വിശ്രമിക്കുമ്പോഴുള്ള ഹൃദയമിടിപ്പ് ഹൃദയാരോഗ്യത്തെ പറ്റി നിര്‍ണ്ണായക സൂചന നല്‍കും
Mail This Article
കുറഞ്ഞത് അഞ്ച് ലീറ്റര്‍ രക്തം പമ്പ് ചെയ്യാനായി മിനിട്ടില്‍ ഹൃദയം എത്ര തവണ മിടിക്കേണ്ടി വരുന്നു എന്നതിന്റെ കണക്കാണ് ഹൃദയമിടിപ്പ്. വിശ്രമാവസ്ഥയിലുള്ള ഹൃദയമിടിപ്പ് ആരോഗ്യത്തെയും ഫിറ്റ്‌നസിനെയും ശാരീരിക ക്ഷമതയെയും കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കും.
60 മുതല്‍ 70 വരെയാണ് സാധാരണ തോതിലുള്ള ഹൃദയമിടിപ്പ്. കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഇത് അല്‍പ്പം കൂടുതലായിരിക്കും. നവജാതശിശുക്കള്‍ക്ക് 70 മുതല്‍ 190 വരെയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ളവര്‍ക്ക് 80 മുതല്‍ 160 വരെയും ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 80 മുതല്‍ 130 വരെയും മൂന്ന് മുതല്‍ നാല് വയസ്സ് വരെയുള്ളവര്‍ക്ക് 80 മുതല്‍ 120 വരെയും അഞ്ച് മുതല്‍ ആറ് വയസ്സ് വരെയുള്ളഴര്‍ക്ക് 75 മുതല്‍ 115 വരെയും ഏഴ് മുതല്‍ ഒന്‍പത് വയസ്സ് വരെയുള്ളവര്‍ക്ക് 70 മുതല്‍ 110 വരെയും പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 60 മുതല്‍ 100 വരെയുമാണ് സാധാരണ ഹൃദയമിടിപ്പിന്റെ നിരക്ക്.
മുതിര്‍ന്നവരില്‍ രക്തം പമ്പ് ചെയ്യാന്‍ വേണ്ടി ഹൃദയം മിനിട്ടില്‍ 100ന് മുകളില്‍ മിടിക്കേണ്ടി വന്നാല്‍ ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്റെ സൂചനയാണ്. ഉയര്‍ന്ന ഹൃദയമിടിപ്പ് കുറഞ്ഞ ശാരീരിക ക്ഷമത, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന ശരീരഭാരം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രായം, സമ്മര്‍ദ്ദം, ഉത്‌കണ്‌ഠ, ഹോര്‍മോണ്‍ സന്തുലനം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയമിടിപ്പിനെ സ്വാധീനിക്കാം. ബീറ്റ ബ്ലോക്കറുകള്‍ പോലുള്ള ചില മരുന്നുകള്‍ ഹൃദയമിടിപ്പ് കുറയ്‌ക്കുകയും തൈറോയ്‌ഡ് മരുന്നുകള്‍ ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യാം.
നല്ല പരിശീലനം ലഭിച്ച അത്‌ലറ്റുകള്‍ക്ക് ഹൃദയമിടിപ്പ് മിനിട്ടില്‍ 40 വരെ വരാറുണ്ട്. ഇത് അവരുടെ ഹൃദയം മികച്ച രീതിയില്‍ രക്തം പമ്പ് ചെയ്യുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ അത്‌ലറ്റുകളെ പോലെ സജീവമല്ലാത്തവരില്‍ ഹൃദയമിടിപ്പ് 40ലേക്ക് താഴ്‌ന്നാല്‍ അത് ഭയക്കേണ്ട സംഗതിയാണ്.
ഹൃദയമിടിപ്പ് സ്ഥിരമായി 100ന് മുകളില്‍ നില്‍ക്കുന്ന അവസ്ഥയ്‌ക്ക് ടാകികാര്‍ഡിയ എന്ന് പറയുന്നു. ചികിത്സിക്കാതെ വിട്ടാല്‍ ഇത് ഹൃദയത്തില്‍ ബ്ലോക്കുകള്‍, ഹൃദയസ്‌തംഭനം, ഇടയ്‌ക്കിടെയുള്ള ബോധക്ഷയം, പെട്ടെന്ന് കുഴഞ്ഞ് വീണുള്ള മരണം എന്നിവയിലേക്ക് നയിക്കാം. ക്ഷീണം, തലകറക്കം എന്നിവയും ഇതിന്റെ ലക്ഷണമാണ്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം പരിശോധനകളിലൂടെ ഇത് കണ്ടെത്താം. നിത്യവുമുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
നെഞ്ചുവേദന മാത്രമല്ല ഹൃദ്രോഗത്തിന്റെ ലക്ഷണം: വിഡിയോ