അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ ; എടുക്കാം ഈ മുന്‍കരുതലുകള്‍
Mail This Article
അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച പലപ്പോഴും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. അര്‍ബുദം പുരോഗമിക്കുമ്പോൾ മാത്രമാണ് പലരും പരിശോധനയ്ക്ക് തന്നെ എത്തുക. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ.
അണ്ഡാശയ അര്‍ബുദത്തിന്‍റെ മുന്നറിയിപ്പെന്ന നിലയില്‍ ശരീരം നല്‍കുന്ന മൂന്ന് സുപ്രധാന സൂചനകള്‍ ഇനി പറയുന്നവയാണ്.
1. വയറില്‍ ഗ്യാസ്
ദഹനപ്രശ്നങ്ങള്‍ മുതല്‍ പലവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റില്‍ ഗ്യാസ് രൂപപ്പെടാം. ഇതിനാല്‍ തന്നെ വയറ്റിലെ ഉരുണ്ട് കയറ്റവും വയര്‍വീര്‍ത്തിരിക്കലുമൊന്നും അണ്ഡാശയ അര്‍ബുദത്തിന്‍റെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല.
2. പുറംവേദന
എല്ലുകളുടെയോ പേശികളുടെയോ പരുക്കായി പുറം വേദന തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷേ, ഇത് അണ്ഡാശയ അര്‍ബുദം കൊണ്ടും ആകാമെന്നതിനാല്‍ നിരന്തരമായ പുറംവേദന ഉണ്ടാകുന്നവര്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം.
3. വയറിലെ പ്രശ്നങ്ങള്‍
ദിവസം എത്ര തവണ നിങ്ങള്‍ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നു എന്നത് നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ നല്‍കാം. മലബന്ധം, അതിസാരം എന്നിവ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളവയാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ അണ്ഡായശ അര്‍ബുദത്തിന്‍റെ സൂചനയാകാം.
അണ്ഡാശയ അര്‍ബുദത്തിന്‍റെ അപകടസാധ്യത കുറയ്ക്കാന്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാം
1. പ്രസവവും ഗര്‍ഭവുമൊക്കെ ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പാണ്. എന്നാല്‍ ഗര്‍ഭിണിയാകുന്നത് അണ്ഡാശയ അര്‍ബുദത്തിന്‍റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
2. ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗവും അണ്ഡാശയ അര്‍ബുദത്തിന്‍റെ സാധ്യത കുറയ്ക്കും.
3. നിരന്തരമായ വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിര്‍ത്തുന്നത് അണ്ഡാശയ അര്‍ബുദത്തിന്‍റേത് മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും.
4. അമിതവണ്ണം അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ തടി കുറച്ച് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കണം.
5. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.
Content Summary : Ovarian cancer: Top 3 silent signs that often go overlooked, tips to reduce risk