമോഗ്രാം ഒറ്റത്തവണത്തെ പരിശോധന അല്ല. ഒന്നോ രണ്ടോ വർഷത്തെ ഉറപ്പേ ഒരു തവണത്തെ മാമോഗ്രാം കൊണ്ട് നൽകാനാവൂ. എത്ര അടുപ്പിച്ച് പരിശോധന ആവർത്തിക്കണമെന്നത് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.
മാറിയ സാഹചര്യങ്ങളിൽ സ്തനാർബുദം എന്നത് ഒരു യാഥാർത്ഥ്യം ആണ്. തടയാൻ കഴിഞ്ഞില്ല എങ്കിൽ ആരംഭത്തിൽ കണ്ടെത്താൻ എങ്കിലും നമുക്ക് സാധിക്കണം.
English Summary : Breast cancer treatment