വര്‍ക് ഫ്രം ഹോം എല്ലുകളെ ദുര്‍ബലമാക്കുമോ? വിദഗ്ധര്‍ പറയുന്നത്
Mail This Article
കോവിഡിനു ശേഷം തൊഴില്‍ സംസ്കാരം വര്‍ക് ഫ്രം ഹോമിലേക്കോ ഹൈബ്രിഡ് മോഡിലേക്കോ മാറിയിട്ടുണ്ട്. അതായത് ഒന്നുകില്‍ എല്ലാ ദിവസവും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം. ഇല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടിലും ഒന്നോ രണ്ടോ ദിവസം ഓഫീസിലും ചെന്ന് ജോലി ചെയ്യാം. യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാം, വീട്ടിലെ കാര്യങ്ങളൊക്കെ അത്യാവശ്യം നോക്കാം എന്നിങ്ങനെ പല ഗുണങ്ങളും ഈ പുതിയ രീതിക്ക് ഉണ്ടെങ്കിലും അതിന്‍റെ മറുവശവും ചര്‍ച്ചയാകുന്നുണ്ട്. പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയവരെ സംബന്ധിച്ച് ദീര്‍ഘനേരമുള്ള ഇരുപ്പാണ് ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് എല്ലുകളെ ദുര്‍ബലമാക്കാനുള്ള സാധ്യതകളെ കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പുകവലി ശരീരത്തിനുണ്ടാക്കുന്ന പ്രശ്നത്തിന് സമാനമായ ദോഷങ്ങള്‍ ദീര്‍ഘനേരമുള്ള ഇരുപ്പും ഉണ്ടാക്കാമെന്ന് ഷാലിമാര്‍ബാഗിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് യൂണിറ്റ് ഹെഡ് ഡോ. പുനീത് മിശ്ര ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഭാരം കൂടാനും നട്ടെല്ലുകള്‍ക്കും പുറത്തെ പേശികള്‍ക്കും കേട് വരുത്താനും സാധ്യതയുണ്ട്. കാലുകളിലെ രക്തക്കുഴലുകളില്‍ ക്ലോട്ടിങ്ങിന് ഇടയാക്കുന്ന ഡീപ് വെനസ് ത്രോംബോസിസിനും ദീര്‍ഘനേരമുള്ള ഇരുപ്പ് കാരണമാകാം. കാലിലെ ക്ലോട്ടുകള്‍ ശ്വാസകോശത്തിലേക്ക് നീങ്ങി ജീവനുതന്നെ അപകടം വരുത്തുന്ന പള്‍മനറി എംബോളിസത്തിനും വര്‍ക്ക് ഫ്രം ഹോമിലെ ദീര്‍ഘനേരത്തെ ഇരുപ്പ് കാരണമാകാമെന്ന് ഡോ. മിശ്ര കൂട്ടിച്ചേര്‍ത്തു.
പുറം വേദന, കഴുത്ത് വേദന, പേശികളുടെ ശോഷണം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുറത്തേക്ക് അധികം ഇറങ്ങാതിരിക്കുന്നത് സൂര്യപ്രകാശം ആവശ്യത്തിന് ഏല്‍ക്കാതിരിക്കാന്‍ കാരണമാകുന്നു. ഇത് കാല്‍സ്യം ആഗീരണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വൈറ്റമിന്‍ ഡിയുടെ അഭാവവും ശരീരത്തില്‍ ഉണ്ടാക്കാം. നട്ടെല്ലിന് ആവശ്യത്തിന് സപ്പോര്‍ട്ട് കൊടുക്കാത്ത കസേരകളില്‍ ഇരുന്നാണ് വര്‍ക് ഫ്രം ഹോം ചെയ്യുന്നതെങ്കില്‍ ഡിസ്ക് പ്രശ്നവും നട്ടെല്ലിന്‍റെ വിന്യാസത്തില്‍ പ്രശ്നവുമൊക്കെ അനുഭവപ്പെടാമെന്നും ഡോ. മിശ്ര അഭിപ്രായപ്പെടുന്നു.
എല്ലുകളുടെ സാന്ദ്രത കുറയാനും ദീര്‍ഘനേരത്തെ ഇരുപ്പ് കാരണമാകാം. ഇത് ഓസ്റ്റിയോപോറോസിസ് പോലുള്ളവയുടെ സാധ്യതയും വര്‍ധിപ്പിക്കും. പേശികളിലേക്കും സന്ധികളിലേക്കുമുള്ള രക്തയോട്ടം കുറയാനും ചിലതരം ഇരുപ്പുകള്‍ കാരണമായേക്കാം. സന്ധികള്‍ക്ക് ചുറ്റുമുള്ള ലിഗമെന്‍റുകള്‍, ടെന്‍ഡനുകള്‍ എന്നിവയില്‍ നീര്‍ക്കെട്ട്, അണുബാധ എന്നിവയിലേക്കും വര്‍ക് ഫ്രം ഹോം നയിക്കാം. അധികം ശരീരം അനങ്ങാതെയുള്ള അലസമായ ജീവിതശൈലി ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കാമെന്ന് ഡോ. മിശ്ര അടിവരയിടുന്നു.
വര്‍ക് ഫ്രം ഹോം ഇന്നത്തെ തൊഴില്‍ രീതിയുടെ ഭാഗമായതിനാല്‍ ദീര്‍ഘനേരത്തെ ഇരുപ്പ് ഉണ്ടാക്കുന്ന ആഘാതത്തെ മറികടക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്. നിത്യവും 30 മുതല്‍ 45 മിനിറ്റ് വ്യായാമം, 20 മിനിട്ടത്തെ ഇരുപ്പിന് ശേഷം എഴുന്നേറ്റുള്ള നടപ്പ്, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ എന്നിവ സഹായകമാണ്. കട്ടിലുകളില്‍ ലാപ്ടോപ് മടിയില്‍ വച്ചു കൊണ്ടുള്ള ഇരുപ്പും ഒഴിവാക്കണം. പുറത്തിന് നല്ല സപ്പോര്‍ട്ട് കിട്ടുന്ന രീതിയുള്ള കസേരകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Content Summary: The Hidden Health Risks of Working from Home: How Prolonged Sitting Can Damage Bones and Muscles