ADVERTISEMENT

നവംബർ 19 ലോക പുരുഷ ദിനമാണ്. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ മാനസികാരോഗ്യം ഇന്ന് ഗൗരവമായ ചർച്ചാ വിഷയമാണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പത്തിൽ രണ്ട് പുരുഷന്മാരെങ്കിലും ജീവിതത്തിൽ ഗുരുതരമായ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇതിൽ നാൽപത് ശതമാനം പേർ മാത്രമാണ് ചികിത്സ തേടുന്നതെന്നത് ആശങ്കാജനകമായ കാര്യമാണ്.

പുരുഷന്മാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് പലപ്പോഴും ആരും അധികം ശ്രദ്ധാലുക്കളല്ല എന്നതൊരു വസ്തുതയാണ്. നമ്മുടെ സമൂഹത്തിൽ പുരുഷന്മാർ പലപ്പോഴും അവരുടെ മനസ്സിലെ വിഷമങ്ങൾ ആരോടും പങ്കുവയ്ക്കാറില്ല. 'പുരുഷന്മാർ കരയരുത്', 'എല്ലാം ഒറ്റയ്ക്ക് നേരിടണം' തുടങ്ങിയ വാക്കുകൾ അവരുടെ മനസ്സിൽ പതിഞ്ഞു പോയി. അത് അവരെ വല്ലാതെ ബാധിക്കുന്നു എന്നതാണ് സത്യം.

കേരളത്തിലെ കണക്കുകൾ നോക്കിയാൽ, ആത്മഹത്യ ചെയ്യുന്നവരിൽ 76% പേരും പുരുഷന്മാരാണ്. പക്ഷേ മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിൽ പുരുഷന്മാരുടെ എണ്ണമാകട്ടെ വളരെ കുറവും.

പുരുഷന്മാർ നേരിടുന്ന പ്രധാന മാനസിക പ്രശ്നങ്ങൾ
നിരന്തരമായ ഉത്കണ്ഠ, വിഷാദരോഗം, ഉറക്കമില്ലായ്മ, ജോലിയിലും വ്യക്തിബന്ധങ്ങളിലും താൽപ്പര്യക്കുറവ്, അമിതമായ ദേഷ്യവും നിരാശയും തുടങ്ങിയവയാണ് പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന മാനസിക പ്രശ്നങ്ങൾ. സാമ്പത്തിക സമ്മർദ്ദം, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, കുടുംബ ഉത്തരവാദിത്തങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, സാമൂഹിക അംഗീകാരത്തിനുള്ള സമ്മർദ്ദം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.

Representative image. Photo Credit:PeopleImages/istockphoto.com
Representative image. Photo Credit:PeopleImages/istockphoto.com

വിഷാദരോഗം പുരുഷന്മാരിൽ വ്യത്യസ്തമായാണ് കാണപ്പെടുന്നത്. അവർ അമിതമായി ദേഷ്യപ്പെടും, ജോലിയിൽ ഒട്ടും താൽപര്യം കാണിക്കാതിരിക്കുക, എപ്പോഴും ഒറ്റയ്ക്കായിരിക്കാൻ  ആഗ്രഹിക്കുക.

പലരും മദ്യത്തിലും മറ്റു ലഹരി വസ്തുക്കളിലും ആശ്വാസം തേടുക. ഇത് പിന്നീട് പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ, നിരന്തരമായ ആശങ്ക, തലവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങളിൽ പ്രധാനം

എന്തുകൊണ്ട് പുരുഷന്മാർ സഹായം തേടുന്നില്ല?
∙മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി
∙ജോലിയിൽ പ്രശ്നമുണ്ടാകും എന്ന ആശങ്ക
∙ദുർബലത കാണിക്കുന്നു എന്ന തോന്നൽ
∙എങ്ങനെ സഹായം തേടണം എന്നറിയാത്തത്

എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ട്. വികാരങ്ങൾ വിശ്വസ്തരായ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മാനസികാരോഗ്യ വിദഗ്ധരോടും തുറന്നു പറയാം. നിയമിത വ്യായാമം, ശരിയായ ഭക്ഷണക്രമം, മതിയായ വിശ്രമം, പുതിയ ഹോബികൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാം.

മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ
വ്യായാമം ചെയ്യുക. നടക്കുക, യോഗ ചെയ്യുക, കായിക വിനോദങ്ങളിൽ ഏർപ്പെടുക. ഇതെല്ലാം മനസ്സിന് വലിയ ആശ്വാസം നൽകും.

സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുക. പുതിയ ഹോബികൾ കണ്ടെത്തുക. വായന, സംഗീതം, കലാപരമായ പ്രവർത്തനങ്ങൾ എന്നിവ നല്ലതാണ്.

സഹായം എങ്ങനെ തേടാം
വിഷമം തോന്നുമ്പോൾ വിശ്വസ്തരായ ആരോടെങ്കിലും സംസാരിക്കുക. അത് കുടുംബാംഗമോ സുഹൃത്തോ ആകാം. മാനസികാരോഗ്യ വിദഗ്ധരെ കാണുന്നത് നല്ലതാണ്. ഇന്ന് പല ആശുപത്രികളിലും നല്ല കൗൺസിലർമാരുണ്ട്. ഓൺലൈൻ കൗൺസിലിംഗും ലഭ്യമാണ്.

സുഹൃത്തുക്കളെ സഹായിക്കാൻ
നിങ്ങളുടെ സുഹൃത്തിന് വിഷമം ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ:
∙ശ്രദ്ധയോടെ കേൾക്കുക
∙വിമർശിക്കാതിരിക്കുക
∙ഒപ്പം നിൽക്കുക
∙സഹായം തേടാൻ പ്രോത്സാഹിപ്പിക്കുക

പുരുഷന്മാരുടെ മാനസികാരോഗ്യം ഒരു വ്യക്തിഗത പ്രശ്നം മാത്രമല്ല, സാമൂഹിക പ്രതിബദ്ധത ആവശ്യമുള്ള ഒരു പൊതു ആരോഗ്യ പ്രശ്നമാണ്.

Representative image. Photo Credit: yacobchuk-istockphoto.com
Representative image. Photo Credit: yacobchuk-istockphoto.com

മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക, കൗൺസലിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുക, ഗ്രൂപ്പ് തെറാപ്പി സെഷനുകളിൽ പങ്കെടുക്കുക തുടങ്ങിയ പ്രൊഫഷണൽ സഹായങ്ങൾ തേടാം. സമൂഹമെന്ന നിലയിൽ നമുക്ക് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാം, പുരുഷന്മാരുടെ വികാരങ്ങളെ അംഗീകരിക്കാം, സഹായം തേടുന്നതിനെ പ്രോത്സാഹിപ്പിക്കാം.

ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം, സഹായം തേടുന്നത് ദൗർബല്യമല്ല, മറിച്ച് നിങ്ങളുടെ ആരോഗ്യത്തോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്തമാണ്. നേരത്തെ സഹായം തേടുന്നത് കൂടുതൽ ഫലപ്രദമായ ചികിത്സയ്ക്ക് വഴിയൊരുക്കും. കുടുംബത്തിലും തൊഴിലിടങ്ങളിലും സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

(ലേഖകൻ ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ ആണ്)

English Summary:

International Men's Day: Why Men's Mental Health Matters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com