രക്ത ധമനികളിലെ ക്ലോട്ട് ആര്‍ക്കും ഏത് പ്രായത്തിലും വരാം: അപകട സാധ്യതകള്‍ ഇങ്ങനെ
Mail This Article
രക്തക്കുഴലുകളില്‍ ക്ലോട്ടുകള്‍ ഉണ്ടാകുന്ന രോഗാവസ്ഥയായ വെനസ് ത്രോംബോഎംബോളിസം ആര്‍ക്കും ഏത് പ്രായത്തിലും വരാവുന്നതാണ്. ഗുരുതര രോഗാവസ്ഥയ്ക്കും വൈകല്യത്തിനും മരണത്തിനും വരെ ഇത് കാരണമായെന്നു വരാം. എന്നാല്‍ നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ഈ രോഗം നിയന്ത്രിക്കാവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമാണ്.
രണ്ട് തരത്തിലുള്ള വെനസ് ത്രോംബോഎംബോളിസമാണ് ഉള്ളത്. ഒന്ന് ഡീപ് വെയ്ന്‍ ത്രോംബോസിസ്. അടുത്തത് പള്‍മനറി എംബോളിസം. കാലുകളിലെ പോലെ ആഴത്തിലുള്ള രക്തധമനികളില്‍ ഉണ്ടാകുന്ന ക്ലോട്ടാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. ക്ലോട്ടുകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തി ഇവിടേക്കുള്ള രക്തയോട്ടത്തെ തടയുന്ന അവസ്ഥയാണ് പള്‍മനറി എംബോളിസം.
അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ചില ഘടകങ്ങള്‍ ക്ലോട്ടിനുള്ള സാധ്യത വര്‍ധിപ്പിക്കും.
1. ഞരമ്പുകള്‍ക്കുള്ള പരുക്ക്
വീഴ്ചയിലോ മറ്റോ സംഭവിക്കുന്ന ഒടിവ് കൊണ്ടോ പേശികള്‍ക്ക് സംഭവിക്കുന്ന കടുത്ത ക്ഷതം മൂലമോ ചില ശസ്ത്രക്രിയകള്‍ മൂലമോ രക്തധമനികള്‍ക്ക് പരുക്ക് പറ്റി ക്ലോട്ടിലേക്ക് നയിക്കാം.
2. മന്ദഗതിയിലുള്ള രക്തയോട്ടം
ദീര്‍ഘനേരമുള്ള തുടര്‍ച്ചയായ ഇരിപ്പോ, കട്ടിലിലെ ദീര്‍ഘകാലമുള്ള കിടപ്പോ, പരിമിത ചലനങ്ങളോ, ശരീരം തളര്‍ന്ന് കിടക്കുന്ന രോഗാവസ്ഥയോ മൂലമെല്ലാം ക്ലോട്ട് രക്തക്കുഴലുകളില്‍ രൂപപ്പെടാം.
3. ഈസ്ട്രജന്‍ തോത് വര്‍ധിക്കുമ്പോൾ
ഗർഭ നിയന്ത്രണ മരുന്നുകളോ ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പിയോ ഗര്‍ഭമോ മൂലം ഇസ്ട്രജന്‍ തോതില്‍ ഉണ്ടാകുന്ന വര്‍ധനയും ക്ലോട്ടിലേക്ക് നയിക്കാം.
4. ചില മാറാ രോഗങ്ങള്‍
ഹൃദ്രോഗം, ശ്വാസകോശ രോഗം, അര്‍ബുദം, ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് തുടങ്ങിയ രോഗാവസ്ഥകള്‍ ഉള്ളവരില്‍ രക്തത്തില്‍ ക്ലോട്ട് ഉണ്ടാകാനുള്ള സാധ്യത അധികമാണ്.
5. പ്രായം
പ്രായം കൂടുംതോറും വെനമസ് ത്രോംബോഎംബോളിസത്തിനുള്ള സാധ്യതയും വര്‍ധിക്കും.
അമിതവണ്ണം, വെനസ് ത്രോംബോഎംബോളിസത്തിന്‍റെ കുടുംബചരിത്രം എന്നിങ്ങനെ രക്തത്തിലെ ക്ലോട്ടിനെ ബാധിക്കുന്ന വേറെയും ഘടകങ്ങളുണ്ട്.
നിയന്ത്രിക്കാന്‍ പിന്തുടരാം ഈ കാര്യങ്ങള്‍
∙ ശസ്ത്രക്രിയയെ തുടര്‍ന്നോ അസുഖങ്ങളോ പരുക്കോ മൂലമോ കട്ടിലില്‍ ദീര്‍ഘകാലം തുടരേണ്ടി വരുന്നവര്‍ ഇടയ്ക്ക് എഴുന്നേല്‍ക്കാനും ചലിക്കാനും കഴിയുന്നതും ശ്രമിക്കേണ്ടതാണ്.
∙ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കുക. ദീര്‍ഘദൂര യാത്രയിലൊക്കെ ഓരോ ഒന്നോ രണ്ടോ മണിക്കൂര്‍ കൂടുമ്പോൾ എഴുന്നേല്‍ക്കാനും നടക്കാനും ശ്രമിക്കണം
∙ ഇരുന്നു കൊണ്ടും കാലിന് ചെറുതായി വ്യായാമം നല്‍കാന്‍ ശ്രമിക്കേണ്ടതാണ്. കാലുയര്‍ത്തിയും ഉപ്പൂറ്റി നിലത്ത് നിന്നും ഉയര്‍ത്തിയും താഴ്ത്തിയുമൊക്കെ കാലിലേക്കുള്ള രക്തയോട്ടം സജീവമാക്കുക.
∙ ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക
∙ ദിവസവും വ്യായാമം ഉള്‍പ്പെടുത്തിയ സജീവ ജീവിതശൈലി പിന്തുടരുക.
Content Summary: Blood Clots Can Happen To Anybody At Any Age